സിഡ്നി ടെസ്റ്റ്; രോഹിത് പുറത്തിരിക്കും, ശുഭ്‌മാൻ ഗിൽ തിരിച്ചെത്തും ?; ഹര്‍ഷിത് റാണ പരിക്കേറ്റ ആകാശ് ദീപിന് പകരക്കാരനായെത്തും; ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉറപ്പ്; സാധ്യത ഇലവൻ അറിയാം

Update: 2025-01-02 09:04 GMT

സിഡ്നി: ബോർഡർ ഗവാസ്കർ പരമ്പരയിലെ നിർണായകമായ അവസാന ടെസ്റ്റ് മത്സരത്തിൽ ടീമിൽ ആർക്കൊക്കെ ഇടം നേടാനാകുമെന്ന ചർച്ചകൾ സജീവമാകുകയാണ്. മോശം പ്രകടനത്തെ തുടർന്ന് നിരവധി താരങ്ങളുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുതല്‍ റിഷഭ് പന്ത് വരെയുള്ളവർക്കെതിരെ വിമർശനം ഉയരുമ്പോൾ സിഡ്നിയില്‍ ടീമില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ.

മത്സരത്തലേന്ന് പതിവ് വാര്‍ത്താസമ്മേളനത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവം വാർത്തകളിൽ ഇടം നേടി. കോച്ച് ഗൗതം ഗംഭീര്‍ മാത്രമാണ് മാധ്യമങ്ങളെ കണ്ടത്. അവസാന മത്സരത്തിന് രോഹിത് ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് മത്സര ദിവസം രാവിലെ പിച്ച് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്ന പരിശീലകന്റെ മറുപടി നാളെ രോഹിത് കളിക്കില്ലെന്നതിന്‍റെ സൂചനയായും വ്യഖ്യാനിക്കപ്പെടുന്നുണ്ട്.

മെല്‍ബണില്‍ രണ്ട് ഇന്നിംഗ്സിലും നിര്‍ണായക സമയത്ത് മോശം ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ റിഷഭ് പന്തിനെതിരെയും കടുത്ത വിമർശനം ഉയർന്നിരുന്നു. സാഹചര്യം അനുസരിച്ച് കളിക്കാതെ സ്വാഭാവിക കളിയെന്ന പേരില്‍ മോശം ഷോട്ട് കളിച്ച് പുറത്താവുന്നത് ഇനിയും തുടരാനാവില്ലെന്ന ശക്തമായ താക്കീത് ഗംഭീര്‍ ടീം അംഗങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സിഡ്നിയില്‍ നാളെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് നോക്കാം.

മോശം ഫോമിൽ തുടരുന്ന രോഹിത്തിന് ടീമിൽ ഇടം നേടാനായില്ലെങ്കിൽ കെ എല്‍ രാഹുല്‍ ഓപ്പണറായി തിരിച്ചെത്തും. രോഹിത് കളിച്ചാല്‍ ഒരുപക്ഷെ അത് താരത്തിന്‍റെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരമാകാനും സാധ്യതയുണ്ട്. സിഡ്നിയിലും തോറ്റാല്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സെലക്ടർമാർ രോഹിത്തുമായി സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. അവസാന ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലനത്തിൽ രോഹിത് സ്ലിപ്പിൽ ഫീൽഡിങ് പരിശീലനം നടത്തിയിരുന്നില്ല.

മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിശീലന സെഷനിൽ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന ഗില്ലിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. എന്നാൽ രോഹിത് കളിച്ചില്ലെങ്കില്‍ മാത്രമെ ഗില്ലിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കു. ഇല്ലെങ്കില്‍ രോഹിത്തും യശസ്വിയും തന്നെയാകും ഓപ്പണര്‍മാര്‍. രാഹുല്‍ മൂന്നാം നമ്പറിലും വിരാട് കോലി നാലാം നമ്പറിലും തുടരാനാണ് സാധ്യത. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിന് പകരം ധ്രുവ് ജുറലിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്. മികച്ച ഫോമിലുള്ള നിതീഷ് കുമാര്‍ റെഡ്ഡിക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ പ്രമോഷന്‍ നൽകുന്നത് ടീമിന് ഗുണകരമായേക്കും. മെൽബൺ ടെസ്റ്റിൽ കന്നി സെഞ്ച്വറി നേടിയ താരം മാത്രമാണ് പരമ്പരയിൽ ഇന്ത്യക്കായി സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചത്.

ആറാം നമ്പറില്‍ നിതീഷ് ബാറ്റിംഗിനെത്തും. സിഡ്നിയില്‍ സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിക്കുമെന്നതിനാല്‍ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും നാളെ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പാണ്. പേസര്‍ ആകാശ് ദീപ് കളിക്കില്ലെന്ന് ഗംഭീര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പേസര്‍ ഹര്‍ഷിത് റാണ ടീമില്‍ തിരിച്ചെത്തും. പ്രസീദ് കൃഷ്ണക്കും ആകാശ് ദീപിന് പകരക്കാരനായി ടീമിലെത്താൻ സാധ്യതയുണ്ട്. മെല്‍ബണില്‍ രണ്ടാം ഇന്നിംഗ്സില്‍ നന്നായി പന്തെറിഞ്ഞ മുഹമ്മദ് സിറാജ് ടീമില്‍ സ്ഥാനം നിലിനിര്‍ത്തുമ്പോള്‍ ജസ്പ്രീത് ബുമ്ര തന്നെയാകും സിഡ്നിയിലും ഇന്ത്യയുടെ ബൗളിംഗ് കുന്തമുന.

ഓസ്ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശര്‍മ/കെഎൽ രാഹുൽ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്/ധ്രുവ് ജുറൽ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ/പ്രസീദ് കൃഷ്ണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

Tags:    

Similar News