സമ്പത്തിന്റെ കോര്‍പറേറ്റ് കേന്ദ്രീകരണം രാജ്യത്ത് സാമ്പത്തീക അസമത്വം സൃഷ്ടിക്കുന്നു: സത്യന്‍ മൊകേരി
ദമ്മാം: ഇന്ത്യയിലെ പൊതുസമ്പത്തിന്റെ കോര്‍പറേറ്റ് കേന്ദ്രീകരണം, രാജ്യത്ത് വന്‍തോതില്‍ സാമ്പത്തീക അസമത്വം സൃഷ്ടിക്കുന്നുവെന്ന് സി പി ഐ ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ എംഎല്‍എയുമായ സത്യന്‍ മൊകേരി അഭിപ്രായപ്പെട്ടു. നവയുഗം സാംസ്‌കാരിക വേദി ഏഴാമത് കേന്ദ്ര സമ്മേളനം ദമ്മാമിലെ റോസ് ഓഡിറ്റോറിയത്തിലെ കാനം രാജേന്ദ്രന്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സമ്പത്തിന്റെ ബഹുഭൂരിപക്ഷവും കൈകാര്യം ചെയ്യുന്നത് ഒരു ശതമാനത്തോളം മാത്രം വരുന്ന കോര്‍പറേറ്റ്കള്‍ ആണ്. കോര്‍പറേറ്റ്കള്‍ക്ക് വേണ്ടി രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പത്രമുത്തശ്ശിമാരേ പോലും വിലക്കെടുത്ത് വാര്‍ത്തകള്‍ തങ്ങള്‍ക്കു അനുകൂലമാക്കുകയാണ് കോര്‍പറേറ്റ്കള്‍ ചെയ്യുന്നത്. ഭക്ഷ്യ മേഖലയിലടക്കം കടന്നുവരുന്ന മള്‍ട്ടിനാഷണല്‍ കമ്പനികളുടെ വരവ് കര്‍ഷകരുടെ ജീവിതം ദുരിതപൂര്ണമാക്കുന്നു. രാജ്യത്ത് മതപരമായ ചേരിതിരിവ് കൂടിവരുന്നു. സംഘപരിവാര്‍-കോര്‍പ്പറേറ്റ് സഖ്യത്തിന്റെ താത്പര്യങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ജനങ്ങളെ അണിനിരത്തി എതിര്‍ത്തു തോല്‍പ്പിക്കേണ്ടത് മതേതര ജനകീയ സംഘടനകളുടെ ഉത്തരവാദിത്വം ആണ് എന്ന് സത്യന്‍ മൊകേരി അഭിപ്രായപ്പെട്ടു.
അതോടൊപ്പം കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് 43000 കോടി രൂപയിലധികം ക്ഷേമപെന്‍ഷനുകള്‍ ആയി നല്‍കുകയും, പ്രവാസികളുടെ ഉന്നമനത്തിനു ഉള്‍പ്പെടെ സമഗ്ര മേഖലയിലും പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്ത കേരളത്തിലെ ഇടതു സര്‍ക്കാരിനെ പിന്തുണയ്ക്കേണ്ടത് പ്രവാസികളുടെ കടമയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജമാല്‍ വില്യാപ്പിള്ളി, പ്രിജി കൊല്ലം, ലത്തിഫ് മൈനാഗപ്പിള്ളി എന്നിവരടങ്ങിയ പ്രസീഡിയം അധ്യക്ഷത വഹിച്ച കേന്ദ്ര സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്ഷധികാരി ഷാജി മതിലകം നവയുഗം ക്യാമ്പായിനുകള്‍ വിശദീകരിച്ചു.
ഉണ്ണി മാധവം രക്തസാക്ഷി പ്രമേയവും, ബിജു വര്‍ക്കി അനുശോചന പ്രേമേയവും അവതരിപ്പിച്ചു. നവയുഗം കലാവേദി ഗായകസംഘം നവയുഗം അവതരണഗാനം ആലപിച്ചു.
അരുണ്‍ ചാത്തന്നൂര്‍ കണ്‍വീനറും, ജോസ് കടമ്പനാട്, ഹുസൈന്‍ നിലമേല്‍ എന്നിവര്‍ അംഗങ്ങള്‍ ആയ പ്രമേയ കമ്മിറ്റിയും, മഞ്ജു അശോക് കണ്‍വീനറും, മീനു അരുണ്‍, അഞ്ജുന ഫെബിന്‍, സുദീഷ് കുമാര്‍ എന്നിവര്‍ അംഗങ്ങള്‍ ആയ മിനുട്‌സ് കമ്മിറ്റിയും, സജീഷ് പാട്ടാഴി കണ്‍വീനറും, നന്ദകുമാര്‍, മുരളി പാലേരി എന്നിവര്‍ അംഗങ്ങള്‍ ആയ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും പ്രവര്‍ത്തിച്ചു.
പൊതുചര്‍ച്ചയില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ചു സജി അച്യുതന്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, മനോജ് , ഹുസൈന്‍ നിലമേല്‍, മുരളി പാലേരി, എബിന്‍ ബേബി, റബീഷ്, ഹാനി ജമാല്‍, മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുത്തു. വിവിധ പ്രവാസി വിഷയങ്ങളില്‍ പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിയ്ക്കപ്പെട്ടു.
സാജന്‍ കണിയാപുരം, ദാസന്‍ രാഘവന്‍, ഷിബു കുമാര്‍, ശരണ്യ ഷിബു എന്നിവരുള്‍പ്പെട്ട സ്റ്റീയറിങ് കമ്മിറ്റി സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സമ്മേളനത്തിന് സ്വാഗതസംഘം ചെയര്‍മാന്‍ ഗോപകുമാര്‍ സ്വാഗതവും, കണ്‍വീനര്‍ ബിനുകുഞ്ഞു നന്ദിയും പറഞ്ഞു.നാല്പത്തിഅഞ്ചു അംഗങ്ങള്‍ അടങ്ങുന്ന പുതിയ കേന്ദ്രകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.