സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ 'വ്യാഴം' ഇല്ലായിരുന്നുവെങ്കിൽ 'ഭൂമി'യുടെ അവസ്ഥ എന്താകുമായിരുന്നു?; സൂര്യൻ താനോസാകുന്ന കാഴ്ച; ലോകത്തെ അമ്പരിപ്പിച്ച് പഠനം
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം, ഭൂമിയുടെ രൂപീകരണത്തിലും നിലനിൽപ്പിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും, അത് ഇല്ലായിരുന്നെങ്കിൽ ഭൂമി വളരെ മുമ്പേ സൂര്യനാൽ വിഴുങ്ങപ്പെടുമായിരുന്നു എന്നും പുതിയ പഠനം വെളിപ്പെടുത്തുന്നു. ഹ്യൂസ്റ്റണിലെ റൈസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തലുകൾ.
നാല് ബില്യൺ വർഷത്തിലേറെ പഴക്കമുള്ള നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെയും ഉത്ഭവം മഹാവിസ്ഫോടനത്തിനു ശേഷമാണ്. ഭൂമി ഇന്നത്തെ രൂപത്തിലേക്ക് എത്തുന്നതിന് മുമ്പുതന്നെ വ്യാഴം അതിൻ്റെ ഉത്ഭവത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
പഠനത്തിൽ പറയുന്നത്, വ്യാഴത്തിൻ്റെ ആദ്യകാലത്തെ അതിവേഗത്തിലുള്ള വളർച്ച, സൂര്യനിലേക്ക് ഒഴുകിയെത്തേണ്ടിയിരുന്ന വാതകങ്ങളുടെയും പൊടിയുടെയും ഒഴുക്ക് തടഞ്ഞു. ഇതുമൂലം ഭൂമി, ശുക്രൻ, ചൊവ്വ തുടങ്ങിയ ആന്തരിക ഗ്രഹങ്ങളെ രൂപപ്പെടുത്തേണ്ട വസ്തുക്കൾ സൂര്യനിലേക്ക് ആകർഷിക്കപ്പെടുന്നതിന് വ്യാഴം തടസ്സമായി.
വ്യാഴത്തിൻ്റെ ശക്തമായ ഗുരുത്വാകർഷണം ആന്തരിക ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ സ്ഥിരപ്പെടുത്തുക മാത്രമല്ല, സൗരയൂഥത്തിൻ്റെ ഘടന രൂപപ്പെടുത്തുന്നതിൽ വളയങ്ങളും വിടവുകളും സൃഷ്ടിക്കുകയും ചെയ്തു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം എന്നതിലുപരി, വ്യാഴം ആന്തരിക സൗരയൂഥത്തിൻ്റെ ഘടന നിർണ്ണയിക്കുന്നതിലും ഭൂമിയുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിലും എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ഈ പഠനം അടിവരയിടുന്നു. കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്.