- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷം താപനില ക്രമാതീതമായി വർദ്ധിക്കുമെന്ന് നിരീക്ഷകർ
ഒരു പക്ഷെ, കഴിഞ്ഞ വർഷമായിരിക്കാം ഇതുവരെയുള്ളതിൽ ഏറ്റവും ചൂടേറിയ വർഷമായത്. എന്നാൽ, പുതിയ പഠനം വെളിപ്പെടുത്തുന്നത് ചൂടേറിയ ദിനങ്ങൾ നമ്മൾ കാണാൻ ഇരിക്കുന്നതേയുള്ളു എന്നാണ്. എൽ നിനോ പ്രതിഭാസം കാരണം, ഈ വർഷം വെന്തുരുകാൻ ഇടയുള്ള പ്രദേശങ്ങളുടെ ഭയപ്പെടുത്തുന്ന ഭൂപടം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഏതാനും വർഷങ്ങൾ കൂടുമ്പോൾ സമുദ്രോപരിതലം അസാധാരണമാം വിധം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ എന്നത്.
ബംഗാൾ ഉൾക്കടൽ, ഫിലിപ്പൈൻസ്, കരീബിയൻ കടൽ എന്നിവയാണ് ഈ വർഷം റെക്കോർഡ് ചൂട് അനുഭവപ്പെടാൻ ഇടയുള്ള സ്ഥലങ്ങൾ എന്ന് ചൈനീസ് അക്കാഡമി ഓഫ് മെറ്റിരിയോളജിക്കൽ സയൻസസിലെ വിദഗ്ദ്ധർ പറയുന്നു. ഈ വർഷം ജൂണിന് മുൻപായി നിരവധി ഉഷ്ണ തരംഗങ്ങൾക്ക് ഈ പ്രദേശങ്ങൾ സാക്ഷ്യം വഹിക്കുമെന്നും അവർ പറയുന്നുണ്ട്. എന്നാൽ, മറ്റിടങ്ങളിലെ ജനങ്ങൾക്ക് ഇതുമൂലം പ്രയാസമുണ്ടാകില്ല എന്ന് അവർ പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഇതേ കാലപരിധിയിൽ എല്ലാ റെക്കോർഡുകളും തകർത്ത് ആഗോള ശരാശരി താപനിലയും ഉയരാൻ ഇടയുണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ആഗോളാടിസ്ഥാനത്തിൽ തന്നെ കാലാവസ്ഥാ മാറ്റത്തിന് മുഖ്യഹേതുവായ ഒന്നാണ് എൽ നിനോ - സതേൺ ഓസിലേഷൻ എന്നറിയപ്പെടുന്ന പ്രതിഭാസം. പ്രധാനമായും ഉഷ്ണമേഖല പസഫിക് മേഖലയിൽ കേന്ദ്രീകരിക്കുന്ന ഉഷ്ണജല പ്രവാഹങ്ങൾ ആഗോള ശരാശരി വാർഷിക താപനില ഉയർത്തും. ഇത് ലോകമാകെയുള്ള കാലാവസ്ഥയെ വളരെയധികം സ്വാധീനിക്കുകയും ചെയ്യും.
ആഗോളാടിസ്ഥാനത്തിൽ താപനില ചെറിയ തോതിൽ വർദ്ധിച്ചാൽ പോലും, ചില പ്രദേശങ്ങളിൽ, അവിടത്തെ പ്രാദേശിക താപനില വ്യതിയാനങ്ങൾ കാരണം വൻ രീതിയിലുള്ള ചൂട് അനുഭവപ്പെടാറുണ്ട്. സയന്റിഫിക് റിപ്പോർട്ട്സ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശാസ്ത്രജ്ഞർ ഈ പഠന റിപ്പോർട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും മിതമായ വ്യതിയാനമുണ്ടായാൽ പോലും ബംഗാൾ ഉൾക്കടൽ, ഫിലിപ്പൈൻസ്, കരീബിയൻ കടൽ എന്നിവിടങ്ങളിൽ താപനിലകളിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഇത് സംഭവിച്ചാൽ, അലാസ്ക, ആമസോൺ, തെക്കൻ ചൈന കടൽ എന്നിവിടങ്ങളിലും താപനില റെക്കോർഡ് തലത്തിലേക്ക് ഉയരും. ആഗോള തലത്തിലെയും ശരാശരി താപനില മുൻകാല റെക്കോർഡുകൾ ഭേദിക്കും. അലാസ്കയിൽ മഞ്ഞുപാളികൾ ഉരുകുന്നതിനും തത്ഫലമായി സമുദ്രനിരപ്പ് ഉയരുന്നതിനുമുള്ള സാധ്യതകളും ശാസ്ത്രജ്ഞർ കാണുന്നു.
അതേസമയം, ആമസോണിലെ അത്യൂഷ്ണം കൊടിയ വരൾച്ചക്കും കാട്ടു തീക്കും കാരണമായേക്കാം., ഇത് വൻതോതിൽ മഴക്കാടുകൾ നശിക്കുന്നതിനും കാരണമാകും.