ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്ന് പേര്‍ക്ക്; പുരസ്കാരം ക്വാണ്ടം മെക്കാനിക്സിൽ; അംഗീകാരം കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണത്തിന്
സ്റ്റോക്ക്ഹോം: 2025 ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് ഗവേഷകർക്ക്. ജോൺ ക്ലാർക്ക്, മൈക്കിൾ എച്ച്. ഡെവോറെറ്റ്, ജോൺ എം. മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗ്, ഇലക്ട്രിക് സർക്യൂട്ടുകളിലെ ഊർജ്ജ ക്വാണ്ടൈസേഷൻ എന്നിവയിലെ നിർണായക കണ്ടുപിടിത്തങ്ങൾക്കാണ് ഇവർക്ക് പുരസ്കാരം ലഭിച്ചത്. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ക്വാണ്ടം ക്രിപ്റ്റോഗ്രഫി, ക്വാണ്ടം കമ്പ്യൂട്ടറുകൾ, ക്വാണ്ടം സെൻസറുകൾ എന്നിവയുൾപ്പെടെ അടുത്ത തലമുറയിലെ ക്വാണ്ടം സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഈ കണ്ടെത്തലുകൾ വഴിയൊരുക്കും. ഇലക്ട്രിക് സർക്യൂട്ടുകളിലെ ഊർജ്ജത്തിൻ്റെ ക്വാണ്ടൈസേഷനും, വസ്തുക്കൾക്ക് അവയുടെ ഊർജ്ജ തടസ്സങ്ങൾ ഭേദിച്ച് കടന്നുപോകാൻ സാധിക്കുന്ന ക്വാണ്ടം ടണലിംഗ് പ്രതിഭാസത്തിൻ്റെ മാക്രോസ്കോപ്പിക് തലത്തിലെ വിശദീകരണങ്ങളും ശാസ്ത്രലോകത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.
ഭൗതികശാസ്ത്രത്തിൽ ഇതുവരെ 118 തവണയാണ് നൊബേൽ സമ്മാനം നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ മെഷീൻ ലേണിംഗ് രംഗത്തെ ഗവേഷകരായ ജോൺ ജെ. ഹെപ്പ്ഫീൽഡ്, ജെഫ്രി ഇ. ഹിന്റൺ എന്നിവർ പങ്കിട്ടിരുന്നു. ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ അമേരിക്കൻ ഗവേഷകരായ മേരി ഇ. ബ്രങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ജാപ്പനീസ് ഗവേഷകൻ ഷിമോൺ സകാഗുച്ചി എന്നിവർക്കായിരുന്നു. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ ആക്രമിക്കാതിരിക്കാൻ സഹായിക്കുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞതിനാണ് ഇവർക്ക് പുരസ്കാരം ലഭിച്ചത്.
രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ബുധനാഴ്ചയും, സാഹിത്യത്തിനുള്ള പുരസ്കാരം വ്യാഴാഴ്ചയും പ്രഖ്യാപിക്കും. സമാധാനത്തിനുള്ള പുരസ്കാരം ഒക്ടോബർ പത്താം തീയതിയും, സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്കാരം ഒക്ടോബർ പതിമൂന്നിനും പ്രഖ്യാപിക്കും