'ആറു വർഷത്തോളം പലാഷും സ്‌മൃതിയും പ്രണയത്തിലായിരുന്നു, ക്യൂട്ട് കപ്പിൾസായിരുന്നു'; അവന്റെ ഭാഗം അവൻ വ്യക്തമാക്കട്ടെ; വിവാഹ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് നടൻ നന്ദിഷ് സന്ധു
മുംബൈ: ഗായകൻ പലാഷ് മുച്ചാലും ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും തമ്മിലുള്ള വിവാഹം മുടങ്ങിയതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് നടൻ നന്ദിഷ് സന്ധു. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഈ വിഷയത്തിൽ കൂടുതൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഒരു അഭിമുഖത്തിൽ നന്ദിഷ് വ്യക്തമാക്കി. ഇറിവരും ആറു വർഷത്തോളം പ്രണത്തിലായിരുന്നുവെന്നും കാര്യങ്ങൾ ഇങ്ങനെയായതിൽ സങ്കടമുണ്ടെന്നും താരം വ്യകത്മാക്കി.
"ഇക്കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. പലാഷ് തന്നെ അവന്റെ ഭാഗം വ്യക്തമാക്കട്ടെ," നന്ദിഷ് പറഞ്ഞു. പലാഷിന്റെ വാദം എന്താണെന്ന് അറിയാൻ ആരും അവനെ നേരിട്ട് സമീപിച്ചിട്ടില്ലെന്നും തനിക്ക് എല്ലാ കാര്യങ്ങളും പൂർണ്ണമായി അറിയില്ലാത്തതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ വിവാഹത്തിന് ക്ഷണിക്കപ്പെട്ടിരുന്നുവെന്നും ചടങ്ങിൽ പങ്കെടുക്കാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നും നന്ദിഷ് വെളിപ്പെടുത്തി.
"ഞാൻ വിവാഹത്തിനായി പോയതാണ്. പക്ഷേ അത് നടന്നില്ല. തൽക്കാലം വിവാഹം നടക്കുന്നില്ലെന്ന് അവിടെ വെച്ചാണ് അറിഞ്ഞത്." സ്മൃതി മന്ദാനയുടെ കുടുംബത്തിലെ മെഡിക്കൽ എമർജൻസി കാരണമാണ് വിവാഹം മാറ്റിവെച്ചതെന്നാണ് തന്നോട് പറഞ്ഞതെന്ന് നന്ദിഷ് വ്യക്തമാക്കി. "വാർത്തകളിൽ വന്നത് തന്നെയാണ് എല്ലാവരെയും അറിയിച്ചിരുന്നത്. സ്മൃതിയുടെ അച്ഛന് സുഖമില്ലായിരുന്നു, അദ്ദേഹം ആശുപത്രിയിലായിരുന്നു. അതുകൊണ്ടാണ് എല്ലാം മാറ്റിവെച്ചത്." പിന്നീട് മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് മറ്റ് കാര്യങ്ങൾ അറിഞ്ഞതെന്നും ഇതിൽ തനിക്ക് വലിയ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള പ്രണയത്തെക്കുറിച്ചും നന്ദിഷ് വൈകാരികമായി സംസാരിച്ചു. "കാരണം എന്തുതന്നെയായാലും വിവാഹം നടന്നില്ല. കഴിഞ്ഞ 5-6 വർഷമായി അവർ എത്രത്തോളം പ്രണയത്തിലായിരുന്നുവെന്ന് ഞാൻ നേരിട്ട് കണ്ടതാണ്. അവർ വളരെ ക്യൂട്ട് ആയ ജോഡികളായിരുന്നു. വർഷങ്ങളോളം ഒരുമിച്ച് കഴിഞ്ഞ ശേഷം കാര്യങ്ങൾ ഈ രീതിയിൽ എത്തിയത് സങ്കടകരമാണ്," അദ്ദേഹം പറഞ്ഞു.
അതേസമയം, സോഷ്യൽ മീഡിയയിൽ ഇരുവരും തമ്മിലുള്ള അകൽച്ച കൂടുതൽ വ്യക്തമാവുകയാണ്. സ്മൃതി മന്ദാന നേരത്തെ തന്നെ ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പലാഷും തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നും സ്മൃതിക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും നീക്കം ചെയ്യുകയും സ്മൃതിയെ അൺഫോളോ ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്മൃതിയുടെ സുഹൃത്തുക്കളിൽ ഒരാൾ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയാണ് പലാഷിന്റെ ഈ നീക്കം. മാസങ്ങളായി വിവാദങ്ങൾ തുടരുന്നുണ്ടെങ്കിലും പലാഷോ സ്മൃതിയോ ഇതുവരെ ഔദ്യോഗികമായി ഒരു വിശദീകരണവും നൽകിയിട്ടില്ല.
