റിഥം - ട്യൂണ്‍സ് ഓഫ് ഇന്ത്യ': ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിന്റെ മധുരം പകര്‍ന്ന് കെ.എസ്. ചിത്രയുടെ മെഗാ ഷോ

Update: 2025-12-09 14:33 GMT

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക് കലയുടെയും സംഗീതത്തിന്റെയും വിരുന്നൊരുക്കി പത്മശ്രീ കെ.എസ്. ചിത്ര നയിച്ച 'റിഥം - ട്യൂണ്‍സ് ഓഫ് ഇന്ത്യ-2025' മെഗാ ഷോ വിജയകരമായി അരങ്ങേറി.

ദമ്മാം ലൈഫ് പാര്‍ക്കില്‍ വെള്ളിയാഴ്ച വൈകുന്നേരം അരങ്ങേറിയ പരിപാടിക്ക് ആയിരക്കണക്കിന് സംഗീതപ്രേമികളാണ് സാക്ഷ്യം വഹിച്ചത്.നവയുഗം സാംസ്‌ക്കാരികവേദി, ഇആര്‍ ഇവന്റ്സുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ പരിപാടി, സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് നടത്തിയത്.

കെ.എസ്. ചിത്രയും സംഘവും ആദ്യമായാണ് ദമ്മാമില്‍ ഒരു സമ്പൂര്‍ണ്ണ സംഗീത പരിപാടി അവതരിപ്പിക്കുന്നത് എന്ന പ്രത്യേകത ഈ ഷോയെ ശ്രദ്ധേയമാക്കി. ഇത് പ്രവാസികള്‍ക്കിടയില്‍ വലിയ ആവേശമുണര്‍ത്തിയിരുന്നു. പരിപാടിക്ക് മുന്നോടിയായി ദമ്മാം വിമാനത്താവളത്തില്‍ ചിത്രയ്ക്കും ടീമിനും ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.

കിഴക്കന്‍ പ്രവിശ്യയിലെ മികച്ച നര്‍ത്തകര്‍ അണിനിരന്ന നൃത്തപരിപാടികളോടെയാണ് മെഗാ ഷോ ആരംഭിച്ചത്. വൈകുന്നേരം ആരംഭിച്ച സംഗീത നിശ, രാത്രി ഏറെ വൈകിയും നീണ്ടുനിന്നു.

പ്രവാസി മലയാളികളുടെ സാംസ്‌കാരിക ഐക്യം വ്യക്തമാക്കി, സംഗീതത്തിലൂടെ ഇന്ത്യയുടെ വൈവിദ്ധ്യമാര്‍ന്ന താളങ്ങള്‍ ഒരു വേദിയിലേക്ക് കൊണ്ടുവന്നത് ഈ പരിപാടിയുടെ പ്രത്യേകതയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളിലെ അനശ്വര ഗാനങ്ങള്‍ ചിത്ര ആലപിച്ചപ്പോള്‍ തിങ്ങി നിറഞ്ഞ സദസ്സ് നിറഞ്ഞ കരഘോഷത്തോടെഅവ ഏറ്റെടുത്തു. പതിറ്റാണ്ടുകളായി ഇന്ത്യന്‍ സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചിത്രയുടെ ശബ്ദമാധുര്യം നേരില്‍ ആസ്വദിക്കാന്‍ സാധിച്ചത് പ്രവാസികള്‍ക്ക് നവ്യാനുഭവമായി.

പിന്നണി ഗായകരായ അഫ്‌സല്‍, അനാമിക, ശ്രീരാഗ് ഭരതന്‍ എന്നിവരും, വളരെ മികച്ച വാദ്യോപകരണ കലാകാരന്മാരും ചിത്രയോടൊപ്പം വേദിയില്‍ അണിനിരന്നു. ഗാനങ്ങളുടെ തിരഞ്ഞെടുപ്പും, അവതരണ രീതിയും ഏറെ ശ്രദ്ധേയമായി. ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന പഴയ ഗാനങ്ങളും, പുതിയ തലമുറയുടെ ഇഷ്ടഗാനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംഗീതയാത്ര സദസ്സിനെ പിടിച്ചിരുത്തി.

വേദിയിലെ ആദ്യ സംഗീതസ്വരം ഉയര്‍ന്ന ക്ഷണം മുതല്‍, ഒരു പ്രത്യേക ഊര്‍ജ്ജം മുഴുവന്‍ അന്തരീക്ഷത്തിലും പരന്നു. ഓരോ ഗായകനും തന്റെ വ്യക്തിമുദ്രയോടെ അവതരിപ്പിച്ച പാട്ടുകള്‍, പ്രേക്ഷകരുടെ ഹൃദയത്തില്‍ വേറിട്ട താളം പകര്‍ന്നു.

കോവിഡിന് ശേഷമുള്ള കാലയളവില്‍ ദമ്മാമില്‍ നടന്ന ഏറ്റവും വലിയ ഇന്ത്യന്‍ സംഗീത പരിപാടികളിലൊന്നായിരുന്നു 'റിഥം - ട്യൂണ്‍സ് ഓഫ് ഇന്ത്യ'. നവയുഗം സാംസ്‌ക്കാരികവേദിയുടെയും, ഇആര്‍ ഇവന്റ്സിന്റെയും സംഘാടന മികവ് എടുത്തു പറയേണ്ട ഒന്നാണ്. വിപുലമായ പാര്‍ക്കിങ് സൗകര്യങ്ങളും, ഇരിപ്പിട ക്രമീകരണങ്ങളും, സുരക്ഷാ സംവിധാനങ്ങളും പരിപാടിയുടെ വിജയത്തിന് സഹായകമായി.

