ബോക്‌സിങ് ഡേ ടെസ്റ്റ്; അരങ്ങേറ്റത്തിൽ കസറി കോണ്‍സ്റ്റാസ്; ജസ്പ്രീത് ബുംറയെ സിക്സർ പറത്തി 19 കാരന് റെക്കോർഡ്; ഓസ്‌ട്രേലിയ മികച്ച സ്കോറിലേക്ക്

Update: 2024-12-26 05:16 GMT

മെല്‍ബണ്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ക്രിക്കറ്റ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം. അരങ്ങേറ്റ മത്സരത്തിൽ ആക്രമിച്ചു കളിച്ച 19-കാരനായ ഓപ്പണര്‍ സാം കോണ്‍സ്റ്റാസായിരുന്നു ആദ്യ സെഷനിലെ താരം. അര്‍ധസെഞ്ചുറിയുമായി കോസ്റ്റാസ് അരങ്ങേറ്റം ഗംഭീരമാക്കി. ഒടുവില്‍ 60 റണ്‍സെടുത്ത കോണ്‍സ്റ്റാസിനെ രവീന്ദ്ര ജഡേജ പുറത്താക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ 223/2 എന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജ (57)യെ ബുംറയാണ് മടക്കിയത്. മാര്‍നസ് ലെബുഷെയ്‌നും (67) സ്മിത്തും (33) എന്നിവരാണ് ക്രീസിൽ.

ആദ്യസെഷനില്‍ ഖവാജ-കോസ്റ്റാസ് കൂട്ടുക്കെട്ടിന്റെ ആധിപത്യമായിരുന്നു മെൽബണിൽ. പ്രതിരോധിക്കാതെ ആക്രമണശൈലിയില്‍ ബാറ്റേന്തിയ 19-കാരനായ കോണ്‍സ്റ്റാസ്‌ ബുംറയെ അടക്കം ഭയമില്ലാതെ നേരിട്ടു. ഏഴാം ഓവറില്‍ ബുംറയ്‌ക്കെതിരെ തുടര്‍ച്ചയായ ബൗണ്ടറികള്‍ പറത്തിയും കോണ്‍സ്റ്റാസ് വരവറിയിച്ചു.

ടെസ്റ്റ് ക്രിക്കറ്റില്‍ ജസ്പ്രീത് ബുംറക്കെതിരെ സിക്‌സര്‍ പറത്തുന്ന എട്ടാമത്തെ ബാറ്ററായി കോണ്‍സ്റ്റാസ് റെക്കോര്‍ഡ് ബുക്കുകളില്‍ ഇടം നേടി. കോണ്‍സ്റ്റാസ് ബുമ്രയുടെ ഒരോവറില്‍ മാത്രം 18 റണ്‍സാണ് അടിച്ചെടുത്തത്. ആ ഓവറില്‍ ഒരു സിക്‌സും രണ്ട് ഫോറും രണ്ട് ഡബിളും കോണ്‍സ്റ്റാസ് നേടി. ടെസ്റ്റില്‍ ബുമ്രയ്‌ക്കെതിരെ 4,483 പന്തുകള്‍ക്ക് ശേഷം സിക്‌സ് നേടുന്ന ആദ്യ താരമായി കോണ്‍സ്റ്റാസ്. അതുവരെ 4,483 പന്തുകള്‍ ബുമ്ര സിക്‌സ് വഴങ്ങാതെ എറിഞ്ഞിട്ടുണ്ട്.

പ്രതീക്ഷിച്ച പോലെ ഒരു മാറ്റവുമായാണ് ഇന്ത്യ നിർണായകമായ ടെസ്റ്റിനിറങ്ങിയത്. മോശം ഫോമിൽ തുടരുന്ന ശുഭ്മാന്‍ ഗില്ലിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണറായി എത്തുമെന്നതും ശ്രദ്ധേയമാണ്. ഗില്ലിന് പകരം കെ എല്‍ രാഹുല്‍ മൂന്നാമനായി ക്രീസിലെത്തും. ഓസ്ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 19കാരന്‍ സാം കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റത്തിന് പുറമെ സ്‌കോട്ട് ബോളണ്ടും ടീമിലെത്തി. നതാന്‍ മക്സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസ് എത്തിയത്. പരിക്കേറ്റ് ജോഷ് ഹേസല്‍വുഡിന് പകരക്കാരനാണ് ബോളണ്ട്.

Tags:    

Similar News