- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാസയുടെ ചൊവ്വാ പരിവേഷണത്തിലെ 'സൂപ്പർ താരം' പറക്കൽ മതിയാക്കുമ്പോൾ
ലണ്ടൻ: നാസയുടെ ചരിത്രമെഴുതിയ ഇൻജെനുവിറ്റി മാർസ് ഹെലികോപ്റ്റർ, ചൊവ്വയിലെ പറക്കൽ മതിയാക്കി. റോട്ടർ ബ്ലേഡുകൾക്ക് കേടുപാടുകൾ സംഭവിച്ച സാഹചര്യത്തിലാണ് ഇത്. ഹെലികോപ്ടർ നിവർന്നുനിൽക്കുകയും ഗ്രൗണ്ട് കൺട്രോളറുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യുമ്പോൾ, ഈ ആഴ്ച ഭൂമിയിലേക്ക് അയച്ച ചിത്രങ്ങളിൽ കേടുപാടുകൾ വ്യക്തമായിരുന്നു. ജനുവരി 18-ന് കിട്ടിയ ഫ്ളൈറ്റിന്റെ ചിത്രങ്ങളിൽ ലാൻഡിങ് സമയത്ത് അതിന്റെ ഒന്നോ അതിലധികമോ റോട്ടർ ബ്ലേഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി വ്യക്തമായിരുന്നു.
ചൊവ്വാദൗത്യമായ പെർസിവിയറൻസിന്റെ ഭാഗമായി ഇൻജെന്യുവിറ്റി മാർസ് ഹെലികോപ്ടർ ചൊവ്വയുടെ ഉപരിതലത്തിൽ വിജയകരമായി പറന്ന നിമിഷങ്ങളെ 'റൈറ്റ് ബ്രദേസ് മൊമന്റ്' എന്നാണ് നാസ വിശേഷിപ്പിച്ചത്. ഭൂമിയിൽ ആദ്യമായി വിമാനം പറന്നുയർന്ന നിമിഷത്തിന് സമാനമായിരുന്നു മറ്റൊരു ഗ്രഹത്തിൽ മനുഷ്യനിയന്ത്രണത്തിന് വിധേയമായുള്ള ഇൻജെന്യൂവിറ്റി ഹെലികോപ്ടറിന്റെ സഞ്ചാരം. നാസയുടെ ചൊവ്വയിലെ സൂപ്പർ താരമായിരുന്നു ഈ ഹെലികോപ്ടർ.
'പറക്കലിന് മുമ്പുണ്ടായിരുന്നതിനേക്കാൾ ആരോഗ്യവതിയാണ് അവൾ' എന്നായിരുന്നു ഇൻജെന്യൂവിറ്റി ഹെലികോപ്ടറിന്റെ ഡിസൈനറും ചീഫ് എൻജിനീയറുമായ ഡോക്ടർ ജെ ബോബ് ബൽറാമിന്റെ അന്നത്തെ പ്രതികരണം. 'സോളാർ പാനലുകളിൽ പറ്റിക്കൂടിയ പൊടിപടലങ്ങൾ കുടഞ്ഞു കളഞ്ഞ് കൂടുതൽ സൗരോർജ്ജം അവളിപ്പോൾ ഉത്പാദിപ്പിക്കുന്നുണ്ട്'-എന്നും അവകാശപ്പെട്ടിരുന്നു. ആദ്യ പരീക്ഷണത്തിൽ മൂന്ന് മീറ്ററോളം ഉയരത്തിൽ മുപ്പത് സെക്കൻഡോളമാണ് ചെറുവിമാനം ചൊവ്വയിൽ പറന്നത്. റൈറ്റ് സഹോദരന്മാരുടെ വിമാനത്തിന്റെ ആദ്യയാത്ര പന്ത്രണ്ട് സെക്കൻഡായിരുന്നു.
മാർസ് 2020 ബഹിരാകാശ പേടകത്തിലാണ് ഹെലികോപ്ടർ എത്തിച്ചത്. ചെറിയ ഹെലികോപ്ടറായിരുന്നു പേടകത്തിലുണ്ടായത്. ഭൂമിയേക്കാൾ വെറും ഒരു ശതമാനം സാന്ദ്രതയുള്ള ചൊവ്വാ ഉപരിതലത്തിൽ ഹെലികോപ്ടർ പറത്തുക വളരെ പ്രയാസമാണ്. ഹെലികോപ്ടർ എന്നാണ് നാസ പറയുന്നതെങ്കിലും മിനി ഡ്രോൺ ആണിത്. വെറും 1.8 കിലോ ഗ്രാമാണ് ഭാരം. ഇതിന്റെ ബ്ലേഡുകൾ ഡ്രോണിന്റേതിനേക്കാൾ വലുതും അഞ്ച് മടങ്ങ് വേഗത്തിൽ കറങ്ങുന്നതുമാണ്. ഈ ബ്ലേഡുകളിലാണ ്കേടുപാടുണ്ടായതെന്നാണ് സൂചന.
ഗുരുത്വാകർഷണം ഭൂമിയേക്കാൾ കുറവായത് ഹെലികോപ്ടറിന് ചൊവ്വയിൽ പറക്കാൻ സഹായകമായിരുന്നു. രണ്ട് ക്യാമറ, കംപ്യൂട്ടറുകൾ, നാവിഗേഷൻ സെൻസറുകൾ എന്നിവയും ഇതിൽ ഉണ്ടായിരുന്നു. ചൊവ്വാ പഠനത്തിൽ ഇത് നിർണ്ണായകമായി മാറിയിരുന്നു. മറ്റൊരു ഗ്രഹത്തിൽ ഇരുന്ന് നിയന്ത്രിക്കുന്ന ചൊവ്വയിലെ ആദ്യ ഹെലികൊപ്ടറായും ഇത് മാറിയിരുന്നു. 2021 ഏപ്രിലിലായിരുന്നു ഈ ഹെലികോപ്ടറിന്റെ ആദ്യ പറക്കൽ.
നാസയുടെ പെർസെവറൻസ് റോവറിൽ ഘടിപ്പിച്ചാണ് ഇൻജെനുവിറ്റിയെ ചൊവ്വയിലെത്തിച്ചത്. മറ്റൊരു ഗ്രഹത്തിൽ ഇരുന്ന് നിയന്ത്രിക്കുന്ന ആദ്യത്തെ പവർ ഫ്ളൈറ്റ് എന്ന ലക്ഷ്യമാണ് ഇൻജെനുവിറ്റിയിലൂടെ നാസ സാധിച്ചെടുത്തത്.