ന്യൂസിലന്റിനോട് വന്‍ മാര്‍ജിനിലെ പരാജയം; വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി; അടുത്ത മത്സരം പാക്കിസ്ഥാനെതിരെ; മരണഗ്രൂപ്പില്‍ ഇന്ത്യക്ക് എതിരാളികളായി ഓസ്ട്രേലിയയും ശ്രീലങ്കയും ഉള്‍പ്പടെ

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി

By :  Aswin P T
Update: 2024-10-05 09:42 GMT

ദുബായ്: വനിതകളുടെ ഐസിസി ടി20 ലോകകപ്പില്‍ തീര്‍ത്തും അപ്രതീക്ഷിതമായ ഒരു തുടക്കമാണ് ഇന്ത്യന്‍ ടീമിനു ലഭിച്ചിരിക്കുന്നത്. കന്നി ലോകകപ്പ് സ്വപനം കണ്ടെത്തിയ ടീം ഇന്ത്യ ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.58 റണ്‍സിന്റെ കനത്ത പരാജയമാണ് പെണ്‍പടയ്ക്കു നേരിടേണ്ടി വന്നിട്ടുള്ളത്. ഇതോടെ ഹര്‍മന്‍പ്രീത് കൗറും സംഘത്തിന്റെയും സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കും കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.

കിരീടത്തില്‍ മുത്തമിടാനായില്ലെങ്കിലും സെമിഫൈനലില്‍ ടീം എത്തുന്നത് പതിവാണ്.എന്നാല്‍ കീവിസിനെതിരെയുള്ള പരാജയം ഇത്തവണ സെമിഫൈനല്‍ മോഹങ്ങള്‍ക്കും കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്.ഇനിയുള്ള മത്സരങ്ങള്‍ ജയിക്കുന്നതിനൊപ്പം തന്നെ മറ്റു മത്സരങ്ങളുടെ ഫലത്തെക്കൂടി ആശ്രയിച്ചാകും ഇന്ത്യയുടെ സെമിപ്രേവേശനം.ടി20 ലോകകപ്പിലെ മരണഗ്രൂപ്പെന്നു വിലയിരുത്തപ്പെടുന്ന എയിലാണ് ഇന്ത്യയുള്ളത്. ഇന്ത്യക്ക് പുറമെ ന്യൂസിലാന്റ്, ഒസ്ട്രേലിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവരാണ് മറ്റു ടീമുകള്‍.

അതുകൊണ്ടു തന്നെ ഇവിടെ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് സെമി ഫൈനലിലേക്കു ടിക്കറ്റെടുക്കുകയെന്നത് ഏറെ കടുപ്പം തന്നെയായിരിക്കും.ബദ്ധവൈരികളായ പാകിസ്താനുമായിട്ടാണ് ഞായറാഴ്ച ഇന്ത്യയുടെ അടുത്ത പോരാട്ടം.ഇതു ഇന്ത്യക്കു ഡു ഓര്‍ ഡൈയ്ക്കു തുല്യമായ മാറിയിരിക്കുകയാണ്.അതിനു ശേഷം ശ്രീലങ്ക, നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍.

ഗ്രൂപ്പു ഘട്ടത്തില്‍ ഇനി ശേഷിക്കുന്ന മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലാണ് ഇന്ത്യക്കു വിജയ പ്രതീക്ഷയുള്ളത്.ചിരവൈരികളായ പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരേയുള്ള മല്‍സരങ്ങളില്‍ ജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഹര്‍മന്‍പ്രീത് കൗറിനും ടീമിനുമുണ്ട്.പക്ഷെ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയെന്നത് ഇന്ത്യക്കു ഏറെക്കുറെ അസാധ്യം തന്നെയായിരിക്കും.

