'അയല്‍പ്പോരില്‍' പിന്മാറുമെന്ന് ഭീഷണി മുഴക്കി; പഴയ 'ഉപകാരം' ഓര്‍മ്മിപ്പിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്; ഒടുവില്‍ പാക്കിസ്ഥാന്‍ 'യുടേണ്‍' അടിക്കുന്നു! കോടികളുടെ നഷ്ടം പേടിച്ച് നഖ്വി നിലപാട് മാറ്റുന്നു; ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടം അരങ്ങേറുമോ? അണിയറയില്‍ നാടകീയ നീക്കങ്ങള്‍
ലഹോര്‍: ട്വന്റി20 ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന ഭീഷണി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തുടരുമ്പോഴും തീരുമാനത്തില്‍ 'യുടേണ്‍' അടിക്കാന്‍ സാധ്യത ഏറുന്നു. ശ്രീലങ്കന്‍ ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ബഹിഷ്‌കരണ ഭീഷണിയില്‍നിന്ന് 'യുടേണ്‍' അടിക്കാന്‍ ഒരുങ്ങുന്നതെന്നാണു വിവരം. ഇന്ത്യയെ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് ശ്രീലങ്ക പാക്കിസ്ഥാനു കത്തയച്ചിരുന്നു. ശ്രീലങ്കയുടെ ആവശ്യം തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് പിസിബിയുടെ നിലപാട്.
ലോകകപ്പിലെ ആവേശകരമായ ഈ മത്സരം ഉപേക്ഷിക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ടൂര്‍ണമെന്റിന്റെ ശോഭ കെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീലങ്ക രംഗത്തെത്തിയത്. ലോകകപ്പിലെ ഏറ്റവും വാണിജ്യ മൂല്യമുള്ള മത്സരമാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ഇത് നടന്നില്ലെങ്കില്‍ ടിക്കറ്റ് വരുമാനം, ടൂറിസം, മറ്റ് അനുബന്ധ മേഖലകള്‍ എന്നിവയില്‍ ശ്രീലങ്കയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകും.
സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ മറ്റു രാജ്യങ്ങള്‍ പാക്കിസ്ഥാന്‍ കളിക്കാന്‍ മടിച്ചപ്പോള്‍, ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇടപെട്ട് തങ്ങളുടെ താരങ്ങളെ പാക്കിസ്ഥാനിലേക്ക് അയച്ച കാര്യം ലങ്കന്‍ ബോര്‍ഡ് ഓര്‍മ്മിപ്പിച്ചു. ആ സൗഹൃദത്തിന്റെ പുറത്ത് പാക്കിസ്ഥാന്‍ ഈ മത്സരത്തിനായി സഹകരിക്കണമെന്നാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഷമ്മി സില്‍വ ആവശ്യപ്പെട്ടത്. പിസിബി ചയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയുമായി ഷമ്മി സില്‍വ നേരിട്ട് സംസാരിച്ചു. പാക് സര്‍ക്കാര്‍ നിലവില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ശ്രീലങ്കയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട്, ഇക്കാര്യം വീണ്ടും പാക് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് നഖ്വി ഉറപ്പുനല്‍കി.
പിസിബി തലവനും പാക്കിസ്ഥാനിലെ മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി, പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നു പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പില്‍ ഫെബ്രുവരി 15ന് നടക്കേണ്ട ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാരാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ലോകകപ്പില്‍നിന്നു പുറത്തായ ബംഗ്ലദേശിനു പിന്തുണ അറിയിച്ചായിരുന്നു പാക്കിസ്ഥാന്റെ ബഹിഷ്‌കരണ ഭീഷണി. എന്നാല്‍ ശ്രീലങ്ക ഇടപെട്ടതോടെ പാക്കിസ്ഥാന്‍ അയയുകയായിരുന്നു.
ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ പാക്കിസ്ഥാനെ സഹായിച്ചതടക്കം പരാമര്‍ശിച്ചായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കത്തയച്ചത്. ''മത്സരങ്ങള്‍ക്കായുള്ള എല്ലാ ഒരുക്കങ്ങളും ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ പല സാഹചര്യങ്ങളിലും ഞങ്ങള്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ പോയിട്ടുണ്ട്. അതില്‍ പലപ്പോഴും സുരക്ഷാ ഭീഷണിയുണ്ടായിട്ടുണ്ട്. ശ്രീലങ്കന്‍ ദേശീയ ടീം പാക്കിസ്ഥാനില്‍ വച്ച് അക്രമിക്കപ്പെട്ടു, താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും പരുക്കേറ്റു. പലരും ഇപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. അതിനു ശേഷവും പാക്കിസ്ഥാനില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായപ്പോള്‍, താരങ്ങള്‍ വലിയ സമ്മര്‍ദത്തിലാകുകയും മത്സരങ്ങള്‍ ഉപേക്ഷിച്ച് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും സര്‍ക്കാരും എന്നും പാക്കിസ്ഥാനൊപ്പം നിന്ന് മത്സരങ്ങള്‍ക്ക് ഇറങ്ങിയിട്ടുണ്ട്. മറ്റു പല ടീമുകളും പാക്കിസ്ഥാനില്‍ കളിക്കാന്‍ തയാറാകാതിരുന്നപ്പോഴായിരുന്നു ഇത്.'' ശ്രീലങ്കന്‍ ബോര്‍ഡ് അയച്ച കത്തില്‍ പ്രതികരിച്ചു.
2009 മാര്‍ച്ചില്‍ ശ്രീലങ്കന്‍ ടീമിനെതിരെ അക്രമമുണ്ടായതിനു ശേഷം ദീര്‍ഘകാലം പാക്കിസ്ഥാനില്‍ രാജ്യാന്തര മത്സരങ്ങള്‍ നടന്നിരുന്നില്ല. പിന്നീട് പാക്കിസ്ഥാനില്‍ കളിക്കാന്‍ പോയ ആദ്യത്തെ പ്രധാന ടീം ശ്രീലങ്കയായിരുന്നു. ഇന്ത്യ പാക്ക് ലോകകപ്പ് മത്സരം നടന്നില്ലെങ്കില്‍ ആതിഥേയരായ ശ്രീലങ്കയ്ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയിലൂടെ ശ്രീലങ്ക വലിയ വരുമാനമാണു ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.
ബഹിഷ്‌കരണത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്മാറുമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ പാക്കിസ്ഥാന്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ന് കൊളംബോയില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടുകയാണ്. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിനാല്‍ പാക്കിസ്ഥാന് സൂപ്പര്‍ 8ല്‍ എത്താന്‍ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ജയം അനിവാര്യമാണ്. സല്‍മാന്‍ അഗയാണ് പാക്കിസ്ഥാനെ നയിക്കുന്നത്.
