ഒരാളുടെ ഇൻസ്റ്റ..ഫീഡ് മതി..അയാളുടെ സ്വഭാവം മനസ്സിലാക്കാൻ..എന്നൊരു ചൊല്ലുണ്ട്; ചില സമയങ്ങളിൽ മൂഡ് സ്വിങ്ങിസിന് അനുസരിച്ചുള്ള വീഡിയോസും; ഇതെന്ത് അല്‍ഗോരിതമെന്ന് തലപുകഞ്ഞ് ആലോചിക്കുന്ന യൂസേഴ്‌സ്; റീല്‍സുകളെ പറ്റി നിങ്ങൾക്ക് അറിയാത്ത ചിലത്
ഇൻസ്റ്റഗ്രാം റീൽസുകൾ വെറുമൊരു വിനോദോപാധി എന്നതിലുപരി, നമ്മുടെ മനസ്സിനെ കൃത്യമായി വായിച്ചെടുക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഒരാളുടെ ഇൻസ്റ്റഗ്രാം ഫീഡ് നോക്കിയാൽ അയാളുടെ താൽപ്പര്യങ്ങളും സ്വഭാവവും തിരിച്ചറിയാൻ കഴിയുമെന്ന് പറയുന്നത് അതുകൊണ്ടാണ്. നമ്മൾ ഒരു വീഡിയോയിൽ എത്ര സമയം ചിലവഴിക്കുന്നു, ഏതൊക്കെ വീഡിയോകൾ ലൈക്ക് ചെയ്യുന്നു അല്ലെങ്കിൽ ഷെയർ ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇൻസ്റ്റഗ്രാം അൽഗോരിതം പ്രവർത്തിക്കുന്നത്.
നമ്മുടെ മാനസികാവസ്ഥ അല്ലെങ്കിൽ 'മൂഡ് സ്വിങ്സ്' പോലും തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കുന്നുണ്ട്. ഉദാഹരണത്തിന്, വിഷമിച്ചിരിക്കുമ്പോൾ കൂടുതൽ സങ്കടകരമായ വീഡിയോകൾ ഫീഡിൽ വരുന്നത് അവിചാരിതമല്ല; മറിച്ച് നമ്മുടെ സ്ക്രോളിംഗ് പാറ്റേണുകളിൽ വരുന്ന വ്യത്യാസം അൽഗോരിതം തിരിച്ചറിയുന്നത് കൊണ്ടാണ്. ചുരുക്കത്തിൽ, നമ്മൾ എന്താണോ കാണാൻ ആഗ്രഹിക്കുന്നത് അത് കൃത്യമായി നമ്മുടെ മുന്നിലെത്തിക്കുന്ന ഒരു ഡിജിറ്റൽ കണ്ണാടിയായി റീൽസുകൾ മാറിയിരിക്കുന്നു.
അതുപോലെ, ജോലിക്കിടയിലും ജീവിതത്തിലെ മറ്റ് പല തിരക്കുകള്‍ക്കിടയിലും ഒരല്‍പം ആസ്വാദനത്തിനായോ വിവരശേഖരത്തിനായോ ഇന്‍സ്റ്റഗ്രാം തുറക്കുമ്പോള്‍ മുന്‍പ് കണ്ട റീലുകള്‍ തന്നെ വീണ്ടും മുന്നിലേക്ക് വരാറുണ്ടോ? തെരഞ്ഞെടുപ്പ് ചൂടില്‍ പണ്ടുകാലങ്ങളില്‍ പറഞ്ഞ് വെട്ടിലായ പ്രസ്താവനകള്‍, മാറ്റിപ്പറഞ്ഞ നിലപാടുകള്‍, വീണ്ടും കാണാന്‍ ത്രാണിയില്ലാത്ത വീഡിയോകള്‍ എന്നിങ്ങനെ ഇനിയൊരിക്കലും കാണണമെന്ന് ആഗ്രഹമില്ലാത്ത റീല്‍സുകള്‍ വീണ്ടും ഫീഡില്‍ വന്ന് നിറഞ്ഞതുകാരണം അസ്വസ്ഥതയുണ്ടാവാറുണ്ടോ?
ഇത്തരത്തില്‍ കണ്ടുകഴിഞ്ഞതും കാണാന്‍ താല്‍പര്യമില്ലാത്തതുമായ റീലുകളെ കണ്‍മുന്നിലേക്ക് ഇട്ടുതരുന്ന ഇന്‍സ്റ്റഗ്രാം അല്‍ഗോരിതത്തെ നിയന്ത്രിക്കാന്‍ ചില കുറുക്കുവഴികളുണ്ടെന്ന് പറയുകയാണ് ടെക് വിദഗ്ധര്‍.
പുതുതായി കൊണ്ടുവന്ന ഫീച്ചര്‍ പ്രകാരം, നിങ്ങളുടെ ഫീഡില്‍ വന്നിരിക്കേണ്ടതും വരാന്‍ പാടില്ലാത്തതുമായ റീലുകളെ ഇനി നിയന്ത്രിക്കാനാകും. നിങ്ങളുടെ താല്‍പര്യങ്ങള്‍ ഏത് തരത്തിലാണെന്ന് ആദ്യം കൃത്യമായി അറിയിക്കണം. അങ്ങനെയെങ്കില്‍ പുതിയ എഐ അല്‍ഗോരിതം പ്രകാരം നിങ്ങളുടെ ഫീഡിനെ നിങ്ങള്‍ക്ക് നിയന്ത്രിക്കാം.
അല്‍ഗോരിതം എങ്ങനെ പ്രവര്‍ത്തിക്കുന്നു?
ഈ നിമിഷം നിങ്ങളെന്ത് ചിന്തിച്ചുകൊണ്ടിരിക്കുന്നുവെന്നതിനെ പ്രതിഫലിപ്പിക്കുകയെന്നതാണ് ഇന്‍സ്റ്റഗ്രാമിന്റെ താല്‍പ്പര്യം. നിങ്ങളുടെ ഇഷ്ടവും താല്‍പ്പര്യവും അനുസരിച്ച് കൂടുതല്‍ സമയം ഇന്‍സ്റ്റഗ്രാമില്‍ തുടരുന്നതിനായി അവര്‍ പല വിഷയങ്ങളും മുന്നിലേക്ക് നീക്കിവെക്കും.
