'ഡ്രൈവിംഗ് സിസ്റ്റം തകരാറിലാണ്.... അഞ്ച് മിനിറ്റിനുള്ളില്‍ ജീവനക്കാര്‍ എത്തും' എന്ന സന്ദേശം ടാക്‌സിക്കുള്ളിലെ സ്‌ക്രീനുകളില്‍ തെളിഞ്ഞു; ചൈനയില്‍ റോബോടാക്‌സികള്‍ പണിമുടക്കി; വന്‍ നഗരത്തില്‍ ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും

Update: 2026-04-02 02:00 GMT

ബീജിംഗ്: ചൈനീസ് നഗരമായ വുഹാനില്‍ നൂറോളം ഡ്രൈവര്‍രില്ലാ ടാക്‌സികള്‍ ഒരേസമയം റോഡിന് നടുവില്‍ നിശ്ചലമായത് വലിയ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ചയുണ്ടായ ഈ സാങ്കേതിക തകരാര്‍ കാരണം തിരക്കേറിയ മോട്ടോര്‍വേകളില്‍ കിലോമീറ്ററുകളോളം ഗതാഗതം തടസ്സപ്പെടുകയും നിരവധി വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ചെയ്തു.

ചൈനീസ് കമ്പനിയായ ബൈഡുവിന്റെ 'അപ്പോളോ ഗോ' എന്ന വിഭാഗമാണ് ഈ റോബോടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 'സിസ്റ്റം ഫെയിലിയര്‍' കാരണമാണ് വാഹനങ്ങള്‍ പെട്ടെന്ന് നിശ്ചലമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചില വാഹനങ്ങളില്‍ യാത്രികര്‍ രണ്ട് മണിക്കൂറോളം പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടന്നു. അതിവേഗ പാതയായതിനാല്‍ വാതിലുകള്‍ തുറക്കാന്‍ സാധിക്കുമെങ്കിലും പുറത്തിറങ്ങാന്‍ ഭയന്ന പലരും പോലീസിനെ വിളിച്ചാണ് സഹായം തേടിയത്.

'ഡ്രൈവിംഗ് സിസ്റ്റം തകരാറിലാണ്, അഞ്ച് മിനിറ്റിനുള്ളില്‍ ജീവനക്കാര്‍ എത്തും' എന്ന സന്ദേശമാണ് ടാക്‌സിക്കുള്ളിലെ സ്‌ക്രീനുകളില്‍ തെളിഞ്ഞതെന്ന് യാത്രികര്‍ പറയുന്നു. എന്നാല്‍ ദീര്‍ഘനേരം കഴിഞ്ഞിട്ടും ആരും എത്താതിരുന്നതോടെ പലരും എസ്.ഒ.എസ് ബട്ടണ്‍ അമര്‍ത്തി സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയയായ 'ഡൗയിന്‍' വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഡ്രൈവര്‍രില്ലാ കാറുകളുടെ സുരക്ഷയെക്കുറിച്ച് ചൈനയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. ഇതിനുമുന്‍പ് ചോങ്കിംഗില്‍ ഒരു റോബോടാക്‌സി നിര്‍മ്മാണത്തിലിരിക്കുന്ന കുഴിയില്‍ വീണതും ബീജിംഗില്‍ മറ്റൊന്ന് കത്തിയതും വലിയ വാര്‍ത്തയായിരുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലും സമാനമായ രീതിയില്‍ 'വേമോ' ടാക്‌സികള്‍ പണിമുടക്കി ഗതാഗത തടസ്സമുണ്ടാക്കിയിട്ടുണ്ട്.

നിലവില്‍ ബൈഡു, പോണി.എഐ തുടങ്ങിയ കമ്പനികളാണ് ചൈനയില്‍ വ്യാപകമായി റോബോടാക്‌സി സേവനങ്ങള്‍ നല്‍കുന്നത്. മിഡില്‍ ഈസ്റ്റ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കെയാണ് വുഹാനിലെ ഈ വന്‍ പരാജയം കമ്പനിക്ക് തിരിച്ചടിയായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ബൈഡു ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Similar News