രണ്ട് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടെര്‍നേറ്റ് നഗരത്തിന് 120 കിലോമീറ്റര്‍ അകലെ പ്രഭവകേന്ദ്രം; ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; തീരത്തുള്ളവരെ മാറ്റുന്നു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മൊളുക്ക കടലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സമയം രാവിലെ 06:48-ഓടെയാണ് രാജ്യം നടുങ്ങിയ ഭൂചലനമുണ്ടായത്.
വടക്കന്‍ സുലവേസിയിലെ മിനഹാസയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട് 70 വയസ്സുള്ള ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മനാഡോ നഗരത്തിലെ സ്പോര്‍ട്സ് കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള നിരവധി കെട്ടിടങ്ങള്‍ തകരുകയും വന്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയിലൂടെ ജനങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായി.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും 1,000 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ നല്‍കുന്ന മുന്നറിയിപ്പ്. ഇന്തോനേഷ്യ കൂടാതെ ജപ്പാന്‍ തീരങ്ങളിലും നേരിയ തോതില്‍ കടല്‍നിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പ്രധാന ഭൂചലനത്തിന് പിന്നാലെ 5.5, 5.2 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. ഇനിയും തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു.
രണ്ട് ലക്ഷത്തിലധികം ജനസംഖ്യയുള്ള ടെര്‍നേറ്റ് നഗരത്തിന് 120 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാശനഷ്ടങ്ങളുടെ പൂര്‍ണ്ണരൂപം ഇനിയും ലഭ്യമായിട്ടില്ല.
ഭൂചലനം: ഒറ്റനോട്ടത്തില്‍
തീവ്രത: 7.4 (റിക്ടര്‍ സ്‌കെയില്‍)
സമയം: വ്യാഴാഴ്ച രാവിലെ 06:48 (പ്രാദേശിക സമയം)
പ്രഭവകേന്ദ്രം: മൊളുക്ക കടല്‍ (ടെര്‍നേറ്റില്‍ നിന്ന് 120 കി.മീ അകലെ)
മരണം: 1 (സ്ഥിരീകരിച്ചത്)
സുനാമി മുന്നറിയിപ്പ്: ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍.