100% ജീസസ് എന്നെഴുതിയ ഹെഡ് ബാന്‍ഡുമായി ട്രാക്കിലിറങ്ങി; ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മതവിവാദത്തില്‍ കുടുങ്ങി ബ്രിട്ടീഷ് സ്പ്രിന്റര്‍ ജെറമിയ അസു; തന്റെ വിജയം വിശ്വാസത്തിന്റെ കരുത്തിലെന്ന് താരം

100% ജീസസ് എന്നെഴുതിയ ഹെഡ് ബാന്‍ഡുമായി ട്രാക്കിലിറങ്ങി

Update: 2025-09-17 18:21 GMT

ടോക്കിയോ: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മത സന്ദേശപരമായ ഹെഡ്ബാന്‍ഡ് ധരിച്ച് ട്രാക്കിലിറങ്ങി വിവാദത്തില്‍ അകപ്പെട്ട് ബ്രിട്ടീഷ് സ്പ്രിന്റര്‍ ജെറമിയ അസു. '100% ജീസസ്' എന്ന് എഴുതിയ ഹെഡ്ബാന്‍ഡ് ധരിച്ചാണ് അദ്ദേഹം ട്രാക്കിലെത്തിയത്. 100 മീറ്ററില്‍ 10 സെക്കന്‍ഡിന് താഴെ ഓടുന്ന ആദ്യത്തെ വെല്‍ഷ് താരം എന്ന നേട്ടം അസു സ്വന്തമാക്കി.

എങ്കിലും ലോക അത്ലറ്റിക്സ് മീറ്റിലെ നിയമങ്ങള്‍ പ്രകാരം മതരാഷ്ട്രീയ സന്ദേശങ്ങള്‍ നിരോധിതമാണെന്നും, ഇനി നടക്കാനിരിക്കുന്ന സ്പ്രിന്റ് റിലേയ്ക്കായി കളത്തിലിറങ്ങുമ്പോള്‍ അദ്ദേഹം വീണ്ടും അതു ധരിക്കരുതെന്നും സംഘടന വ്യക്തമാക്കി.




എന്നാല്‍ വിശ്വാസമാണ് തന്റെ കരുത്തെന്ന് അസു പ്രതികരിച്ചത്. ഭക്തിനിഷ്ഠയുള്ള കുടുംബത്തില്‍ നിന്നുള്ളവനാണ് താനെന്നും തന്റെ വിജയത്തിന് പിന്നില്‍ വിശ്വാസത്തിന്റെ ശക്തിയാണെന്നും അദ്ദേഹം വിശദീകരിച്ചു.

'സ്റ്റാര്‍ട്ട് ലൈനില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ല ചെയ്യുന്നതെന്ന് തോന്നുന്നു. എന്റെ പിന്നില്‍ ഒരു വലിയ ശക്തിയുണ്ടെന്ന് അനുഭവപ്പെടുന്നു. കാര്യങ്ങള്‍ ശരിയായാലും തെറ്റിയായാലും, അത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് അറിഞ്ഞതിനാല്‍ എനിക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നു.തന്റെ ഒരോ വിജയവും ദൈവത്തിന്റെ ശക്തിയുടെ പ്രതിഫലനമാണെന്നും അസു പറയുന്നു.

വിഷയത്തില്‍ ബ്രിട്ടന്റെ അത്ലറ്റിക്സ് സംഘം ഇതുവരെ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ തന്നെ അസു റിലേ മത്സരത്തില്‍ വീണ്ടും ഹെഡ്ബാന്‍ഡ് ധരിക്കുമോ എന്നത് വ്യക്തമായിട്ടില്ല.




അതേ സമയം ഇതാദ്യമായല്ല മതസന്ദേശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കായിക ലോകത്ത് ഉണ്ടാവുന്നത്. ക്രിസ്റ്റല്‍ പാലസിന്റെയും ഇംഗ്ലണ്ട് ടീമിന്റെയും താരമായ മാര്‍ക് ഗുയി കഴിഞ്ഞ സീസണില്‍ 'ഐ ലവ് ജീസസ്' എന്ന് എഴുതിയ ആര്‍ംബാന്‍ഡ് ധരിച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍ പെട്ടിരുന്നു.ബ്രസില്‍ സൂപര്‍ താരം നെയ്മറും പല അവസരങ്ങളിലും '100% ജീസസ്' എന്ന ഹെഡ്ബാന്‍ഡ് ധരിച്ചിട്ടുണ്ട്.

2015-ല്‍ ബാഴ്സലോണയുടെ ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷത്തിലും,2016-ല്‍ റിയോ ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ നേടിയപ്പോള്‍ പൊഡിയത്തില്‍ കയറുമ്പോഴും പിന്നീട് ബാലണ്‍ ഡി ഓര്‍ നാമനിര്‍ദേശ വീഡിയോയിലും നെയ്മര്‍ പ്രത്യക്ഷപ്പെട്ടത് ബാന്റുമായാണ്.

ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ റൂള്‍ 50 പ്രകാരം: 'ഒളിമ്പിക്സിലെ സ്റ്റേഡിയം, വേദി, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മത, രാഷ്ട്രീയ, വര്‍ഗീയ പ്രചാരണങ്ങള്‍ അനുവദനീയമല്ല.'2021 ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി IOC പ്രസിഡന്റ് തോമസ് ബാച്ച് താരങ്ങളോട് നിയമം പാലിക്കണമെന്ന് ഓര്‍മ്മിപ്പിച്ചിരുന്നു.

അതിനാല്‍ തന്നെ ജെറമിയ അസു അടുത്ത മത്സരത്തില്‍ വീണ്ടും ഹെഡ്ബാന്‍ഡ് ധരിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കായിക ലോകവും അധികൃതരും.

Tags:    

Similar News