ശേഷിക്കുന്നത് മത്സരങ്ങളെല്ലാം ഇപ്പോള്‍ ടീമിനു നിര്‍ണായകമായി മാറിയിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളിലും ഇന്ത്യക്കു ഉറപ്പായും ജയിക്കേണ്ടതുണ്ട്.ജയിച്ചാല്‍ മാത്രം പോരാ, നെറ്റ് റണ്‍റേറ്റും മെച്ചപ്പെടുത്താന്‍ ടീം ശ്രമിക്കേണ്ടതുണ്ട്.എങ്കില്‍ മാത്രമേ സെമി ഫൈനല്‍ ഇന്ത്യ സ്വപ്നം കാണേണ്ടതുള്ളൂ.ഇനി ശേഷിച്ച മല്‍സരങ്ങളില്‍ പാകിസ്താന്‍, ശ്രീലങ്ക ഇവയിലൊരു ടീമിനോടു തോറ്റാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിക്കും.

ന്യൂസിലാന്‍ഡിനെതിരായ ആദ്യ കളിയിലെ 58 റണ്‍സിന്റെ വന്‍ തോല്‍വി ഇന്ത്യയുടെ നെറ്റ്‌റണ്‍റേറ്റിനെ സാരമായി ബാധിച്ചിട്ടുണ്ട്. -2.900 ലേക്കു അതു വീണിരിക്കുകയാണ്. ഇതോടെ ശ്രീലങ്കയെയും പിന്തള്ളി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കും ഇന്ത്യ വീണു. നേരത്തേ ആദ്യ കളിയില്‍ പാകിസ്താനോടു തോറ്റ ലങ്കയുടെ നെറ്റ്‌റണ്‍റേറ്റ് -1.559 ആണ്.

അതിനാല്‍ തന്നെ പാക്, ലങ്ക എന്നിവരെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കുന്നതോടൊപ്പം മറ്റു ചില മല്‍സരഫലങ്ങള്‍ കൂടി തങ്ങള്‍ക്കു അനുകൂലമായി വരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.ന്യൂസിലാന്‍ഡ് ശേഷിച്ച മുഴുവന്‍ മല്‍സരങ്ങളിലും ജയിക്കുകയാണെങ്കില്‍ അതു ഇന്ത്യക്കു ഗുണം ചെയ്യും.അല്ലെങ്കില്‍ ന്യൂസിലാന്‍ഡ് ഇനിയുള്ള മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും തോല്‍ക്കുകയും വേണം.

ഉറച്ച വിജയപ്രതീക്ഷയോടെയായിരുന്നു കഴിഞ്ഞ ദിവസം കിവികള്‍ക്കെതിരേ ഇന്ത്യയിറങ്ങിയത്. കാരണം അവസാനമായി അവര്‍ക്കെതിരേ കളിച്ച 10 മല്‍സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം.ടി20 ലോകകപ്പിലും ഇതു ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഹര്‍മന്‍പ്രീത് കൗറും സംഘവും.പക്ഷെ ബൗളിങ്, ഫീല്‍ഡിങ്, ബാറ്റിങ് തുടങ്ങി എല്ലാ മേഖലയിലും ഈ കളിയില്‍ ഇന്ത്യ ദുരന്തമായി തീര്‍ന്നു.പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് ഇന്ത്യന്‍ ടീം ഈ മല്‍സരം കൈവിട്ടത്.

അവസാനത്ത മൂന്നു ടി20 ലോകകപ്പുകളെടുത്താല്‍ എല്ലാത്തിലും സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ ഇന്ത്യന്‍ ടീമിനു സാധിച്ചിരുന്നു. 2018ല്‍ ഇംഗ്ലണ്ടിനോടും 2023ല്‍ ഓസ്‌ട്രേലിയയോടും സെമിയില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു. 2020ല്‍ ഫൈനലില്‍ കളിക്കാന്‍ ഇന്ത്യന്‍ പെണ്‍പടയ്ക്കു കഴിഞ്ഞു. പക്ഷെ ഇന്ത്യയുടെ കിരീടസ്വപ്നം ഓസ്‌ട്രേലിയക്കു മുന്നില്‍ തകരുകയായിരുന്നു.

Tags:    

Similar News