വിക്ഷേപണം കഴിഞ്ഞ് 51-ാം മിനിറ്റില്‍,ഉപഗ്രഹങ്ങള്‍ തമ്മിലുള്ള സിഗ്‌നല്‍ കൈമാറ്റത്തിനിടെ പേടകവുമായുള്ള ബന്ധം പെട്ടെന്ന് നഷ്ടമായി; ഭൂമിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ യാത്രികര്‍ക്ക് കേള്‍ക്കാമെങ്കിലും പേടകത്തില്‍ നിന്നുള്ള മറുപടികള്‍ കണ്‍ട്രോള്‍ റൂമിന് ലഭിക്കാതെ വന്നു; ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു; എല്ലാം ശരിയായെന്നും നാസ; ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ അനിശ്ചിതത്വത്തിന്റെ നിമിഷങ്ങള്‍
ഫ്‌ലോറിഡ: അരപ്പതിറ്റാണ്ടിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് കുതിച്ചുയര്‍ന്ന നാസയുടെ ആര്‍ട്ടെമിസ് 2 പേടകത്തില്‍ വിക്ഷേപണത്തിന് പിന്നാലെ വന്‍ പ്രതിസന്ധി. വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകള്‍ക്കകം ഭൂമിയിലെ കണ്‍ട്രോള്‍ റൂമുമായുള്ള ആശയവിനിമയ സംവിധാനം ഭാഗികമായി തകരാറിലായത് ശാസ്ത്രലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി. പത്ത് ദിവസത്തെ ചരിത്രയാത്രയ്ക്കായി നാല് ബഹിരാകാശ യാത്രികര്‍ സഞ്ചരിക്കുന്ന ഓറിയോണ്‍ പേടകത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ പെട്ടെന്ന് നിലച്ചതോടെ മിഷന്‍ കണ്‍ട്രോളില്‍ ആശങ്ക പടര്‍ന്നു.
ബുധനാഴ്ച വൈകുന്നേരം ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് അതിമനോഹരമായി വിക്ഷേപണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. വിക്ഷേപണം കഴിഞ്ഞ് 51-ാം മിനിറ്റില്‍, ഉപഗ്രഹങ്ങള്‍ തമ്മിലുള്ള സിഗ്‌നല്‍ കൈമാറ്റത്തിനിടെ പേടകവുമായുള്ള ബന്ധം പെട്ടെന്ന് നഷ്ടമാവുകയായിരുന്നു. ഭൂമിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ യാത്രികര്‍ക്ക് കേള്‍ക്കാമെങ്കിലും, പേടകത്തില്‍ നിന്നുള്ള മറുപടികള്‍ കണ്‍ട്രോള്‍ റൂമിന് ലഭിക്കാതെ വന്നതാണ് പ്രതിസന്ധിയുണ്ടാക്കിയത്.
സംഭവം വിവാദമായതോടെ നാസ മേധാവി ജാരെഡ് ഐസക്മാന്‍ നേരിട്ട് മാധ്യമങ്ങളെ കണ്ട് സ്ഥിതിഗതികള്‍ വിശദീകരിച്ചു. പേടകത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ക്ക് താല്‍ക്കാലികമായ തടസ്സം നേരിട്ടുവെന്നും എന്നാല്‍ ഇപ്പോള്‍ ആശയവിനിമയം പുനഃസ്ഥാപിച്ചുവെന്നും അദ്ദേഹം അറിയിച്ചു. 'യാത്രികരുമായി ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കുന്നുണ്ട്. പേടകത്തിന്റെ മറ്റ് സാങ്കേതിക വശങ്ങളില്‍ തകരാറുകളില്ല,' അദ്ദേഹം വ്യക്തമാക്കി. എങ്കിലും ദൗത്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്.
വിക്ഷേപണത്തിന് തൊട്ടുമുന്‍പും ആര്‍ട്ടെമിസ് 2 വലിയ വെല്ലുവിളികള്‍ നേരിട്ടിരുന്നു. റോക്കറ്റിന്റെ ഫ്‌ലൈറ്റ് ടെര്‍മിനേഷന്‍ സിസ്റ്റത്തിലും, അടിയന്തര സാഹചര്യത്തില്‍ യാത്രികരെ സുരക്ഷിതമായി പുറത്തെത്തിക്കേണ്ട ലോഞ്ച് അബോര്‍ട്ട് സിസ്റ്റത്തിന്റെ ബാറ്ററിയിലും തകരാറുകള്‍ കണ്ടെത്തിയിരുന്നു. ഈ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ആശയവിനിമയവും നിലച്ചത് നാസയുടെ കണിശതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എങ്കിലും പദ്ധതി വിജയമാകുമെന്നാണ് നാസയുടെ പ്രതീക്ഷ.
അപ്പോളോ 11 ദൗത്യം നടന്ന് 57 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂറ്റന്‍ ചാന്ദ്ര പര്യവേഷണം നടക്കുന്നത്. റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക്, കനേഡിയന്‍ യാത്രികന്‍ ജെറമി ഹാന്‍സന്‍ എന്നിവരാണ് പേടകത്തിലുള്ളത്. വിക്ടര്‍ ഗ്ലോവര്‍ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരനും ക്രിസ്റ്റീന കോക്ക് ആദ്യ വനിതയുമായി ഇതിനകം മാറിയിട്ടുണ്ട്. ഭൂമിയില്‍ നിന്നും ഏറ്റവും ദൂരേക്ക് മനുഷ്യന്‍ സഞ്ചരിക്കുന്ന ദൗത്യം കൂടിയാണിത്.
ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന ഓറിയോണ്‍ പേടകം ചന്ദ്രനെ വലംവെച്ച് പത്താം ദിവസം ഭൂമിയില്‍ തിരിച്ചെത്തണം. ആശയവിനിമയ തകരാര്‍ ഇപ്പോള്‍ പരിഹരിച്ചെങ്കിലും, ആഴക്കടലിലേക്കുള്ള മടക്കയാത്ര വരെയുള്ള പത്തു ദിവസവും അതീവ ജാഗ്രതയിലായിരിക്കും ശാസ്ത്രലോകം. 2028-ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ പദ്ധതിക്ക് ആര്‍ട്ടെമിസ് 2-ന്റെ ഓരോ ചുവടുവെപ്പും നിര്‍ണ്ണായകമാണ്.
