'മാപ്പുപറഞ്ഞ് സഞ്ജു സാംസണ്‍ പടിയിറങ്ങുന്നുവോ? 'വിശ്വസിച്ചവരോട് ക്ഷമ ചോദിക്കുന്നു, ഇനിയൊരു അവസരം കിട്ടുമോ എന്നറിയില്ല'; സൈബര്‍ ലോകത്ത് പടരുന്ന സന്ദേശത്തിന് പിന്നിലെ സത്യമെന്ത്? ഇഷാന്‍ കിഷന്‍ കത്തിക്കയറുമ്പോള്‍ 'സഞ്ജുവിന്റെ' വൈറല്‍ കുറിപ്പിന് പിന്നില്‍

'സഞ്ജുവിന്റെ' വൈറല്‍ കുറിപ്പിന് പിന്നില്‍

Update: 2026-02-07 12:18 GMT

മുംബൈ: ഇന്ത്യന്‍ ടീമിന്റെ ട്വന്റി20 ലോകകപ്പ് പ്രയാണം യു.എസ്.എയ്ക്കെതിരെ ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍, മലയാളി ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം സഞ്ജു സാംസണ്‍ തന്നെയാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് പ്ലേയിങ് ഇലവനില്‍ ഇടം നേടാനുള്ള സഞ്ജുവിന്റെ സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വെറും 46 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇതില്‍ തിരുവനന്തപുരത്ത് നടന്ന അവസാന മത്സരത്തില്‍ ആറുറണ്‍സിന് പുറത്തായതും ആരാധകരെ നിരാശരാക്കി. ഇതിനിടെ, താരത്തിന്റെ പേരില്‍ ഒരു വ്യാജ ക്ഷമാപണ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ലോകകപ്പ് ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയപ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാന്‍ കഴിയാതെപോയതിന്റെ നിരാശ ഇത്തവണ മാറുമെന്നും, പ്രധാന വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പാണെന്നും അവര്‍ കണക്കുകൂട്ടി.

എന്നാല്‍, ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ പ്രകടനം ഈ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. പരമ്പരയിലെ എല്ലാ മത്സരങ്ങളിലും അവസരം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിനായില്ല. മറുവശത്ത്, ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയ ഇഷാന്‍ കിഷന്‍, ഒരു സെഞ്ചുറിയടക്കം നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഇതോടെ ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്ന് സഞ്ജു പുറത്താകുമെന്ന നിലയായി. സന്നാഹമത്സരത്തില്‍ സഞ്ജുവിന് പകരം ഇഷാനാണ് ഓപ്പണറായി ഇറങ്ങിയത്. യു.എസ്.എയ്ക്കെതിരായ മത്സരത്തിലും ഇഷാന്‍ തന്നെ ഓപ്പണറാകുമെന്നാണ് സൂചന.

മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ടീമിന്റെ ഏഴയലത്ത് പോലും അടുപ്പിക്കരുതെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായി. ഇതിനിടെയാണ്, താന്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നതായും ഇനി അവസരം ലഭിക്കുമോ എന്നറിയില്ലെന്നും പറയുന്ന ഒരു സന്ദേശം സഞ്ജുവിന്റെ പേരില്‍ വ്യാപകമായി പ്രചരിച്ചത്.

'എന്നില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു, നിങ്ങള്‍ പ്രതീക്ഷിച്ചതു നല്‍കാന്‍ എനിക്കു കഴിഞ്ഞില്ല. ഭാവിയില്‍ മാനേജ്‌മെന്റ് എനിക്ക് കളിക്കാന്‍ അവസരം നല്‍കുമോ എന്ന് എനിക്കറിയില്ല, പക്ഷേ ഞാന്‍ എന്റെ ടീമിനെ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നു, അത് തുടരുകയും ചെയ്യും.''- ഇങ്ങനെയായിരുന്നു കുറിപ്പ്. താരത്തിനെതിരായ സൈബര്‍ ആക്രമണങ്ങളുടെ ഭാഗമായാണ് ഈ വ്യാജ ക്ഷമാപണ സന്ദേശം പ്രചരിക്കുന്നതെന്ന് വ്യക്തമാക്കപ്പെടുന്നു.


ഇന്ത്യ ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുമ്പോള്‍, മോശം ഫോമിന്റെയും വ്യാജ പ്രചരണങ്ങളുടെയും ഇരട്ടപ്രഹരമാണ് സഞ്ജു സാംസണ്‍ നേരിടുന്നത്, ഇത് അദ്ദേഹത്തിന്റെ ടീമിലെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സഞ്ജുവിന്റെ മോശം ഫോമിനിടെ ബാക്കപ്പ് കീപ്പര്‍ ആയിരുന്ന ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ പ്രകടനവുമായി മുന്നിലെത്തി. ന്യൂസീലന്‍ഡ് പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടിയ ഇഷാന്‍, സന്നാഹ മത്സരത്തിലും ഓപ്പണറായി ഇറങ്ങി തിളങ്ങി. ഇതോടെ ഇന്ന് യുഎസ്എയ്ക്കെതിരായ ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ സഞ്ജുവിനെ മറികടന്ന് ഇഷാന്‍ കിഷന്‍ തന്നെ കീപ്പര്‍ സ്ഥാനത്തെത്തുമെന്ന് ഉറപ്പായി.

മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെതിരെ സംഘടിതമായ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് മലയാളി ആരാധകര്‍ ആരോപിക്കുന്നു. വ്യാജ പ്രസ്താവനകള്‍ നിര്‍മ്മിച്ച് താരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. നിലവില്‍ സഞ്ജു ടീമിനൊപ്പമുണ്ടെങ്കിലും ആദ്യ മത്സരങ്ങളില്‍ ബെഞ്ചിലിരിക്കാനാണ് സാധ്യത.


Tags:    

Similar News