ചൊവ്വാഗ്രഹത്തില്‍ ഒരു കാലത്ത് ജീവന്‍ ഉണ്ടായിരുന്നു..! പവിഴപ്പുറ്റുകളുടെ ആകൃതിയിലുള്ള ഒരു പാറക്കല്ല് കണ്ടെത്തിയത് നാസയുടെ ക്യൂരിയോസിറ്റി റോവര്‍; ചൊവ്വയിലെ ജീവന്റെ അടയാളത്തെ കുറിച്ച് പുതിയ ചര്‍ച്ചകള്‍; വെള്ളം ഒഴുകിയ കാലത്ത് രൂപപ്പെട്ടതാകാമെന്ന നാസ
ചൊവ്വാഗ്രഹത്തില്‍ ഒരു കാലത്ത് ജീവന്‍ ഉണ്ടായിരുന്നു..!
ന്യൂയോര്‍ക്ക്: ചൊവ്വാഗ്രഹത്തില്‍ ഒരു കാലത്ത് ജീവികള്‍ ഉണ്ടായിരുന്നതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ കണ്ടെത്തല്‍. ചൊവ്വയുടെ ഉപരിതലത്തില്‍ പവിഴപ്പുറ്റുകളുടെ ആകൃതിയിലുള്ള ഒരു പാറക്കല്ല് കണ്ടെത്തിയത് നാസയുടെ ക്യൂരിയോസിറ്റി റോവര്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് ചൊവ്വയില്‍ ഒരു കാലത്ത് ഉണ്ടായിരുന്ന ജീവന്റെ അടയാളങ്ങളെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. കാഴ്ചയില്‍ ഈ പാറക്കല്ല് ഒരന്യഗ്രഹ ജിവിയെ പോലെയാണ് കാണപ്പെടുന്നത്.
കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ഉപരിതലത്തിലൂടെ വെള്ളം ഒഴുകിയപ്പോള്‍ ഇത് രൂപപ്പെട്ടിരിക്കാമെന്നാണ് നാസ വിശദീകരിക്കുന്നത്. ഇതൊരു വലിയ കണ്ടെത്തലാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പ്രതികരിക്കുന്നത്. ഒരു കാലത്ത് ഇവിടെ ജീവന്റെ അംശങ്ങള്‍ ഉണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പവിഴപ്പുറ്റുകള്‍ എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതൊരു മഹ്ത്തായ കണ്ടെത്തലാണ് എന്നും അവര്‍ വിലയിരുത്തുന്നു.
ചൊവ്വയിലെ ഫോസിലൈസ് ചെയ്ത ജീവജാലങ്ങളുടെ തെളിവുകള്‍ ഇതാണ് എന്നാണ് വിദഗ്ധരും പറയുന്നത്. ധാതുക്കളാല്‍ സമ്പുഷ്ടമായ വെള്ളം വളരെ പണ്ട് കാലത്ത് ചൊവ്വയിലെ പാറകളിലെ ചെറിയ വിള്ളലുകളിലേക്ക് ഒലിച്ചിറങ്ങിയെന്നും പിന്നീട് കോടിക്കണക്കിന് വര്‍ഷത്തെ കാറ്റും മണ്ണൊലിപ്പും കാരണം ഇപ്പോള്‍ കണ്ടെത്തിയ രീതിയില്‍ രൂപം കൊണ്ടു എന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.
കോടിക്കണക്കിന് വര്‍ഷത്തെ കാറ്റിന്റെ സ്വാധീനത്താല്‍ ഉണ്ടായ മണ്ണൊലിപ്പ് ക്രമേണ ചുറ്റുമുള്ള പാറകളെ ഇല്ലാതാക്കിയെന്നും ഇന്ന് കാണുന്ന രൂപങ്ങള്‍ ഇതിന് തെളിവാണെന്നും നാസയിലെ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് നാസ ഈ ചിത്രം പകര്‍ത്തിയത്. നാസയുടെ റോബോട്ട് ചൊവ്വയിലെ ഗെയില്‍ ക്രേറ്റര്‍ എന്ന മേഖലയാണ് ഇപ്പോള്‍ പര്യവേഷണം ചെയ്യുന്നത്.
തണുത്തുറഞ്ഞ ചൊവ്വാ ഗ്രഹത്തില്‍ ആരംഭ കാലം മുതല്‍ തന്നെ വെള്ളം ഉണ്ടായിരുന്നു എന്ന് തെളിയ്ക്കപ്പെ്ട്ട സാഹചര്യത്തില്‍ അവിടെ ജീവനും ഉണ്ടായിരുന്നു എന്ന് തന്നെയാണ് മനസിലാക്കാന്‍ കഴിയുന്നത്. 2024 ല്‍ നാസയുടെ പെര്‍സെവറന്‍സ് റോവര്‍ ചൊവ്വാ ഗ്രഹത്തിലെ പുരാതന ജീവന്റെ ആദ്യത്തെ സാധ്യമായ അടയാളങ്ങള്‍ കണ്ടെത്തിയതായി പ്രഖ്യാപിച്ചിരുന്നു.