ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ പരിക്കേറ്റു; ഇന്തോനേഷ്യയുടെ 19കാരനായ ജിംനാസ്റ്റിക് താരത്തിന് ദാരുണാന്ത്യം
മോസ്‌കോ: റഷ്യയില്‍ പരിശീലനത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 19-വയസ്സുകാരനായ ഇന്തോനേഷ്യയുടെ ജിംനാസ്റ്റിക് താരത്തിന് ദാരുണാന്ത്യം. ഹോറിസോണ്ടല്‍ ബാര്‍ പരിശീലനത്തിനിടെ ഫോം പിറ്റിലേക്ക് വീണ് പരിക്കേറ്റ നൗഫല്‍ തക്ദിര്‍ അല്‍ ബാരിയാണ് ചികിത്സയില്‍ കഴിയവെ മരിച്ചത്. 12 ദിവസത്തെ തീവ്രപരിചരണത്തിനു ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതെന്ന് ഇന്തോനേഷ്യന്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ അറിയിച്ചു.
ഈ വര്‍ഷം ഇന്തോനേഷ്യയില്‍ നടക്കുന്ന ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ പങ്കാളിയാകാന്‍ സാധ്യതയുണ്ടായിരുന്ന മികച്ച പ്രതിഭയായിരുന്നു നൗഫലെന്ന് ഫെഡറേഷന്‍ അനുസ്മരിച്ചു. 53-ാമത് FIG ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ലോക ചാമ്പ്യന്‍ഷിപ്പ് 2025, 2025 സീ ഗെയിംസ് ബാങ്കോക്ക് തുടങ്ങിയവയിലും അദ്ദേഹം മത്സരിക്കാനിരിക്കുകയായിരുന്നു.
'ഇന്തോനേഷ്യന്‍ ജിംനാസ്റ്റിക്‌സിന് ഏറ്റവും മികച്ച പ്രതിഭയെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് ഞങ്ങള്‍ക്ക് കനത്ത ആഘാതവും ദുഃഖവുമാണ്,' ഫെഡറേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അത്‌ലറ്റിന് അപകടകരമായ ഒരു അഭ്യാസത്തിനായി മതിയായ പരിശീലനം ലഭിച്ചിരുന്നില്ലെന്ന് റഷ്യന്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ ഉപാധ്യക്ഷന്‍ വാസിലി ടിറ്റോവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.