ഇംഗ്ലണ്ടിനോട് തോറ്റതോടെ സെമി സാധ്യതകൾ തുലാസിൽ; ടി20 ലോകകപ്പിൽ പാകിസ്ഥാന്റെ വിധി ഇനി ന്യൂസിലൻഡ്-ശ്രീലങ്ക മത്സരഫലത്തെയും നെറ്റ് റൺറേറ്റിനെയും ആശ്രയിച്ച്

Update: 2026-02-25 05:49 GMT

പല്ലെക്കലെ: ഇംഗ്ലണ്ടിന് മുന്നിൽ രണ്ട് വിക്കറ്റിന് മുട്ടുമടക്കിയതോടെ ടി20 ലോകകപ്പിൽ പാകിസ്ഥാന്റെ സെമി സാധ്യതകൾ തുലാസിൽ. പല്ലെക്കലെയിലെ കടുപ്പമേറിയ സ്പിൻ പിച്ചിൽ 164 റൺസെന്ന ഭേദപ്പെട്ട സ്കോർ ഉയർത്തിയിട്ടും ഹാരി ബ്രൂക്കിന്റെ ഇന്നിങ്സിന് മുന്നിൽ പാക് ബൗളർമാർ നിഷ്പ്രഭരായതാണ് തിരിച്ചടിയായത്. വെറും 51 പന്തിൽ സെഞ്ചുറി തികച്ച ക്യാപ്റ്റൻ ബ്രൂക്കിന്റെ ഒറ്റയാൻ പ്രകടനം ഇംഗ്ലണ്ടിന് സെമി ടിക്കറ്റ് ഉറപ്പാക്കി.

ഗ്രൂപ്പ് വൈയിൽ നിന്ന് ഇംഗ്ലണ്ട് സെമിയിലെത്തുന്ന ആദ്യ ടീമായപ്പോൾ, പാകിസ്ഥാന്റെ വിധി ഇനി മറ്റുള്ളവരുടെ കൈകളിലാണ്. സൂപ്പർ 8-ൽ അവശേഷിക്കുന്ന മത്സരങ്ങളിലെ ഫലങ്ങൾ ഒത്തുവന്നാൽ മാത്രമേ ബാബർ അസമിനും സംഘത്തിനും അവസാന നാലിൽ ഇടംപിടിക്കാനാവൂ.

കിവികൾ ഇംഗ്ലണ്ടിനോടും ശ്രീലങ്കയോടും തോൽക്കണം. ഒപ്പം, പാകിസ്ഥാൻ അവസാന പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും വേണം. എങ്കിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പാകിസ്ഥാന് മുന്നേറാം. ന്യൂസിലൻഡ് ഒരു മത്സരത്തിൽ ജയിക്കുകയും ഒന്നിൽ തോൽക്കുകയും ചെയ്താൽ ഇരുടീമുകൾക്കും മൂന്ന് പോയിന്റ് വീതമാകും. അങ്ങനെയെങ്കിൽ ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിച്ച് നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്തിയാൽ മാത്രമേ പാകിസ്ഥാന് സാധ്യതയുള്ളൂ.

അതേസമയം, അടുത്ത രണ്ട് മത്സരങ്ങളും ന്യൂസിലൻഡ് ജയിച്ചാൽ പാകിസ്ഥാന്റെ ലോകകപ്പ് മോഹങ്ങൾ അവിടെ അവസാനിക്കും. ന്യൂസിലൻഡും ഇംഗ്ലണ്ടും സെമിയിലേക്ക് നടന്നു കയറും. അതുപോലെ, ന്യൂസിലൻഡിനെയും പാകിസ്ഥാനെയും തോൽപ്പിച്ചാൽ ശ്രീലങ്കയ്ക്കും സെമി സാധ്യതയുണ്ട്. ചുരുക്കത്തിൽ, ഇന്ന് നടക്കുന്ന ന്യൂസിലൻഡ് - ശ്രീലങ്ക മത്സരഫലമാകും പാകിസ്ഥാന്റെ ഭാവി നിശ്ചയിക്കുക. പാക് ആരാധകർ ഇപ്പോൾ പ്രാർത്ഥിക്കുന്നത് ലങ്കൻ വിജയത്തിനായാണ്.

Tags:    

Similar News