മുംബൈയില്‍ ഒരുക്കിയത് ടേണും ബൗണ്‍സുമുള്ള റാങ്ക് ടേണര്‍? നാലു സ്പിന്നര്‍മാര്‍ ടീമിലെത്തുമോ? ബുമ്രയ്ക്ക് വിശ്രമം നല്‍കിയതോടെ പ്രധാന പേസറില്ല; അഭിമാന പോരാട്ടത്തിന് രോഹിതും സംഘവും; പരമ്പര തൂത്തുവാരാന്‍ കിവീസ്; മൂന്നാം ടെസ്റ്റ് നാളെ മുതല്‍
സ്പിന്‍ പിച്ചില്‍ ന്യൂസിലന്‍ഡിനെ കറക്കി വീഴത്താനുറച്ച് ഇന്ത്യ
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് നാളെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇറങ്ങുന്ന ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളികള്‍. ബെംഗളൂരുവിലും പൂനെയിലും ബാറ്റര്‍മാര്‍ കിവീസ് പേസ് - സ്പിന്‍ ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ 12 വര്‍ഷത്തിനിടെ ആദ്യമായി സ്വന്തം കാണികള്‍ക്ക് മുന്നില്‍ ടീം ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര അടിയറ വയ്‌ക്കേണ്ടിവന്നിരുന്നു. തോല്‍വി അറിയാത്ത തുടര്‍ച്ചയായ പതിനെട്ട് ടെസ്റ്റ് പരമ്പരകളെന്ന ജൈത്രയാത്രയ്ക്കും അവസാനമായി. ഇതോടെ നാളെ മുംബൈയില്‍ ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്.
ഈ നാണക്കേടൊഴിവാക്കാന്‍ ഇന്ത്യയ്ക്ക് വാംഖഡേയില്‍ ജയിച്ചേതീരൂ. ക്യാപ്റ്റന്‍ രോഹിത്തിന്റെയും വിരാട് കോലിയുടെയും മങ്ങിയ ഫോമാണ് ഇന്ത്യയുടെ പ്രധാന പ്രതിസന്ധി. നാല് ഇന്നിംഗ്‌സില്‍ രണ്ടുതവണ പൂജ്യത്തിന് പുറത്തായ രോഹിത്തിന് പരമ്പരയില്‍ നേടാനായത് 62 റണ്‍സ് മാത്രം. കോലി നേടിയത് 88 റണ്‍സും. 0, 70, 1, 17 എന്നിങ്ങനെയാണ് കിവീസിനെതിരെ കോലിയുടെ സ്‌കോറുകള്‍.
ന്യൂസിലന്‍ഡിനെ കറക്കിവീഴ്ത്താന്‍ തയ്യാറാക്കിയ പൂനെയിലെ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കൂപ്പുകുത്തിയതും ആശങ്കയാണ്. രണ്ട് ഇന്നിംഗ്‌സിലായി പതിമൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. പൂനെയില്‍ സ്പിന്നിന് മുന്നില്‍ മൂക്കുകുത്തിയെങ്കിലും മുംബൈയിലും ഇന്ത്യ സ്പിന്‍ പിച്ച് തന്നെയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പൂനെയിലെ സ്ലോ ടേണറിന് പകരം മുംബൈയില്‍ ടേണും ബൗണ്‍സുമുള്ള റാങ്ക് ടേണറാണെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ടീമില്‍ നാലു സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ ഇന്ത്യ തയാറാവും. ആകാശ് ദീപിന് പകരം അക്‌സര്‍ പട്ടേലാകും പ്ലേയിംഗ് ഇലവനിലെത്തുക. ബാറ്റിംഗ് നിരയില്‍ കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ സര്‍ഫറാസ് ഖാന്‍ പുറത്തിരിക്കേണ്ടിവരും.
അതേ സമയം പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജസ്പ്രീത് ബുമ്രയുടെ സേവനം ലഭിക്കില്ല. ഓസ്ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര കണക്കിലെടുത്ത് താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. നവംബര്‍ 10-ന് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പറക്കുന്നതിന് മുമ്പ് ബുമ്രയ്ക്ക് വേണ്ടത്ര വിശ്രമം ലഭിക്കാന്‍ വേണ്ടിയാണ് തീരുമാനം. ടീം ക്യാമ്പില്‍നിന്ന് ബുധനാഴ്ച രാത്രിയോടെ ബുമ്ര അഹമ്മദാബാദിലെ വീട്ടിലേക്ക് മടങ്ങിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് മത്സരങ്ങളടങ്ങിയ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തിന് ശേഷം ബുമ്രയ്ക്ക് വിശ്രമം അനുവദിക്കാനായിരുന്നു ടീം മാനേജ്‌മെന്റിന്റെ പദ്ധതി. എന്നാല്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതാണ് ബുമ്രയെ ടീമില്‍ നിലനിര്‍ത്താന്‍ പ്രേരിപ്പിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് പരിശീലനത്തിന് ഇന്ത്യന്‍ ടീമിനൊപ്പം ബുമ്ര എത്തിയെങ്കിലും നെറ്റ്‌സില്‍ പന്തെറിഞ്ഞിരുന്നില്ല.
