ക്വാലാലംപൂർ: അഞ്ച് ദിവസത്തെ സന്ദർശത്തിന് മലേഷ്യയിലെത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർക്ക് ഊഷ്മള വരവേൽപ്പ്. ചാർട്ടേർഡ് വിമാനത്തിൽ സുബാങ്ങിലെ സുൽത്താൻ അബ്ദുൽ അസീസ് ഷാഹ് വിമാനത്താവളത്തിൽ ഇറങ്ങിയ കാന്തപുരത്തെ സർക്കാർ പ്രതിനിധികളും മർകസ് ഗ്ലോബൽ മലേഷ്യ ചാപ്റ്റർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് കാന്തപുരത്തെ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്ക് ആനയിച്ചു. പ്രധാനമന്ത്രി അൻവർ ഇബ്രാഹീമും കാന്തപുരവും തമ്മിൽ നടന്ന സംഭാഷണത്തിൽ മലേഷ്യയും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക വിനിമയം ചർച്ചയായി.

മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിൽ ഒൻപത് ശതമാനം വരുന്ന ന്യൂനപക്ഷ സമൂഹങ്ങളെ എല്ലാ അർത്ഥത്തിലും ഉൾകൊള്ളുന്ന സമീപനമാണ് പുലർത്തുന്നത്. ഇന്ത്യയുമായി നിരവധി മേഖലകളിൽ ബന്ധം ശക്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിട്ടുണ്ടെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയോട് അൻവർ ഇബ്രാഹീം പറഞ്ഞു. അദ്ധ്യാപനവും സാമൂഹിക പ്രവർത്തനങ്ങളും ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ട് പോകുന്നതിൽ കാന്തപുരത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇരുവരും സ്‌നേഹോപഹാരം കൈമാറി. മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി, നോളജ് സിറ്റി സിഇഒ ഡോ. അബ്ദുസ്സലാം, ജാമിഉൽ ഫുതൂഹ് പരിപാലന കമ്മിറ്റി ചെയർമാൻ കുറ്റൂർ അബ്ദുറഹ്മാൻ ഹാജി തുടങ്ങിയവർ കാന്തപുരത്തെ അനുഗമിക്കുന്നുണ്ട്.

വരും ദിവസങ്ങളിൽ വിവിധ ഔദ്യോഗിക പരിപാടികളിൽ കാന്തപുരം പങ്കെടുക്കും. അൻവർ ഇബ്രാഹീമിന്റെ ക്ഷണപ്രകാരമാണ് കാന്തപുരം മലേഷ്യയിലെത്തിയത്. ശനിയാഴ്ച നടക്കുന്ന സ്വഹീഹുൽ ബുഖാരി പണ്ഡിത സമ്മേളനത്തിൽ കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിൻ മുക്താർ, ശൈഖ് ഡോ. ഉസാമ അൽ അസ്ഹരി, മുഫ്തി ഡോ. ലുഖ്മാൻ ബിൻ ഹാജി അബ്ദുല്ല പങ്കെടുക്കും. മലേഷ്യയിലെ ആയിരത്തോളം പണ്ഡിതന്മാർ സമ്മേളത്തിൽ സംബന്ധിക്കും.