ഇറാനില്‍ താന്‍ ലക്ഷ്യമിട്ട 'ഭരണമാറ്റം' നടപ്പിലാക്കിക്കഴിഞ്ഞു; ഇറാന്‍ ഏകദേശം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു; ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ ഉണ്ടായേക്കുമെന്ന് ട്രംപ്; ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സഹായിക്കാത്ത സഖ്യകക്ഷികള്‍ക്കെതിരെ ട്രംപിന്റെ രൂക്ഷവിമര്‍ശനം; ഇറാന്‍ യുദ്ധം ഉടന്‍ അവസാനിക്കും; സഖ്യകക്ഷികളെ കടന്നാക്രമിച്ച് ട്രംപ്
വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധം അതിന്റെ അവസാന ഘട്ടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് വിജയപ്രഖ്യാപനം നടത്തിയത്. ഇറാന്‍ ഏകദേശം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടുവെന്നും ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ ഉണ്ടായേക്കുമെന്നും അദ്ദേഹം സൂചന നല്‍കി. ഈ യുദ്ധം അമേരിക്ക ജയിച്ചിരിക്കുന്നുവെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ നാവിക സേനയും വ്യാമ സേനയും പൂര്‍ണ്ണമായും നശിച്ചു. ആണവ കേന്ദ്രങ്ങള്‍ തകര്‍ന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് പറയുന്നു.
ഹോര്‍മുസ് കടലിടുക്കിലെ എണ്ണ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സഹായിക്കാത്ത സഖ്യകക്ഷികള്‍ക്കെതിരെ ട്രംപ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. 'എനിക്ക് രണ്ട് നിര്‍ദ്ദേശങ്ങളാണുള്ളത്. ഒന്ന്, അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുക. ഇവിടെ ആവശ്യത്തിലധികം എണ്ണയുണ്ട്. രണ്ട്, ഹോര്‍മുസ് കടലിടുക്ക് നിങ്ങള്‍ക്ക് വേണമെന്നുണ്ടെങ്കില്‍ അവിടെ പോയി അത് പിടിച്ചെടുക്കു. അത് സംരക്ഷിക്കേണ്ടതും ഉപയോഗിക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്തമാണ്,' ട്രംപ് പറഞ്ഞു. ഹോര്‍മുസ് വിഷയത്തില്‍ ഇനി അമേരിക്കയുടെ സഹായം പ്രതീക്ഷിക്കേണ്ടതില്ലെന്ന കര്‍ശന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ഇറാനില്‍ താന്‍ ലക്ഷ്യമിട്ട 'ഭരണമാറ്റം' നടപ്പിലാക്കിക്കഴിഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു. മുന്‍ഗാമികളേക്കാള്‍ ബുദ്ധിശാലിയും തീവ്രവാദ നിലപാടുകള്‍ കുറഞ്ഞതുമായ പുതിയൊരു നേതൃത്വമാണ് ഇപ്പോള്‍ ഇറാനിലുള്ളതെന്നും അവര്‍ വെടിനിര്‍ത്തലിനായി അമേരിക്കയെ സമീപിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ ഇറാന്‍ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. ഇറാന്റെ ആണവ ഭീഷണിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, അത് താന്‍ ഗൗനിക്കുന്നില്ലെന്നും ഉപഗ്രഹങ്ങള്‍ വഴി അമേരിക്ക നിരീക്ഷണം തുടരുന്നുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി. ഇതിനിടെയും എന്ന് യുദ്ധം നിര്‍ത്തുമെന്ന് ട്രംപ് പറഞ്ഞതുമില്ല.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ മാര്‍ച്ചില്‍ ട്രംപിന്റെ ജനപ്രീതി 42 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ ഇത് 46 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നാലാഴ്ച കൊണ്ട് യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നീണ്ടുപോവുകയായിരുന്നു. ഈ സാഹചര്യത്തില്‍ വിജയപ്രഖ്യാപനം നടത്തി യുദ്ധത്തില്‍ നിന്ന് പിന്മാറാനാണ് ട്രംപിന്റെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
