ഇന്ധനക്ഷാമം വെല്ലുവിളിയല്ല, ഭീഷണിയാകുന്നത് യാത്രാ തടസ്സങ്ങള്‍; ഐപിഎല്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം; നിലപാട് വിശദീകരിച്ച് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍; കൗണ്‍സിലിന്റെ പ്രതികരണം സംഘാടനത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നതിന് പിന്നാലെ
ഐപിഎല്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം; നിലപാട് വിശദീകരിച്ച് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍
മുംബൈ: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ സംഘാടനത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍.യുദ്ധാന്തരീക്ഷവും ഇന്ത്യയിലെ എല്‍പിജി പ്രതിസന്ധിയും വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ ബാധിക്കില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അറിയിച്ചത്.സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എല്‍പിജി വിതരണം പ്രതിസന്ധിയിലായതോടെ ഐപിഎല്‍ സംഘാടനത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു.പിന്നാലെയാണ് കൗണ്‍സിലിന്റെ പ്രതികരണം.
നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മുന്‍കൂട്ടി തീരുമാനങ്ങള്‍ എടുക്കേണ്ടതില്ലെന്നുമാണ് അധികൃതരുടെ നിലപാട്. 'സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ട് ഇപ്പോള്‍ തീരുമാനമെടുക്കാനാകില്ല. നിലവില്‍ എല്ലാം നിയന്ത്രണവിധേയമാണെന്നാണ് ഹോട്ടലുകളും ബന്ധപ്പെട്ടവരും അറിയിച്ചിരിക്കുന്നത്. തല്‍ക്കാലം ആ ഉറപ്പിന്‍മേല്‍ മുന്നോട്ട് പോകും. എന്തെങ്കിലും മാറ്റം ആവശ്യമാണെങ്കില്‍ അപ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കും.'' എന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.എന്നാല്‍ യാത്രാസംബന്ധമായ കാര്യങ്ങള്‍ ടൂര്‍ണ്ണമെന്റിന് തലവേദനയാവുകയാണ്.
എല്‍പിജി പ്രതിസന്ധിക്ക് പുറമെ വിദേശ താരങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട വെല്ലുവിളികളും സംഘാടകര്‍ക്ക് മുന്നിലുണ്ട്. അടുത്തിടെ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം സിംബാബ്വെ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു.യുദ്ധം കാരണം ദുബായ് വഴിയുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതാണ് ഇതിന് കാരണം.സിംബാബ്വെ ടീം എത്യോപ്യന്‍ എയര്‍ലൈന്‍സ് വഴി മൂന്ന് ബാച്ചുകളായാണ് നാട്ടിലെത്തിയത്.
ദക്ഷിണാഫ്രിക്കന്‍, വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ കൊല്‍ക്കത്തയില്‍ കുടുങ്ങിപ്പോയതിനെത്തുടര്‍ന്ന് പ്രത്യേക ചാര്‍ട്ടര്‍ വിമാനം ഏര്‍പ്പെടുത്തിയാണ് ജോഹന്നാസ്‌ബെര്‍ഗ് വഴി അയച്ചത്.ദുബായ് വഴിയുള്ള യാത്ര അസാധ്യമായ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക,വെസ്റ്റ് ഇന്‍ഡീസ്,ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളും പരിശീലകരും കമന്റേറ്റര്‍മാരും ഐപിഎല്ലിനായി ഇന്ത്യയിലെത്തുമോ എന്നത് വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാകൂ. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളെ നിലവില്‍ ഈ പ്രതിസന്ധി ബാധിച്ചിട്ടില്ല.
