രാത്രി സമയത്ത് ആകാശത്ത് തെളിഞ്ഞ ആ ആശ്വാസ വലയം; ഭൂമിയെ ലക്ഷ്യമാക്കി യാത്ര; ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 ദൗത്യ സംഘം ഒടുവിൽ ലാൻഡ് ചെയ്തു; ഡ്രാഗൺ എൻഡവർ പേടകത്തിന് കാലിഫോര്‍ണിയ കടലിൽ സ്‌പ്ലാഷ്‌ഡൗണ്‍; വലിയ ആശങ്കകള്‍ക്ക് വിരാമമാകുമ്പോൾ

Update: 2026-01-15 09:00 GMT

കാലിഫോർണിയ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കം നാലംഗ സംഘവുമായി മടങ്ങിയ നാസയുടെ ക്രൂ-11 ദൗത്യസംഘം ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തി. ഇന്ത്യൻ സമയം ഇന്നുച്ചയ്ക്ക് 2:12-ഓടെ കാലിഫോർണിയ തീരത്തെ ശാന്തസമുദ്രത്തിലാണ് സ്പേസ്എക്‌സിന്‍റെ ഡ്രാഗൺ എൻഡവർ പേടകം വിജയകരമായി സ്പ്ലാഷ്‌ഡൗൺ നടത്തിയത്. ബഹിരാകാശ നിലയത്തിൽ നിന്നുള്ള ആദ്യത്തെ വൈദ്യസഹായ ഒഴിപ്പിക്കൽ കൂടിയാണ് ഈ ദൗത്യത്തിന്‍റെ തിരിച്ചുവരവ്.

പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്ത ശേഷം പത്ത് മണിക്കൂറോളം സമയമെടുത്താണ് ഡ്രാഗൺ പേടകം ലാൻഡിങ് പൂർത്തിയാക്കിയത്. ഇന്ന് പുലർച്ചെ ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കവെയായിരുന്നു ഐഎസ്എസിൽ നിന്ന് ഡ്രാഗൺ എൻഡവർ പേടകത്തിന്‍റെ അൺഡോക്കിങ് പ്രക്രിയ നടന്നത്.

മുൻനിശ്ചയിച്ച പ്രകാരം 1:21-ന് പേടകത്തെ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറക്കുന്നതിനുള്ള ഡീ-ഓർബിറ്റ് ജ്വലനം നടന്നു. ശാന്തസമുദ്രത്തിൽ പതിച്ച ഡ്രാഗൺ എൻഡവർ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുക്കുന്നതിനും യാത്രികരെ സുരക്ഷിതരായി കരയിലെത്തിക്കുന്നതിനും സ്പേസ്എക്‌സിന്‍റെ പ്രത്യേക സംഘത്തിന് ചുമതലയുണ്ട്. നാല് ബഹിരാകാശ സഞ്ചാരികളെയും വിശദമായ ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കും.

ക്രൂ-11 ദൗത്യസംഘം 2025 ഓഗസ്റ്റ് ഒന്നിനാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഓഗസ്റ്റ് രണ്ടാം തീയതി ക്രൂ ഡ്രാഗൺ എൻഡവർ പേടകം ഐഎസ്എസിൽ ഡോക്ക് ചെയ്തു. ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കി 2026 ഫെബ്രുവരിയിൽ ഭൂമിയിലേക്ക് മടങ്ങാനായിരുന്നു അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ മുൻനിശ്ചയിച്ചിരുന്നത്.

എന്നാൽ, സ്പേസ്എക്‌സ് ക്രൂ-11 സംഘത്തിലെ പേര് വെളിപ്പെടുത്താത്ത ഒരു നാസ പ്രതിനിധിക്ക് ആരോഗ്യപ്രശ്‌നം നേരിട്ടതോടെയാണ് ദൗത്യം വെട്ടിച്ചുരുക്കി ഭൂമിയിലേക്ക് മടങ്ങാൻ നാസ നിർദേശിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ചരിത്രത്തിൽ ഒരു ബഹിരാകാശ സഞ്ചാരിക്ക് വൈദ്യസഹായം നൽകി തിരിച്ചെത്തിക്കുന്നത് ഇതാദ്യമാണ്.

Tags:    

Similar News