മൊബൈല്‍ ഫോണ്‍ യുഗത്തിന്റെ അന്ത്യമടുത്തോ? പുത്തന്‍ സാങ്കേതിക വിദ്യ മൊബൈല്‍ ഫോണിനെ ഇല്ലാതാക്കുമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്
മൊബൈല്‍ ഫോണ്‍ യുഗത്തിന്റെ അന്ത്യമടുത്തോ?
മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത ഒരു കാലത്താണ് ഇന്ന് മനുഷ്യര്‍ ജീവിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങും വരെ എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍ അടുത്ത് തന്നെ വേണം. മൊബൈലിന്റെ അലാം കേട്ടാണ് ഭൂരിഭാഗവും ഉറക്കം ഉണരുന്നത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ യുഗം ഉടന്‍ അവസാനിക്കുമെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നത്. സുക്കര്‍ബര്‍ഗ് പറയുന്നത് ശെരിയാണെങ്കില്‍ വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ഗ്ലാസ് വിപണി കീഴടക്കുമെന്നും അതോടെ മൊബൈല്‍ ഫോണ്‍ ഇല്ലാതെ ആകുകയും ചെയ്യും.
മനുഷ്യനെ ഡിജിറ്റല്‍ ലോകവുമായി ബന്ധിപ്പിക്കുന്ന മൊബൈല്‍ ഫോണ്‍ വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ കാലഹരണപ്പെട്ടു പോകുമെന്നാണ് സാങ്കേതിക വിദ്യ കൊണ്ട് ലോകത്തെ അമ്മാനമാടുന്ന സുക്കര്‍ബര്‍ഗ് അഭിപ്രായപ്പെടുന്നത്. ഇത് കേള്‍ക്കുമ്പോള്‍ അസാധ്യമെന്ന് പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ഇതിനുള്ള കോപ്പുകൂട്ടല്‍ തുടങ്ങി കഴിഞ്ഞു. മെറ്റ, ആപ്പിള്‍ തുടങ്ങി പല സാങ്കേതിക ഭീമന്മാരും കോടിക്കണക്കിന് രൂപയാണ് സ്മാര്‍ട്ട് ഗ്ലാസിനായി മുതല്‍ മുടക്കിയിരിക്കുന്നത്. ഓഗ്മെന്റഡ് റിയാലിറ്റിയുടേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിറ്റേയും സഹായത്തോടെ ഇത് സാധ്യമാക്കാനുള്ള പ്രയത്‌നത്തിലാണ് ഇവരെല്ലാം.
ദിവസത്തില്‍ ഓരോ നിമിഷവും ഫോണില്‍ തോണ്ടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറ ഫോണ്‍ ഉപേക്ഷിക്കാന്‍ തയ്യാറാവുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്നചോദ്യം. ഇന്ന് മനുഷ്യരുടെ ഷെഡ്യൂളുകളും സാമൂഹിക ജീവിതവും ഷോപ്പിങ് കള്‍ച്ചറുമെല്ലാം നിയന്ത്രിക്കുന്നത് സ്മാര്‍ട്ട് ഫോണുകള്‍ ആണെങ്കിലും പലപ്പോഴും ഇവ ബാധ്യതയും ആകാറുണ്ട്. തുടര്‍ച്ചയായി വരുന്ന നോട്ടിഫിക്കേഷനുകളും ചാര്‍ജ് ചെയ്യേണ്ടി വരുന്നതുമെല്ലാം പലര്‍ക്കും ബാധ്യതയാണ്. അതുകൊണ്ട് തന്നെ മൊബൈള്‍ ഫോണിനെ ഇല്ലാതാക്കി പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലാണ് സാങ്കേതിക ഭീമന്മാരുടെ ശ്രദ്ധ മുഴുവന്‍.
മെറ്റയുടെ ഓറിയോണ്‍ പ്രോജക്ട് ഇതിനുള്ള പണി തുടങ്ങി കഴിഞ്ഞു. പാട്ടു കേള്‍ക്കാനും ഫോട്ടോ എടുക്കാനും കോള്‍ ചെയ്യാനുമെല്ലാം കുറച്ച് കൂടി ഈസിയായ ഒന്നിനെയാണ് സുക്കര്‍ബര്‍ഗിന്റെ ടീം ലക്ഷ്യം വയ്ക്കുന്നത്. ആപ്പിളിന്റെ വിഷന്‍ പ്രോയും പങ്കുവെയ്ക്കുന്നത് സ്മാര്‍ട്ട് ഫോണ്‍ യുഗത്തിന് അന്ത്യമാവുന്നു എന്ന് തന്നെയാണ്. ആപ്പിളും ഇതിനായി കോടിക്കണക്കിന് രൂപയാണ് നിക്ഷേപിക്കുന്നത്. ഗൂഗിളും സാംസങും പോലുള്ള മറ്റ് കമ്പനികളും എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പുതിയ സ്മാര്‍ട്ട് ഗ്ലാസ് വികസിപ്പിക്കുന്നതിനുള്ള പരിശ്രമത്തിലാണ്. വോയിസ് കമാന്‍ഡുകള്‍ നല്‍കുന്നതും ഭാഷാ അതിര്‍ വരമ്പുകള്‍ ഇല്ലാതാക്കുന്നതുമായ പുതിയ സാങ്കേതിക വിദ്യയാണ് എല്ലാവരും ലക്ഷ്യം വയ്ക്കുന്നത്.