'റിഥം - ട്യൂണ്‍സ് ഓഫ് ഇന്ത്യ' അടുത്ത കാലത്തൊന്നും മറക്കാനാവാത്ത ഒരു സംഗീതാനുഭവമായി ദമ്മാമിലെ ആസ്വാദകരുടെ മനസ്സില്‍ ഇടംപിടിച്ചു.

സൗദി അറേബ്യയില്‍ വിനോദ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമായി ഇത്തരം വലിയ പരിപാടികള്‍ക്ക് ലഭിക്കുന്ന അനുമതി, പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നുണ്ട്.

കെ.എസ് ചിത്രയ്ക്ക് സൗദിയിലെ പ്രവാസലോകത്തിന്റെ ആദരവ്.

ചലച്ചിത്ര സംഗീതമേഖലയില്‍ നാലുപതിറ്റാണ്ടു പിന്നിട്ട പദ്മശ്രീ കെ.എസ് ചിത്രയെ ദമ്മാമിലെ പ്രവാസലോകം ആദരിക്കുന്ന ചടങ്ങുകളും 'റിഥം - ട്യൂണ്‍സ് ഓഫ് ഇന്ത്യ' വേദിയില്‍ അരങ്ങേറി. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍, കെ.എസ് .ചിത്രയെ പൊന്നാട അണിയിച്ചു ആദരിച്ചു. നവയുഗം ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് നവയുഗത്തിന്റെ സ്‌നേഹോപഹാരം കൈമാറി.

ഗായകരായ അഫ്‌സല്‍, അനാമിക എന്നിവര്‍ക്ക് സൗദി ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥരായ ആഷിഖ്, പുഷ്പരാജ് എന്നിവരും, ശ്രീരാഗ് ഭരതന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബിജുവര്‍ക്കിയും, അവതാരകയായ ഗിബിയയ്ക്ക് പ്രോഗ്രാം കോഡിനേറ്റര്‍ പ്രിജി കൊല്ലം, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ഷിബു എന്നിവരും നവയുഗത്തിന്റെ സ്‌നേഹോപഹാരങ്ങള്‍ സമ്മാനിച്ചു.

നവയുഗത്തിന്റെ ബിസ്‌നെസ്സ് എക്‌സലന്‍സ് അവാര്‍ഡ്, യൂണിവേഴ്‌സല്‍ ഇന്‍സ്പെക്ഷന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ബദറുദീന്‍ അബ്ദുള്‍ മജീദിനും, ബിസ്‌നെസ്സ് യൂത്ത് ഐക്കണ്‍ ഓഫ് ദി ഇയര്‍ 2025 അവാര്‍ഡ് സ്റ്റബിലെക്‌സ് കമ്പനി മാനേജിങ് ഡയറക്ടര്‍ റിയാസ് ഷംസുദ്ധീനും കെ.എസ്.ചിത്ര സമ്മാനിച്ചു.

ദമ്മാമിലെ വ്യവസായിയും ചലച്ചിത്രകാരനുമായ ജോളി ലോനപ്പന്‍, റിഥം പ്രോഗ്രാം ലീഗല്‍ കണ്‍സള്‍റ്റന്റ് അഫ്‌സല്‍, സ്പോണ്‍സര്‍മാര്‍ എന്നിവര്‍ക്കും നവയുഗത്തിന്റെ ആദരവ് മൊമെന്റോ കെ.എസ് ചിത്ര സമ്മാനിച്ചു.പ്രോഗ്രാമില്‍ പങ്കെടുത്ത വിവിധ കലാകാരന്മാര്‍ക്കും നവയുഗത്തിന്റെ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

'റിഥം - ട്യൂണ്‍സ് ഓഫ് ഇന്ത്യ' പ്രോഗ്രാമിന് നവയുഗം നേതാക്കളായ ദാസന്‍ രാഘവന്‍, ജമാല്‍ വില്യാപ്പള്ളി, ഷാജി മതിലകം, സാജന്‍ കണിയാപുരം, അരുണ്‍ ചാത്തന്നൂര്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ആര്‍ ഗോപകുമാര്‍, സജീഷ് പട്ടാഴി, നിസാം കൊല്ലം, ശരണ്യ ഷിബു, തമ്പാന്‍ നടരാജന്‍, മുഹമ്മദ് റിയാസ്, ജാബിര്‍ മുഹമ്മദ്, ബിനുകുഞ്ഞ്, മണിക്കുട്ടന്‍, ഷിബുകുമാര്‍, ഉണ്ണി മാധവം, സാബു വര്‍ക്കല, ഷാജി വടക്കാഞ്ചേരി, ബക്കര്‍ മൈനാഗപ്പള്ളി, രഞ്ജിത പ്രവീണ്‍, വിനീഷ്, മഞ്ജു അശോക്, സിയാദ് പള്ളിമുക്ക്, സുനില്‍ വലിയാട്ടില്‍, നന്ദകുമാര്‍, രാജന്‍ കായംകുളം, സുരേന്ദ്രന്‍, സഹീര്‍ഷ, മനോജ് ബി, ഷഫീഖ്, നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Similar News