- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുചരിത്രം സൃഷ്ടിച്ചു പുഷ്പക്
ബെംഗളൂരു: ഐഎസ്ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ (പുഷ്പക്) രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയകരം. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം നടത്തിയത്. രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് നാലര കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് ഇട്ടു. പേടകം സ്വയം ദിശ മാറ്റി ലാൻഡ് ചെയ്തു. ഇതോടെ ഐഎസ്ആർഒ നിർണായകമായ ഒരു ചുവടുവെപ്പാണ് നടത്തിയത്.
കഴിഞ്ഞ തവണ നേരെ റൺവേയുടെ ദിശയിലേക്കാണ് പേടകത്തെ ഇട്ടത്, ഇത്തവണ അൽപ്പം വശത്തേക്ക് മാറിയാണ് പേടകത്തെ താഴേക്കിട്ടത്. ദിശാ മാറ്റ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനായിരുന്നു ഈ മാറ്റം. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിലാണ് പുഷ്പക് പറന്നിറങ്ങിയത്. ബഹിരാകാശ യാത്ര കഴിഞ്ഞ് ഭൂമിയിലേക്ക് മടങ്ങുന്ന ഒരു യാത്രാ പേടകം എങ്ങനെ വരുമോ അത് പോലെ തന്നെ.
കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിങ്ങ് പരീക്ഷണം നടന്നത്. 11 മാസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ പരീക്ഷണം നടത്തിയത്. ഒന്നാം പരീക്ഷണത്തിന് ഉപയോഗിച്ച അതേ പേടകമാണ് രണ്ടാം പരീക്ഷണത്തിനും ഐഎസ്ആർഒ ഉപയോഗിച്ചത്. ആദ്യ പരീക്ഷണത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ലാൻഡിങ്ങ് ഗിയർ കൂടുതൽ ബലപ്പെടുത്തിയിരുന്നു.
കൂടുതൽ ദുഷ്കരമായ പരീക്ഷണമായിരുന്നു ഇതെന്നും വ്യത്യസ്ത സാഹചര്യത്തിലും നന്നായി പരീക്ഷണം പൂർത്തിയാക്കാനായെന്നും വി എസ്എസ്സി ഡയറക്ടർ ഡോ.എസ്. ഉണ്ണിക്കൃഷ്ണൻ നായർ പറഞ്ഞു. ഇനി ഒരു ലാൻഡിങ്ങ് പരീക്ഷണം കൂടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററാണ് ആർഎൽവി വികസനത്തിന് നേതൃത്വം നൽകുന്നത്. രണ്ടാം പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയ ആർഎൽവി സംഘത്തെ ഇസ്രൊ ചെയർമാൻ എസ്.സോമനാഥ് അഭിനന്ദിച്ചു.
ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോൾ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവന്നേക്കാം. അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാൻഡിങ് പരീക്ഷണങ്ങൾ. ഈ പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതോടെയാണ് യഥാർത്ഥ അഗ്നിപരീക്ഷ. പേടകത്തെ ശരിക്കും ബഹിരാകാശത്തേക്ക് അയക്കും.
ജിഎസ്എൽവി റോക്കറ്റിന്റെ ക്രയോജനിക് ഘട്ടം ഒഴികെയുള്ള ഭാഗങ്ങളും പിഎസ്എൽവിയുടെ നാലാം ഘട്ടവും ചേർന്നൊരു റോക്കറ്റ്. അതിന്റെ തലപ്പത്ത് ആർഎൽവി. അടുത്ത വർഷം തന്നെ വിക്ഷേപണം നടത്തുകയാണ് ലക്ഷ്യം. ആദ്യ ബഹിരാകാശ യാത്രക്ക് ശേഷം ആൻഡമാനിലാണ് പേടകം വന്നിറങ്ങുക.