മൊബൈല്‍ ഫോണ്‍ അടിച്ചു മാറ്റി ചീറിപ്പാഞ്ഞ് വാന്‍; ഓടിത്തോല്‍പ്പിച്ച് ഫോണ്‍ തിരിച്ചു വാങ്ങി ഇതിഹാസ താരം മോഫറ വീണ്ടും താരമായി
മൊബൈൽ ഫോൺ അടിച്ചു മാറ്റി പറന്ന വാനിനെ ഓടിത്തോൽപ്പിച്ച് ഫോൺ തിരിച്ചു വാങ്ങി ഇതിഹാസ താരം മോഫറ
ലണ്ടന്‍: ഓളിമ്പിക്സിലെ ദീര്‍ഘ ഓട്ടമത്സരങ്ങളില്‍ വെന്നിക്കൊടി പാറിച്ച സര്‍ മോ ഫറ വിചാരിച്ചിരുന്നത്, തന്റെ ഓട്ടത്തിന്റെ നാളുകള്‍ അവസാനിച്ചെന്നും, ഇനിയുള്ളത് വിശ്രമത്തിന്റെ നാളുകളാണെന്നും ആയിരുന്നു. എന്നാല്‍, ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മുന്‍ ഒളിമ്പ്യന്‍.തന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് ഒരു വാനില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് മോഷ്ടാക്കളെയാണ് തന്റെ അതിവേഗ പാദങ്ങളുടെ സഹായത്താല്‍ അദ്ദേഹം പിടികൂടി ഫോണ്‍ തിരികെ വാങ്ങിയത്.
കഴിഞ്ഞയാഴ്ച ഭാര്യ ടാനിയയ്ക്കൊപ്പം വ്യായാമത്തിന്റെ ഭാഗമായ ഓട്ടത്തിനിറങ്ങിയതായിരുന്നു അദ്ദേഹം. അവര്‍ താമസിക്കുന്ന, അതീവ സുരക്ഷയുള്ള ഗേറ്റഡ് കമ്മ്യൂണിറ്റിക്കുള്ളില്‍ ആയിരുന്നു നാല് തവണ മേഡല്‍ ജേതാവായ മോ ഫറയും ഭാര്യയും വ്യായാമത്തിനിറങ്ങിയത്. സുരക്ഷിതമായ ഇടമായതിനാല്‍, അദ്ദേഹം തന്റെ ഫോണ്‍ സ്വകാര്യ റോഡിന്റെ വശത്തായി വെച്ചു. വ്യായാമം കഴിഞ്ഞ് അത് തിരികെ എടുക്കാമെന്നായിരുന്നു അദ്ദേഹം കരുതിയത്.
അധികം വൈകാതെ തന്നെ ഒരു വലിയ വെളുത്ത വാന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. സാധാരണയായി ഇത്തരം സമ്പന്നരുടെ സ്വകാര്യ ഗെയ്റ്റഡ് കമ്മ്യൂണിറ്റികളില്‍ കാണാന്‍ ഇടയില്ലാത്ത തരത്തിലുള്ള ഒന്നായിരുന്നു അത്. അതില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ പുറത്തിറങ്ങി മൊബൈല്‍ ഫോണ്‍ കൈക്കലാക്കി വാനില്‍ കയറി ഓടിച്ചു പോവുകയായിരുന്നു. എന്നാല്‍, തങ്ങള്‍ ആരോടാണ് കളിക്കുന്നത് എന്നത് അവര്‍ ഓര്‍ത്തില്ല, അല്ലെങ്കി അവര്‍ക്ക് അറിയുമായിരുന്നില്ല.
പിന്നെ 41 കാരനായ സര്‍ മോ ഫറക്ക് ഒന്നും ചിന്തിക്കാനാവുമായിരുന്നില്ല. ഒരു നിമഷത്തേക്ക് അദ്ദേഹത്തിന്റെ മുന്നിലുള്ള റോഡ് ഒളിമ്പിക്‌സ് ട്രാക്കായി മാറുകയായിരുന്നു. ഭൂതാവേശിതനെ പോലെ ആ മുന്‍ താരം കുതിച്ചു പാഞ്ഞു. ഭാര്യ നോക്കി നില്‍ക്കവെ, എല്ലാം മതിമറന്നോടുന്ന താരത്തിനോട് കിടപിടിക്കാന്‍ കള്ളന്മാരുടെ പഴയ വാനിനായില്ല. പിടികൂടും എന്ന് ഉറപ്പായതോടെ അവര്‍ ഫോണ്‍ തിരികെ നല്‍കി വാനില്‍ കയറി അതിവേഗം ഓടിച്ചു പോവുകയായിരുന്നു. ഇത് കണ്ടുനിന്ന മറ്റു ചില ദൃക്സാക്ഷികളാണ് ഈ കഥ പുറത്താക്കിയത്.