'സഞ്ജുവിന്റെ പ്രകടനത്തില്‍ പങ്കില്ല; അവന്റെ കഴിവു തന്നെയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം; കൃത്യസ്ഥാനത്ത് കളിപ്പിക്കുന്നു; പിന്തുണയ്ക്കുന്നു'; ഇന്ത്യന്‍ ക്രിക്കറ്റിനായി സഞ്ജു ചെയ്യുന്ന കാര്യങ്ങളെല്ലാം വെറും തുടക്കം മാത്രമെന്ന് ഗംഭീര്‍

സഞ്ജുവിന്റെ കഴിവാണ് എല്ലാത്തിന്റേയും അടിസ്ഥാനമെന്ന് ഗംഭീര്‍

Update: 2024-11-12 13:51 GMT

മുംബൈ: സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹത്തിന്റെ കഴിവു തന്നെയാണ് എല്ലാറ്റിന്റെയും അടിസ്ഥാനമെന്നും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്കു പോകുന്നതിനു തൊട്ടുമുന്‍പു നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടൊയാണ് പ്രതികരണം.

ഗംഭീര്‍ ടീമിന്റെ ചുമതലയേറ്റ ശേഷം സഞ്ജു മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സാഹചര്യത്തിലായിരുന്നു ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നത്. സഞ്ജുവിന്റെ ഇപ്പോഴത്തെ മികച്ച പ്രകടനത്തിനു പിന്നില്‍ തനിക്കു റോളൊന്നുമില്ലെന്ന് ഗംഭീര്‍ വ്യക്തമാക്കി. സഞ്ജുവിന്റെ കഴിവു തന്നെയാണ് ഈ പ്രകടനങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുന്നതിന്റെ ക്രെഡിറ്റ് പരിശീലകനായ ഗൗതം ഗംഭീറിനാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകന്‍ പ്രതികരണം തേടിയപ്പോഴാണ്, തനിക്ക് യാതൊരു പങ്കുമില്ലെന്ന് ഗംഭീര്‍ വ്യക്തമാക്കിയത്.

''അതില്‍ എനിക്ക് ഒരു പങ്കുമില്ലെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന്റെ കഴിവാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. കൃത്യസ്ഥാനത്ത് കളിപ്പിക്കുകയും ഉറച്ച പിന്തുണ നല്‍കുകയുമാണ് നമുക്കു ചെയ്യാനാകുന്ന കാര്യം. ആത്യന്തികമായി ഇത് അദ്ദേഹത്തിന്റെ കഠിനാധ്വാനമാണെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനായി സഞ്ജു ചെയ്യുന്ന കാര്യങ്ങളെല്ലാം വെറും തുടക്കം മാത്രമാണ്. അല്ലാതെ ഇത് ഇവിടെ അവസാനിക്കില്ല. ഈ ഫോമില്‍ ഏറെ ദൂരം മുന്നോട്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.'' ഗംഭീര്‍ പറഞ്ഞു.

''ചില യുവതാരങ്ങള്‍ രാജ്യാന്തര തലത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ തുടങ്ങിയത് ശുഭസൂചനയായാണ് ഞാന്‍ കാണുന്നത്. ഇതെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ ആരോഗ്യകരമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.' ഗംഭീര്‍ ചൂണ്ടിക്കാട്ടി.

''ഓസ്‌ട്രേലിയയില്‍ മുന്‍പ് കളിച്ചിട്ടുള്ള പരിചയസമ്പന്നരായ ഒട്ടേറെ താരങ്ങള്‍ ഈ ടീമിലുണ്ട. അവരുടെ പരിചയസമ്പത്ത് ടീമിലെ യുവതാരങ്ങളെ സംബന്ധിച്ചും ഉപകാരപ്രദമാണ്. ഇനിയുള്ള 10 ദിവസങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്തായാലും 22ാം തീയതി രാവിലെയാകുമ്പോഴേയ്ക്കും ടീം പൂര്‍ണമായും തയാറായിരിക്കും. ആദ്യ പന്തു മുതല്‍ത്തന്നെ ടീം പോരാട്ടം തുടങ്ങും' ഗംഭീര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി20യില്‍ സെഞ്ചറി നേടിയതോടെ, ഇന്ത്യയ്ക്കായി രാജ്യാന്തര ട്വന്റി20യില്‍ തുടര്‍ച്ചയായി സെഞ്ചറി നേടുന്ന ആദ്യ താരമായി സഞ്ജു മാറിയിരുന്നു. ദീര്‍ഘകാലം ടീമിന് അകത്തും പുറത്തുമായിരുന്ന സഞ്ജു, ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റതിനു പിന്നാലെ ടീമില്‍ സ്ഥിരാംഗമായി മാറിയിരുന്നു.

നേരത്തെ, സഞ്ജുവിന്റെ മികച്ച പ്രകടനത്തിനു പിന്നില്‍ പരിശീലകര്‍ക്കു കാര്യമായ റോളില്ലെന്ന് മുന്‍ ദക്ഷിിമാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടിരുന്നു. വി.വി.എസ്. ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍, റയാന്‍ ടെന്‍ ഡോഷെറ്റ്, മോണി മോര്‍ക്കല്‍.... പരിശീലക സംഘത്തിന്റെ ഭാഗമായിട്ടുള്ള ആരെയും കുറച്ചു കാണുകയല്ലെന്നും, സഞ്ജു പക്വതയുള്ള ഒരു കളിക്കാരനെന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞുവെന്നുമായിരുന്നു ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി20യില്‍ സെഞ്ചറി നേടിയതോടെ, ഇന്ത്യയ്ക്കായി രാജ്യാന്തര ട്വന്റി20യില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന ആദ്യ താരമായി സഞ്ജു മാറിയിരുന്നു. എണ്ണംപറഞ്ഞ 10 സിക്സ് ഉള്‍പ്പെടെ കേവലം 47 പന്തിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ സഞ്ജു സെഞ്ചുറി തികച്ചത്.

എന്നാല്‍ രണ്ടാം മത്സരത്തില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. ഏറെക്കാലമായി ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഷ്ടപ്പെട്ടിരുന്നു സഞ്ജു ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റതിനു പിന്നാലെയാണ് ടീമില്‍ സ്ഥിരാംഗമായത്.

Tags:    

Similar News