പെര്‍ത്ത് ടെസ്റ്റ്; ഓസ്ട്രേലിയക്കെതിരെ പിടിമുറുക്കി ഇന്ത്യ; രണ്ടാം ഇന്നിംഗ്സില്‍ 172 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ട്കെട്ട്; ഇന്ത്യക്ക് 218 റണ്‍സിന്‍റെ ലീഡ്; സെഞ്ചുറിക്കരികെ യശസ്വി ജയ്സ്വാൾ; വിക്കറ്റ് നേടാനാകാതെ വിയർത്ത് കങ്കാരുപ്പട

Update: 2024-11-23 10:46 GMT

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകർച്ചയ്ക്ക് പിന്നാലെ ശക്തമായ തിരിച്ചു വരവാണ് ടീം മത്സരത്തിൽ നടത്തിയത്. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളിന്‍റെയും കെ എല്‍ രാഹുലിന്‍റെയും മികച്ച ബാറ്റിംഗ് പ്രകടനമാണ് രണ്ടാം ദിനം ഇന്ത്യക്ക് തുണയായത്. ഇരുവരും അപരാജിതരായി ക്രീസിൽ തുടരുകയാണ്.

രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സാണ് ഇന്ത്യയ്ക്കുള്ളത്. 90 റണ്‍സുമായി യശസ്വി ജയ്സ്വാളും 62 റണ്‍സോടെ കെ എല്‍ രാഹുലും ക്രീസില്‍. 10 വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കിപ്പോള്‍ 218 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. 193 പന്തുകള്‍ നേരിട്ട യശസ്വി ഏഴ് ഫോറും രണ്ട് സിക്സും പറത്തിയാണ് 90 റണ്‍സെടുത്തത്. ശ്രദ്ധയോടെ കളിച്ച രാഹുല്‍ 153 പന്തില്‍ നാലു ഫോര്‍ അടക്കമാണ് 62 റണ്‍സടിച്ചത്.

ആദ്യ ദിനം 17 വിക്കറ്റുകള്‍ വീണ പെര്‍ത്തിലെ പിച്ചില്‍ രണ്ടാം ദിനം മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് വീണത്. അവസാന രണ്ട് സെഷനില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഓസീസ് ബൗളിംഗ് നിരക്കായില്ല. 2003നുശേഷം ഓസ്ട്രേലിയയിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. 2003 സിഡ്നിയില്‍ വീരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും ചേര്‍ന്ന് 123 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡാണ് രാഹുലും യശസ്വിയും മറികടന്നത്.

അതേസമയം, ഒന്നാം ഇന്നിംഗ്സിൽ 150 റൺസ് മാത്രം നേടാനായ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് മത്സരത്തിൽ നടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ 104 റണ്‍സിന് പുറത്താക്കാൻ ഇന്ത്യക്കായി. 46 റൺസിനെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും മികച്ച തുടക്കമാണിട്ടത്. പേസര്‍മാര്‍ക്ക് കാര്യമായ പ്രഭാവം ഉണ്ടാക്കാനാവാഞ്ഞതോടെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് മിച്ചല്‍ മാര്‍ഷിനെയും സ്പിന്നര്‍ നേഥന്‍ ലിയോണിനെയും പന്തേല്‍പ്പിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ല.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ചേര്‍ന്നാണ് ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ എറിഞ്ഞൊതുക്കിയത്. ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെന്നപോലെ നാലു പേര്‍ മാത്രമാണ് ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയിലും രണ്ടക്കം കടന്നത്. 112 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന്‍റെ ടോപ് സ്കോറർ.

Tags:    

Similar News