ചന്ദ്രന് മുകളില്‍ ഒഴുകി നടന്ന ശുക്ര നക്ഷത്രം! യുകെയ്ക്ക് ഭാഗ്യവുമായി ശുക്രനുദിച്ചു; ചന്ദ്രനുമുകളിലെ ആ മറ്റൊരു നക്ഷത്രം ഏതെന്ന സംശയം മാറുമ്പോള്‍
ഒരാള്‍ക്ക് ഭാഗ്യം വരുമ്പോഴൊക്കെ നമ്മള്‍ പറയും ശുക്രനുദിച്ചു എന്ന്. നമ്മളില്‍ എത്ര പേര്‍ ശുക്രനെ നേരിട്ട് കണ്ടിട്ടുണ്ട്. ശുക്രനെ നേരിട്ട് കാണാന്‍ കഴിഞ്ഞ ദിവസം ഒരവസരം ലഭിച്ചിരുന്നു. ഇന്നലെ സൂര്യാസ്തമയം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ യു.കെയില്‍ ചന്ദ്രന് മുകളില്‍ മറ്റൊരു നക്ഷത്രത്തെ കൂടി കണ്ട് പലരും അമ്പരന്നു. ഈ അപൂര്‍വ്വ ദൃശ്യത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ വൈറലായി മാറുകയായിരുന്നു.
ശുക്ര നക്ഷത്രമായിരുന്നു ചന്ദ്രന് മുകളില്‍ ഒഴുകി നടക്കുന്നതായി കാണപ്പെട്ട നക്ഷത്രമെന്ന് പലരും തിരിച്ചറിഞ്ഞത് പിന്നീടാണ്. ബ്രിട്ടനിലെ പ്രമുഖ വാനനിരീക്ഷകനായ സ്റ്റുവര്‍ട്ട് അറ്റ്കിന്‍സണ്‍ ആണ് സമൂഹ മാധ്യമമായ എക്സില്‍ ഇതിനെ കുറിച്ച്് വളരെ വിശദമായ ഒരു കുറിപ്പെഴുതിയത്. ഇന്ന് സൂര്യാസ്തമയം കഴിഞ്ഞതിന് ശേഷം ആകാശത്തിന്റെ തെക്കു പടിഞ്ഞാറന്‍ ചരിവിലേക്ക് നോക്കിയാല്‍ ഒരു മനോഹരമായ കാഴ്ച കാണാമെന്നും ചന്ദ്രനും ശുക്രനും ഏറ്റവും അടുത്ത് വരുന്ന അപൂര്‍വ്വ പ്രതിഭാസമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ നമുക്ക് വ്യക്തമായി ഇത് കാണാന്‍ കഴിയുമെന്നും ഒരു ദൂരദര്‍ശിനി നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍ കൂടുതല്‍ വ്യക്തമായി ഈ അപൂര്‍വ്വ കാഴ്ച നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയും എന്നുമാണ് അറ്റ്കിന്‍സണ്‍ കുറിച്ചത്. ഇന്ന് രാത്രിയും കൂടി ഈ ദൃശ്യം കാണാന്‍ കഴിയുമെന്നും വാനനിരീക്ഷകര്‍ പറയുന്നു. സൗരയൂഥത്തിലെ ഏറ്റവും ചൂട് കൂടിയ ഗ്രഹമാണ് ശുക്രന്‍. സൂര്യനെ ഭ്രമണം ചെയ്യുന്നതിനിടെ ഈ മാസം 10 നോ പതിനൊന്നിനോ ശുക്രന്‍ സൂര്യനില്‍ നിന്ന് ഏറ്റവും അകലെയായിരിക്കും എന്നാണ് അവര്‍ അറിയിക്കുന്നത്. നാളെ ഇത് പോലെ നാല് ഗ്രഹങ്ങളെ കൂടി കാണാനുള്ള ഭാഗ്യം നമുക്കുണ്ടാകും എന്നാണ് ഗവേഷകര്‍ പറയുന്നത്.
ശുക്രന്‍, വ്യാഴം, ചൊവ്വാ,ശനി എന്നീ ഗ്രഹങ്ങളെയാണ് ഇത് പോലെ നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നത്. സൂര്യാസ്തമയം കഴിഞ്ഞ് ഒന്നര മണിക്കൂര്‍ കഴിഞ്ഞാല്‍ ഈ ഗ്രഹങ്ങളെ കാണാന്‍ കഴിയും.2023 ലും ഇത്തരത്തിലുള്ള ഒരപൂര്‍വ്വ സംഗമം കാണാന്‍ ലോകമെമ്പാടുമുള്ള വാനനിരീക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നു. അന്ന് ഏറ്റവും തിളക്കമുള്ള ഗ്രഹങ്ങളായ ശുക്രനും വ്യാഴവും അടുത്തെത്തിയ സമയത്ത് അന്ന് പലരും കരുതിയത് ഇവ തമ്മില്‍ കൂട്ടിയിടിക്കാന്‍ പോകുന്നു എന്നായിരുന്നു. അത്രയും അടുത്തായിരുന്നു ഇരു ഗ്രഹങ്ങളും എത്തിയത്.
ഈ രണ്ട് ഗ്രഹങ്ങളും നഗ്‌നനേത്രങ്ങള്‍ കൊണ്ട് നോക്കുമ്പോള്‍ തൊട്ടടുത്താണ് എന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ രണ്ട് ഗ്രഹങ്ങളും തമ്മില്‍ 600 മില്യണ്‍ കിലോമീറ്റര്‍ വ്യത്യാസത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതേ സമയം സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്‍ വലിയ താമസമില്ലാതെ തന്നെ ഇത് പോലെ കാണാനാകും എന്നാണ് പറയപ്പെടുന്നത്. ഒരാഴ്ചക്കുള്ളില്‍ തന്നെ ഇത്തരത്തില്‍ ഗ്രഹങ്ങള്‍ അടുത്തെത്തുന്നത് അപൂര്‍വ്വമാണ് എന്നാണ് കരുതപ്പെടുന്നത്. ഗ്രഹങ്ങളില്‍ ഏറ്റവും തിളക്കമുള്ളത് ശുക്രനാണെങ്കില്‍ ഏറ്റവും മങ്ങലുള്ളത് വ്യാഴമാണ്.
നേരിയ മഞ്ഞനിറവും ഇതിനുണ്ട്. വ്യാഴത്തെ നാളെ കഴിഞ്ഞാല്‍ ഏതാനും നാളുകള്‍ കൂടി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ഇന്നലത്തെ അപൂര്‍വ്വ ദൃശ്യം കാണാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ടതില്ല നാളെ അവര്‍ക്ക് വ്യക്തമായി തന്നെ ഇന്ന് രാത്രിയും കാണാന്‍ കഴിയും. ഉയരമുള്ള കെട്ടിടങ്ങള്‍ ഉള്ള സ്ഥലം ഒഴിവാക്കി ഏതെങ്കിലും കുന്നിന് മുകളില്‍ കയറി നില്‍ക്കുന്നതാണ് ഈ അപൂര്‍വ്വ കാഴ്ച കാണാന്‍ ഏറ്റവും ഉത്തമമെന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്.