'അഭിഷേകിന്റെ സാങ്കേതികത രാജ്യാന്തര ക്രിക്കറ്റിൽ തുറന്നുകാട്ടപ്പെടും'; ക്ഷമയോടെ കളിക്കാൻ ഉപദേശിച്ച് മുഹമ്മദ് ആമിർ; കുൽദീപിനെയും അക്സറിനെയും ഒഴിവാക്കിയത് വലിയ അബദ്ധമെന്നും മുൻ പാക് താരം

Update: 2026-02-24 09:50 GMT

മുംബൈ: ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങിയ ദയനീയ തോൽവിക്ക് പിന്നാലെ ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമയുടെ ബാറ്റിംഗ് ശൈലിയെ വിമർശിച്ച് മുൻ പാക് പേസർ മുഹമ്മദ് ആമിർ. തുടർച്ചയായ മൂന്ന് പൂജ്യങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെയും പതറിയ അഭിഷേകിന് അന്താരാഷ്ട്ര ക്രിക്കറ്റിലെ വെല്ലുവിളികളെക്കുറിച്ച് ആമിർ മുന്നറിയിപ്പ് നൽകി.

"അഭിഷേക് അടിച്ച മൂന്ന് ബൗണ്ടറികളും മോശം പന്തുകളിലായിരുന്നു. അവന് പ്രതിഭയുണ്ട്, മൂന്ന് പൂജ്യങ്ങൾക്ക് ശേഷവും ആത്മവിശ്വാസം കൈവിടാതെ കളിക്കുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഒരു സീനിയർ താരം എന്ന നിലയിൽ എനിക്ക് പറയാനുള്ളത്, അന്താരാഷ്ട്ര ക്രിക്കറ്റ് നിങ്ങളുടെ സാങ്കേതികതയിലെ പിഴവുകൾ എളുപ്പത്തിൽ തുറന്നുകാട്ടും എന്നതാണ്. അല്പം കൂടി ക്ഷമ കാണിക്കുകയും പന്തിന്റെ മെറിറ്റ് അനുസരിച്ച് കളിക്കുകയും ചെയ്യുകയാണ് വേണ്ടത്. അവന് മികച്ച കഴിവുകളുണ്ട്, അത് എങ്ങനെ ഉപയോഗിക്കണം എന്നത് അവന്റെ മാത്രം തീരുമാനമാണ്." നേരത്തെ അഭിഷേകിനെ ഒരു 'സ്ലോഗർ' എന്ന് വിശേഷിപ്പിച്ച ആമിർ, സാഹചര്യത്തിനനുസരിച്ച് കളിക്കാൻ താരം പഠിക്കണമെന്നും കൂട്ടിച്ചേർത്തു.

വിരാട് കോലിയും രോഹിത് ശർമയും ഇല്ലാത്ത ഈ ടീമിൽ സാഹചര്യം ആവശ്യപ്പെടുന്നതുപോലെ കളി കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്ന് ആമിർ ചൂണ്ടിക്കാട്ടി. സ്പിന്നിനെ നേരിടാൻ പ്രയാസപ്പെടുന്ന ദക്ഷിണാഫ്രിക്കൻ നിരയ്ക്കെതിരെ കുൽദീപ് യാദവിനെയും അക്സർ പട്ടേലിനെയും പുറത്തിരുത്തിയത് ഇന്ത്യ കാണിച്ച വലിയ തെറ്റാണെന്നും ആമിർ വിമർശിച്ചു. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംകൈയ്യൻമാരെ ഇറക്കിയതും റിങ്കു സിംഗിന് മതിയായ സമയം നൽകാത്തതും ഇന്ത്യയുടെ പരാജയത്തിന് കാരണമായെന്ന് ആമിർ വ്യക്തമാക്കി.

Tags:    

Similar News