ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലം ഈമാസം സൗദി അറേബ്യയിൽ; ലേലത്തിൽ 366 ഇന്ത്യൻ താരങ്ങൾ; മാർക്വീ ലിസ്റ്റിൽ ഇടം നേടി ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, മുഹമ്മദ് ഷമി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലം ഈമാസം 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കും. 574 താരങ്ങളാണ് മെഗാ ലേലത്തില്‍ പങ്കെടുക്കുക. ഇതിൽ 366 ഇന്ത്യൻ താരങ്ങളാണുള്ളത്. 208 പേര്‍ വിദേശ താരങ്ങളും. ഇതില്‍ത്തന്നെ മൂന്നുപേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
കഴിഞ്ഞ വർഷം ക്യാപ്റ്റനായിരുന്ന താരങ്ങളെയടക്കം ഫ്രാൻഞ്ചൈസികൾ കൈവിട്ടിരുന്നു. ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ് ഉള്‍പ്പെടെയുള്ള മുൻനിര ഇന്ത്യൻ താരങ്ങളും ലേലത്തില്‍ എത്തും.
ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, മുഹമ്മദ് ഷമി എന്നിവർ മാർക്വീ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. പന്തും അയ്യരും മാർക്വീ ലിസ്റ്റ് 1 ൻ്റെ ഭാഗമാണെങ്കിൽ, രാഹുലും ഷമിയും രണ്ടാം പട്ടികയിലാണുള്ളത്. 2 കോടി രൂപയാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വില. 81 കളിക്കാർ ഉയർന്ന ഉയർന്ന അടിസ്ഥാന വിലയിൽ ലേലത്തിലെത്തും.
ഈവര്‍ഷവും മല്ലിക സാഗര്‍ തന്നെയായിരിക്കും ലേലം നിയന്ത്രിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വനിതാ പ്രീമിയര്‍ ലീഗ് ലേലംവിളിയും നിയന്ത്രിച്ചിരുന്നത് നാല്‍പ്പത്തൊന്‍പതുകാരി തന്നെയായിരുന്നു. നേരത്തേ ഹ്യൂഹ് എഡ്‌മെഡെസാണ് ലേലം നിയന്ത്രിച്ചിരുന്നത്. നവംബര്‍ 24 ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് ലേലം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.