ഷാര്‍ദൂല്‍ ഠാക്കൂറിനു പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കണം; ഇന്ത്യന്‍ ടീമിന് നിര്‍ദേശം നല്‍കി മുന്‍ ഇം്ഗ്ലണ്ട് താരം മോണ്ടി പനേസര്‍
ഷാര്‍ദൂല്‍ ഠാക്കൂറിനു പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കണം
ലീഡ്‌സ്: ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യന്‍ ടീമിന് ഉപദേശവുമായി മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസര്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഓള്‍ റൗണ്ടര്‍ ഷാര്‍ദൂല്‍ ഠാക്കൂറിനു പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കണ മോണ്ടി പനേസര്‍ പറഞ്ഞു. ജൂലൈ രണ്ടിന് ബര്‍മിങ്ഹാമിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
എഡ്ജ്ബാസ്റ്റണിലെ പിച്ച് സ്പിന്നര്‍മാരെ തുണക്കുന്നതാണെന്നും അതിനാല്‍ ഇന്ത്യ 2 സ്പിന്നര്‍മാരുമായി കളിക്കാനിറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും മോണ്ടി പനേസര്‍ പറഞ്ഞു. പന്തിന് അധികം ടേണ്‍ ലഭിക്കാത്ത പിച്ചുകളില്‍ പോലും കുല്‍ദീപിന് ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കാന്‍ സാധിക്കും. 13 ടെസ്റ്റുകളില്‍ നിന്നും 22.16 ശരാശരിയില്‍ 56 വിക്കറ്റുകള്‍ നേടാനായിട്ടുണ്ട് കുല്‍ദീപിന്.
എന്നാല്‍ 12 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 33 വിക്കറ്റ് മാത്രമെ ശാര്‍ദൂല്‍ ഠാക്കൂറിനു നേടാനായിട്ടുള്ളൂ. ലീഡ്‌സ് ടെസ്റ്റിലാകട്ടെ 2 വിക്കറ്റുകളും. 15 ഓവറെങ്കിലും ഒരു ദിവസം ബൗള്‍ ചെയ്യാന്‍ സാധിക്കാത്ത ഷാര്‍ദൂല്‍ ഠാക്കൂറിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും പനേസര്‍ പറഞ്ഞു.
കുല്‍ദീപ് ടീമിന്റെ എക്‌സ് ഫാക്റ്ററാണ്. ഒരു സ്പിന്നറെ മാത്രം ടീമില്‍ കളിപ്പിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ജഡേജയും രണ്ടാം ടെസ്റ്റില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. റണ്‍സ് അധികം വഴങ്ങാതെ പ്രതിരോധിച്ചു കളിക്കുന്ന സ്പിന്നറാണ് ജഡേജ. അതേസമയം കുല്‍ദീപാണെങ്കില്‍ ആക്രമിച്ചു കളിക്കുന്ന സ്പിന്നറും. അതിനാല്‍ ഇരുവരും രണ്ടാം ടെസ്റ്റില്‍ ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും മോണ്ടി പനേസര്‍ കൂട്ടിച്ചേര്‍ത്തു.