രു പുതിയ സ്മാർട്ട് അപ്‌ഡേറ്റിന്റെ കാര്യം ആപ്പിൾ സ്ഥിരീകരിച്ചിരിക്കുന്നു. ആപ്പിൾ ഇന്റലിജൻസ് എന്ന് പേരിട്ടിരിക്കുന്ന ഈ അപ്‌ഡേറ്റ്, ഐഫോൺ, ഐപാഡ്, മാക് ഉൾപ്പടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്ന രീതി തന്നെ മാറ്റിക്കളയും എന്നാണ് കരുതപ്പെടുന്നത്.ഈ മെയിൽ സന്ദേശങ്ങൾ കൂടുതൽ സൗഹാർദ്ദപരവും, പ്രൊഫഷണലുമാക്കാൻ അവ റീറൈറ്റ് ചെയ്യാൻ ആപ്പിൾ ഇന്റലിജൻസിന് സാധിക്കും. അതുമാത്രമല്ല, പ്രധാനപ്പെട്ട സന്ദേശങ്ങൾ ആദ്യമാദ്യം കാണുവാനായി മുൻഗണന ക്രമം രൂപപ്പെടുത്താനും ഇതിനു കഴിയും.

എന്നാൽ, ഏറ്റവും പ്രധാന സവിശേഷത, നിങ്ങൾക്ക് വന്ന ഈമെയിൽ സന്ദേശങ്ങളുടെ സംക്ഷിപ്ത രൂപം ഇതിന് നിങ്ങൾക്ക് നൽകാൻ ആകും എന്നതാണ്. മാത്രമല്ല, നിങ്ങളുടെ ടെക്സ്റ്റിൽ ചേർക്കാൻ കഴിയുന്ന, ജെന്മോജി എന്ന് വിളിക്കുന്ന പുതിയ ഇമോജികളും ലഭ്യമാണ്. കാര്യങ്ങൾ എളുപ്പത്തിലും, പെട്ടെന്നും ചെയ്യാൻ സഹായിക്കുക വഴി ആപ്പിൾ ഇന്റലിജൻസിന് നിങ്ങളുടെ ഡിജിറ്റൽ ജീവിതം കൂടുതൽ സുഖകരമാക്കാൻ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഉദാഹരണത്തിന് നിങ്ങളുടെ ഒരു സുഹൃത്ത് നിങ്ങളുടെ നഗരം സന്ദർശിക്കാൻ എത്തുന്നു. അദ്ദേഹത്തിന്റെ വിമാന സമയവും മറ്റ് വിശദാംശങ്ങളുമായി നിങ്ങൾക്ക് ഒരു ഈമെയിൽ അയച്ചു എന്നിരിക്കട്ടെ. പുതിയ സിരി അസിസ്റ്റന്റിനോട്, ഏത് സമയത്താണ് സുഹൃത്ത് എത്തുന്നത് എന്ന് ചോദിച്ചാൽ, ഈമെയിൽ സന്ദേശത്തിലെ വിവരങ്ങൾ അപഗ്രഥിച്ച്, വിമാനത്തിന്റെ സമയം നിങ്ങളുടെ മുൻപിൽ പ്രദർശിപ്പിക്കും. ഇതാണ് ആപ്പിൾ ഇന്റലിജൻസിന്റെ സവിശേഷത.

ഇതിനു പുറമെ ഓഡിയോ റെക്കോർഡിംഗുകൾ എഡിറ്റ് ചെയ്യാവുന്ന ടെക്സ്റ്റുകളാക്കി ട്രാൻസ്‌ക്രൈബ് ചെയ്യാനും ഈ പുതിയ സംവിധാനത്തിനു കഴിയും. അതുപോലെ ഇമേജുകൾ വളരെ എളുപ്പം എഡിറ്റ് ചെയ്യാനും ആകും. അതുപോലെ,എന്താണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് എന്നത് ടൈപ്പ് ചെയ്ത്, അതിനനുസരിച്ച് പുതിയ ഇമേജ് നിർമ്മിക്കാനും കഴിയും. ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട ഡിജിറ്റൽ അനുഭവം നൽകുന്നതിനായി ചാറ്റ് ജി പി ടിയും ഇതിൽ ഏകോപിപ്പിച്ചിട്ടുണ്ട്.

എന്നാൽ, ഖേദകരമായ കാര്യം ഈ പുതിയ അപ്‌ഡേറ്റ് ആപ്പിളിന്റെ എല്ലാ മോഡലുകളിലും ലഭ്യമല്ല എന്നതാണ്. ഈ വർഷം ഐ ഒ എസ് 18 പുറത്തിറക്കുന്നതിനൊപ്പം പുറത്തിറക്കുന്ന പുതിയ അപ്‌ഡേറ്റ് പക്ഷെ ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നിവയിൽ മാത്രമെ ലഭ്യമാവുകയുള്ളു. സെപ്റ്റംബറിൽ പുറത്തിറക്കുമെന്ന് കരുതപ്പെടുന്ന ഐഫോൺ 16 ൽ ഇത് ഉണ്ടാകും. എന്നാൽ, ഐഫോൺ 15 ന് മുൻപുള്ള മോഡലുകളാണെങ്കിൽ, ഐഫോൺ ഇന്റലിജൻസ് അനുഭവം ആഗ്രഹിക്കുന്നുവെങ്കിൽ,. പുതിയ ഫോൺ വാങ്ങേണ്ടതായി വരും.