ഒന്നടിച്ച് മുന്നിലെത്തിയതിന് പിന്നാലെ പ്രതിരോധം തീർത്ത് സിറ്റി; എമിറേറ്റ്സിൽ പെപ്പിന്റെ തന്ത്രങ്ങൾ പാളി; ആവേശപ്പോരിൽ ആഴ്സണലിന് ഇഞ്ചുറി ടൈമിൽ സമനില; ഗോൾ വല കുലുക്കിയത് പകരക്കാരനായെത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി
ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ ആവേശപ്പോരിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സമനില പിടിച്ച് ആഴ്‌സണല്‍. ഗബ്രിയേൽ മാർട്ടിനെല്ലിയുടെ അവസാന നിമിഷ ഗോളിലൂടെ ആഴ്‌സണല്‍ 1-1 സമനില പിടിച്ചത്. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, കളിയുടെ ആദ്യ പത്ത് മിനിറ്റിനുള്ളില്‍ ഗോള്‍ വഴങ്ങിയ ആഴ്‌സണല്‍ 90 മിനിറ്റ് പിന്നിട്ട് ഇഞ്ചുറി ടൈമിലാണ് സമനില ഗോള്‍ നേടി സമനില പിടിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ എർലിംഗ് ഹാളണ്ട് സിറ്റിക്കായി ഗോൾ നേടി. ടിജാനി റീൻഡേഴ്സിന്റെ പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽ നിന്ന് താരം കൃത്യമായി ലക്ഷ്യം കണ്ടു. ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി ഹാലാണ്ടിന്റെ പന്ത്രണ്ടാമത്തെ ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ സിറ്റി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, ആഴ്സനലിന്റെ മിഡ്ഫീൽഡ് താരങ്ങൾക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ല.
രണ്ടാം പകുതിയിൽ പരിക്കിൽ നിന്ന് തിരിച്ചെത്തിയ ബുകായോ സാക്കയെയും എബെറെച്ചി എസെയെയും കളത്തിലിറക്കിയതോടെ ആഴ്‌സണലിന്റെ കളിയിൽ ജീവൻ വെച്ചു. സാക്കയും എസെയും ഗോൾകീപ്പറെ പരീക്ഷിച്ചു. എന്നാൽ, പെപ് ഗ്വാർഡിയോള സിറ്റി പ്രതിരോധത്തിലേക്ക് മാറ്റുകയും അവസാന നിമിഷങ്ങളിൽ ഹാളണ്ടിനെ പിൻവലിക്കുകയും ചെയ്തതോടെ കളി മാറുകയായിരുന്നു.
ഇൻജുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ എസെ നൽകിയ പാസ് സ്വീകരിച്ച് മാർട്ടിനെല്ലി മുന്നേറി. സിറ്റിയുടെ ഓഫ്സൈഡ് കെണിയിൽ വീഴാതിരുന്ന മാർട്ടിനെല്ലി, ഗോൾകീപ്പറെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ ആഴ്‌സണല്‍ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടു.
ഈ സമനിലയോടെ ആഴ്‌സണല്‍ പട്ടികയിൽ രണ്ടാമതാണ്. ആദ്യ മത്സരങ്ങളെല്ലാം ജയിച്ചെത്തിയ ലിവർപൂളിന് അഞ്ച് പോയിന്റ് പിന്നിലാണ് അവർ. അതേസമയം, അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രം നേടിയ മാഞ്ചസ്റ്റർ സിറ്റി ഒൻപതാം സ്ഥാനത്താണ്. എട്ട് പോയിന്റ് പിന്നിൽ നിൽക്കുന്ന സിറ്റിക്ക് കിരീട പോരാട്ടത്തിൽ തിരിച്ചടിയായിരിക്കുകയാണ് ഈ ഫലം.
ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ ഫുൾഹാം ബ്രെന്റ്‌ഫോർഡിനെ 3-1ന് തോൽപ്പിച്ചു. സണ്ടർലൻഡ് - ആസ്റ്റൻ വില്ല മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. ബേൺമത് - ന്യൂകാസിൽ യുണൈറ്റഡ് പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചു. അഞ്ചു കളികൾ പൂർത്തിയായിട്ടും ആസ്റ്റൻ വില്ലയ്ക്ക് ജയം നേടാനായിട്ടില്ല.
പോയിന്റ് പട്ടികയിൽ ലിവർപൂൾ ഒന്നാം സ്ഥാനത്തും ആഴ്‌സണൽ രണ്ടാം സ്ഥാനത്തും തുടരുന്നു. ടോട്ടനം, ബേൺമത് ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. മാഞ്ചസ്റ്റർ സിറ്റി ഒൻപതാം സ്ഥാനത്താണ്. അവസാനം വരെ പോരാടി തോൽവി ഒഴിവാക്കിയ ആഴ്‌സണലിന്റെ പ്രകടനം ശ്രദ്ധേയമായി.