ആസ്റ്റൺ വില്ലയുടെ വിജയകുതിപ്പിന് തടയിട്ട് ആഴ്സണൽ; ഉനായ് എമറിയുടെ സംഘത്തെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ നാല് ഗോളുകൾക്ക്; പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഗണ്ണേഴ്സ്

Update: 2025-12-31 06:12 GMT

ലണ്ടൻ: പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ആഴ്സണൽ. ഉനായ് എമറിയുടെ ടീമിന്റെ 11 മത്സരങ്ങളുടെ വിജയക്കുതിപ്പിനാണ് ഗണ്ണേഴ്സ് ചൊവ്വാഴ്ച വിരാമമിട്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗബ്രിയേൽ, മാർട്ടിൻ സുബിമെൻഡി എന്നിവരുടെ ഗോളുകളാണ് ആഴ്സണലിന് മത്സരത്തിൽ ആധിപത്യം നൽകിയത്.

48-ാം മിനിറ്റിൽ കോർണറിൽ നിന്ന് ഗബ്രിയേൽ മഗൽഹായസ് ആദ്യ ഗോൾ നേടി. നാല് മിനിറ്റിന് ശേഷം ക്യാപ്റ്റൻ മാർട്ടിൻ ഓഡെഗാർഡിന്റെ പാസിൽ നിന്ന് സുബിമെൻഡി രണ്ടാം ഗോളും വലയിലെത്തിച്ചു. തുടർന്ന്, ബോക്സിന് പുറത്തുനിന്ന് ലിയാൻഡ്രോ ട്രോസാർഡ് ഗോളടിച്ച് ലീഡ് ഉയർത്തി. പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ ജീസസ് നാലാം ഗോളും നേടി ആഴ്സണലിന്റെ വിജയം ഉറപ്പിച്ചു. ഇൻജുറി ടൈമിൽ ഓളി വാറ്റ്കിൻസ് വില്ലയ്ക്കായി ഒരു ആശ്വാസ ഗോൾ നേടി.

ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അവസരങ്ങൾ മുതലാക്കാൻ കഴിയാതിരുന്നത് വില്ലയ്ക്ക് തിരിച്ചടിയായി. ഈ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ അഞ്ച് പോയിന്റ് മുന്നിലെത്തി ആഴ്സണൽ ഒന്നാം സ്ഥാനത്ത് ഭദ്രമായി. വ്യാഴാഴ്ച സണ്ടർലാൻഡിനെ നേരിടുന്ന സിറ്റിക്ക് ഈ ലീഡ് കുറയ്ക്കാൻ അവസരമുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ വില്ലയുടെ ആദ്യ തോൽവിയാണിത്. ഈ പരാജയത്തോടെ വില്ല മൂന്നാം സ്ഥാനത്ത് തുടരുമെങ്കിലും ആഴ്സണലിനേക്കാൾ ആറ് പോയിന്റ് വ്യത്യാസത്തിലാണിപ്പോൾ.

Tags:    

Similar News