റാങ്ക് ടേണര്‍
മുംബൈയില്‍ ആദ്യ സെഷന്‍ മുതല്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചായിരിക്കുമെന്നാണ് സൂചന. പരമ്പരാഗതമായി മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ചുവന്ന കളി മണ്ണുകൊണ്ടുള്ള പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ അവസാന ടെസ്റ്റിനായി സ്പിന്നിനെ അമിതമായി തുണക്കുന്ന 'റാങ്ക് ടേണറി'നായാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെസ്റ്റിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി 35 നെറ്റ് ബൗളര്‍മാരെ ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവരില്‍ ഭൂരിഭാഗവും സ്പിന്നര്‍മാരാണെന്നത് മുംബൈയിലെ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചുള്ള സൂചനയാണെന്നാണ് വിലയിരുത്തല്‍. പൂനെ പിച്ച് സ്പിന്നര്‍മാരെ സഹായിച്ചിരുന്നെങ്കിലും ആദ്യ സെഷന്‍ മുതല്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചായിരുന്നില്ല.
കളി പുരോഗമിക്കുന്തോറും വേഗം കുറയുകയും സ്പിന്നര്‍മാരെ സഹായിക്കുകയും ചെയ്യുന്ന പിച്ചായിരുന്നു പൂനെയിലേത്. അപ്രതീക്ഷിത ബൗണ്‍സ് വല്ലപ്പോഴും മാത്രമാണ് പൂനെയില്‍ കിട്ടിയതെങ്കില്‍ മുംബൈയില്‍ ആദ്യ സെഷന്‍ മുതലെ സ്പിന്നര്‍മാര്‍ക്ക് ടേണും ബൗണ്‍സും പ്രതീക്ഷിക്കാം. സ്പിന്നും ബൗണ്‍സും ചേരുന്നതോടെ മുംബൈയില്‍ അശ്വിനിലുടെയും ജഡേജയിലൂടെയും ഇന്ത്യക്ക് തിരിച്ചുവരാന്‍ കഴിയുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ . പൂനെ ടെസ്റ്റില്‍ കളിച്ച വാഷിംഗ്ടണ്‍ സുന്ദറും മൂന്നാം സ്പിന്നറായി ടീമില്‍ തുടരും.
2004ല്‍ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ പരമ്പര നേടിയശേഷം മുംബൈയില്‍ കളിച്ച അവസാന ടെസ്റ്റില്‍ 103 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനാവാതെ 93 റണ്‍സിന് ഓള്‍ ഔട്ടായത് മുംബൈയിലായിരുന്നു. മുംബൈയില്‍ അവസാനം നടന്ന മൂന്ന് ടെസ്റ്റില്‍ രണ്ടെണ്ണവും നാലു ദിവസത്തിനുള്ളില്‍ അവസാനിച്ചരുന്നു.ഇനിയൊരു തോല്‍വി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യകള്‍ക്ക് വലിയ തിരിച്ചടിയാവുമെന്നതിനാല്‍ മുംബൈയില്‍ എങ്ങനെയും ജയിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. 2021ല്‍ ന്യൂസിലന്‍ഡിനെതിരെ മുംബൈയില്‍ അവസാനമായി ടെസ്റ്റ് കളിച്ചപ്പോള്‍ ഇന്ത്യ 372 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു.
അന്ന് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കറങ്ങി വീണ കിവീസ് ബാറ്റര്‍മാര്‍ ആദ്യ ഇന്നിംഗ്‌സില്‍ 62 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 167 റണ്‍സിനും പുറത്തായപ്പോള്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 325 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. എട്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിലെ 10 വിക്കറ്റുകളും വീഴ്ത്തിയ ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ ചരിത്രനേട്ടം സ്വന്തമാക്കി. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ നാലു വിക്കറ്റ് കൂടി നേടിയ അജാസ് പട്ടേല്‍ 14 വിക്കറ്റുകളാണ് മത്സരത്തില്‍ നേടിയത്.