ഭൂമിക്ക് സമാനമായ 45 ഗ്രഹങ്ങള്‍ കൂടി; അന്യഗ്രഹ ജീവന്റെ സാന്നിധ്യം തേടി ശാസ്ത്രലോകം; തൊട്ടടുത്ത് നാല് ലോകങ്ങള്‍!
പ്രപഞ്ചത്തില്‍ മനുഷ്യന്‍ ഒറ്റയ്ക്കാണോ എന്ന ചോദ്യത്തിന് ഉത്തരമായി പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. അന്യഗ്രഹ ജീവന്‍ നിലനില്‍ക്കാന്‍ അനുയോജ്യമായ സാഹചര്യങ്ങളുള്ള 45 ഗ്രഹങ്ങളെ കോര്‍ണല്‍ സര്‍വ്വകലാശാലയിലെ കാള്‍ സാഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ കണ്ടെത്തി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇതില്‍ നാല് ഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് വെറും 40 പ്രകാശവര്‍ഷം മാത്രം അകലെയാണെന്നതാണ്.
കണ്ടെത്തിയ 45 ഗ്രഹങ്ങളും അതത് നക്ഷത്രങ്ങളുടെ 'ഹാബിറ്റബിള്‍ സോണില്‍' ഉള്‍പ്പെടുന്നവയാണ്. നക്ഷത്രത്തില്‍ നിന്ന് വല്ലാതെ അകലെയല്ലാത്തതിനാല്‍ അതിശൈത്യമോ, വല്ലാതെ അടുത്തല്ലാത്തതിനാല്‍ അമിത ചൂടോ ഇല്ലാത്ത മേഖലയാണിത്. ഇത്തരം സാഹചര്യങ്ങളില്‍ ഗ്രഹോപരിതലത്തില്‍ ദ്രാവകാവസ്ഥയിലുള്ള ജലം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജീവന്റെ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യമായ ഘടകമാണിത്. നിലവില്‍ കണ്ടെത്തിയിട്ടുള്ള 6,000 എക്സോപ്ലാനറ്റുകളില്‍ നിന്നാണ് ഏറ്റവും അനുയോജ്യമായ ഈ 45 എണ്ണത്തെ ഗവേഷകര്‍ തിരഞ്ഞെടുത്തത്.
ഗവേഷകരുടെ പട്ടികയില്‍ ഏറ്റവും പ്രധാനപ്പെട്ടത് 'ട്രാപ്പിസ്റ്റ്-1 ഡി, ഇ, എഫ്, ജി' എന്നീ ഗ്രഹങ്ങളാണ്. ഇവ ഭൂമിയില്‍ നിന്ന് 40 പ്രകാശവര്‍ഷം മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് അവിടെയെത്താന്‍ ഏകദേശം 8,00,000 വര്‍ഷങ്ങള്‍ എടുക്കുമെങ്കിലും, ന്യൂക്ലിയര്‍ പള്‍സ് പ്രൊപ്പല്‍ഷന്‍ പോലുള്ള ആധുനിക വിദ്യകള്‍ വികസിപ്പിച്ചാല്‍ ഈ യാത്രാസമയം ഏതാനും നൂറ്റാണ്ടുകളായി കുറയ്ക്കാന്‍ സാധിക്കുമെന്ന് നാസ വിലയിരുത്തുന്നു. ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ്, 2027-ല്‍ വിക്ഷേപിക്കാനിരിക്കുന്ന നാന്‍സി ഗ്രേസ് റോമന്‍ സ്‌പേസ് ടെലിസ്‌കോപ്പ് എന്നിവ ഉപയോഗിച്ച് ഈ ഗ്രഹങ്ങളെ കൂടുതല്‍ നിരീക്ഷിക്കാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.
'എവിടെയാണ് ജീവനായി തിരയേണ്ടത് എന്ന് കൃത്യമായി അടയാളപ്പെടുത്തുകയാണ് ഈ പഠനത്തിലൂടെ ചെയ്തിരിക്കുന്നത്,' എന്ന് പ്രൊഫസര്‍ ലിസ കല്‍റ്റെനെഗര്‍ പറഞ്ഞു. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങള്‍ക്ക് പുറമെ, ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസ്, ടൈറ്റന്‍ എന്നിവിടങ്ങളിലും ജീവന്റെ സാന്നിധ്യമുണ്ടാകാമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. എന്‍സെലാഡസിന്റെ ദക്ഷിണ ധ്രുവത്തില്‍ നിന്ന് ദ്രാവക രൂപത്തിലുള്ള ജലം പുറത്തേക്ക് വരുന്നത് ഇതിന്റെ സൂചനയായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
