നാല് ഓവറിൽ വെറും 8 റൺസ്, മൂന്ന് വിക്കറ്റ്; നേപ്പാളിനെ സ്പിൻ കെണിയിൽ വീഴ്ത്തി മിന്നു മണിയും സംഘവും; വനിത ഏഷ്യാ കപ്പിൽ ഏഴ് വിക്കറ്റ് വിജയം; ഇന്ത്യ സെമിയിലേക്ക്
ബാങ്കോക്ക്: വനിത ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ 'എ' സെമിഫൈനലിൽ പ്രവേശിച്ചു. മലയാളി താരം മിന്നു മണിയുടെയും തനുജ കാൻവാറിന്റെയും മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യൻ വിജയം സമ്മാനിച്ചത്. ഇത് ടൂർണമെന്റിൽ ഇന്ത്യ 'എ'യുടെ തുടർച്ചയായ രണ്ടാം വിജയമാണ്. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ 'എ', മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് എത്തി.
ആദ്യം ബാറ്റ് ചെയ്ത നേപ്പാളിന് 18 ഓവറിൽ വെറും 78 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യൻ സ്പിന്നർമാരുടെ കൃത്യതയാർന്ന ബൗളിംഗ് നേപ്പാൾ ബാറ്റിങ് നിരയെ തകർക്കുകയായിരുന്നു. തനുജ കാൻവാർ നാല് വിക്കറ്റ് നേടിയപ്പോൾ, മിന്നു മണി നാല് ഓവറിൽ വെറും എട്ട് റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തി. രാധ യാദവ് രണ്ട് വിക്കറ്റും സ്വന്തമാക്കി. നേപ്പാളിന്റെ പത്ത് വിക്കറ്റുകളിൽ ഒമ്പതും ഇന്ത്യൻ സ്പിന്നർമാരാണ് വീഴ്ത്തിയത്.
78 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ ദീയ യാദവിനെ നഷ്ടപ്പെട്ടു. എന്നാൽ, മറ്റൊരു ഓപ്പണറായ വൃന്ദ ദിനേശ് ആക്രമണാത്മക ബാറ്റിംഗിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഒമ്പത് ഫോറുകളടക്കം 18 പന്തിൽ പുറത്താകാതെ 39 റൺസ് നേടിയ വൃന്ദയുടെ മികവിൽ ഇന്ത്യ 7.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് നേടി വിജയം ഉറപ്പിച്ചു.