കളത്തില്‍ ഇറങ്ങിയാല്‍ പ്രായം വെറും അക്കമെന്ന് വീണ്ടും തെളിയിച്ച് ഫാഫ് ഡു പ്ലെസിസ്; മേജര്‍ ലീഗ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ ക്യാച്ചുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം
കളത്തില്‍ ഇറങ്ങിയാല്‍ പ്രായം വെറും അക്കമെന്ന് വീണ്ടും തെളിയിച്ച് ഫാഫ് ഡു പ്ലെസിസ്
ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഫാഫ് ഡു പ്ലെസിസ്. മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്കിനെതിരെ ടെക്സസ് സൂപ്പര്‍ കിങ്സിന് വേണ്ടി കളിക്കുമ്പോഴാണ് താരത്തിന്റെ പറന്നെടുത്ത തകര്‍പ്പന്‍ ക്യാച്ച്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിന്റെ 14-ാം ഓവറിലാണ് ഈ സൂപ്പര്ക്യാച്ച് പിറന്നത്. ടെക്സസ് താരം ആദം മില്‍നെ എറിഞ്ഞ പന്തില്‍ ന്യൂയോര്‍ക്കിന്റെ മൈക്കല്‍ ബ്രേസ്വെല് വലിയ ഷോട്ടിന് തന്നെ ശ്രമിച്ചു. എന്നാല്‍ മിഡ് ഓഫില്‍ ഫീല്ഡിങ്ങിലായിരുന്ന ടെക്സസ് നായകന് ഫാഫ് ഡു പ്ലെസിസ് തകര്‍പ്പന്‍ ഡൈവിലൂടെ പന്ത് കൈപ്പിടിയിലാക്കി.
മത്സരത്തില്‍ ഫാഫിന്റെ രണ്ടാമത്തെ ക്യാച്ചായിരുന്നു അത്. നേരത്തെ ക്വിന്റണ്‍ ഡി കോക്കിനെ പുറത്താക്കാനും പറന്നിരുന്നു, അതിനിടെ ആവേശം അവസാന പന്ത് വരെ നീണ്ട പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്കിനെ മൂന്ന് റണ്‍സിന് ടെക്സസ് സൂപ്പര്‍ കിങ്സ് പരാജയപ്പെടുത്തി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടെക്സസ് സൂപ്പര്‍ കിങ്സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്കിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരറ്റത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴുമ്പോഴും പോരാട്ടം നടത്തിക്കൊണ്ടിരുന്ന ഓപണര്‍ ഡെവോണ്‍ കോണ്‍വേയുടെ മികവാണ് ടെസ്കസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 44 പന്തില്‍ കോണ്‍വേ 65 റണ്‍സെടുത്തു.