ഭൂമിക്ക് പുറത്തെ ജീവന്‍ തേടിയുള്ള മനുഷ്യന്റെ യാത്ര ഒടുവില്‍ ഫലപ്രാപ്തിയിലേക്ക്; 128 പ്രകാശ വര്‍ഷം അകലെ ജീവന്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍; ചൊവ്വയില്‍ ജീവന്‍ ഉണ്ടാക്കും മുന്‍പേ ഇവിടെ ജീവന്‍ വളര്‍ത്തിയെടുക്കാന്‍ കഴിയും: മാനവരാശി ഏറ്റവും വലിയ കണ്ടുപിടുത്തത്തിന് തൊട്ടരികില്‍
കേംബ്രിഡ്ജ്: ഭൂമിക്ക് പുറത്ത് ജീവന്‍ തേടിയുളള മനുഷ്യന്റെ പ്രയത്നങ്ങള്‍ക്ക് ഒടുവില്‍ ഫലം കാണുന്നു. 128 പ്രകാശ വര്‍ഷം അകലെ ജീവന്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞന്‍മാര്‍. ഇപ്പോള്‍ ചൊവ്വാ ഗ്രഹത്തില്‍ ജീവന്‍ ഉണ്ടാക്കും മുമ്പേ തന്നെ ഇവിടെ ജീവന്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചുരുക്കത്തില്‍ മാനവരാശി ഏറ്റവും വലിയ കണ്ടുപിടുത്തത്തിന് തൊട്ടരുകില്‍ എത്തി എന്ന് തന്നെ കരുതാം.
എന്നാല്‍ ഈ പുതിയ സ്ഥലത്തെ കുറിച്ചുള്ള അധികം വിശദാംശങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച്, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞര്‍, ജീവന്റെ സൂചന നല്‍കുന്ന തന്മാത്രകളായ ഡൈമെഥൈല്‍ സള്‍ഫൈഡ് ഡൈമെഥൈല്‍ ഡൈസള്‍ഫൈഡ് എന്നിവ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് ഇവിടെ ജീവന്റെ സാന്നിധ്യം ഉണ്ടെന്ന് തന്നെയാണ്. ഭൂമിയില്‍, ഈ തന്മാത്രകള്‍ ജീവജാലങ്ങളില്‍ മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. പ്രധാനമായും സമുദ്രജാലങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
ഭൂമിയില്‍ നിന്ന് ഏകദേശം 124 പ്രകാശവര്‍ഷം അകലെ ലിയോ നക്ഷത്രസമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന എക്സോപ്ലാനറ്റ് കെ.2-18 ബിയുടെ അന്തരീക്ഷത്തിലാണ് ഈ തന്മാത്രകള്‍ കണ്ടെത്തിയിരിക്കുന്നത്. വാസയോഗ്യമായ മേഖല എന്നാണ് ഇവിടം കരുതപ്പെടുന്നത്. ഒരു ചുവന്ന കുള്ളന്‍ നക്ഷത്രം ഇതിന് ചുറ്റും ഭ്രമണം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രഹം ഭൂമിയേക്കാള്‍ 2.6 മടങ്ങ് വലുതും 8.6 മടങ്ങ് ഭാരമുള്ളതുമാണ്. കൂടാതെ ഇത് സമുദ്രത്താല്‍ മൂടപ്പെട്ടിരിക്കാമെന്നും വിദഗ്ദ്ധര്‍ കരുതുന്നു. ഇതിനെ ഹൈസിയന്‍ ലോകം എന്നാണ് അവര്‍ വിളിക്കുന്നത്. ഈ ഗ്രഹത്തിന്റെ താപനില ഭൂമിയുടേതിന് സമാനമാണ്.
എന്നാല്‍ ഇവിടെ ഒരു വര്‍ഷം വെറും 33 ദിവസം മാത്രമാണ് നീണ്ടുനില്‍ക്കുന്നത്. നേരത്തെയുള്ള നിരീക്ഷണങ്ങള്‍ പ്രകാരം ഇതിന്റെ അന്തരീക്ഷത്തില്‍ മീഥേനും കാര്‍ബണ്‍ ഡൈ ഓക്സൈഡും ഉള്ളതായി തിരിച്ചറിഞ്ഞിരുന്നു. കേംബ്രിഡ്ജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമിയിലെ പ്രൊഫസര്‍ നിക്കു മധുസൂദനനാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. അതേ സമയം അദ്ദേഹം പറയുന്നത് മറ്റൊരു ഗ്രഹത്തില്‍ ജീവന്റെ അംശം കണ്ടെത്തി എന്ന് അവകാശപ്പെടുന്നതിന് മുമ്പ് ഇതം സംബന്ധിച്ച കൂടുതല്‍ വിവരശേഖരണം നടത്തണമെന്നാണ്. ഇനിയും പതിറ്റാണ്ടുകള്‍ പിന്നിട്ടാല്‍ മാത്രമേ അവിടുത്തെ ജീവജാലങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് ഉറപ്പിച്ച് പറയാന്‍ കഴിയുകയുള്ളൂ. ആസ്ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സ് എന്ന പ്രസിദ്ധീകരണത്തിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചൊവ്വയില്‍ അഭൂതപൂര്‍വമായ വലിപ്പമുള്ള ജൈവ തന്മാത്രകള്‍ കണ്ടെത്തിയതായി കഴിഞ്ഞ മാസം ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു. ഇത് ചൊവ്വാ ഗ്രഹത്തില്‍ ഒരിക്കല്‍ ജീവന്‍ നിലനിന്നിരിക്കാമെന്നതിന് തെളിവായി കണക്കാക്കപ്പെടുന്നു. കോടിക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ചൊവ്വയിലെ പാറകളുടെ സാമ്പിളുകളില്‍ നിന്ന് 12 ആറ്റങ്ങള്‍ വരെ അടങ്ങിയ കാര്‍ബണ്‍ ശൃംഖലകള്‍ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ചൊവ്വാ ഗ്രഹത്തില്‍ ഒരു കാലത്ത് ജീവന്റെ അംശങ്ങള്‍ ഉണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)