25 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍; രഞ്ജി ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെ എറിഞ്ഞിട്ട് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍; ഐപിഎല്‍ താരലേലം നോട്ടമിട്ട് യുവതാരം

രഞ്ജി ട്രോഫിയില്‍ മിന്നും പ്രകടനവുമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

Update: 2024-11-13 09:28 GMT

പനജി: രഞ്ജി ട്രോഫി മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെ എറിഞ്ഞിട്ട് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. ഗോവയ്ക്ക് എതിരായ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത അരുണാചല്‍ 30.3 ഓവറില്‍ 84 റണ്‍സെടുത്തു പുറത്തായി. ഗോവയ്ക്ക് വേണ്ടി കളിക്കുന്ന ഇടങ്കയ്യന്‍ ഓള്‍റൗണ്ടര്‍ അര്‍ജുന്‍ 25 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയത്. ഒന്‍പത് ഓവറുകള്‍ പന്തെറിഞ്ഞ താരത്തിന്റെ മൂന്ന് ഓവറുകളില്‍ റണ്‍സൊന്നും നേടാന്‍ അരുണാചല്‍ ബാറ്റര്‍മാര്‍ക്കു സാധിച്ചില്ല.

25 പന്തില്‍ 25 റണ്‍സെടുത്തു പുറത്താകാതെനിന്ന ക്യാപ്റ്റന്‍ നബാം അബോയാണ് അരുണാചല്‍ പ്രദേശിന്റെ ടോപ് സ്‌കോറര്‍. ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ അരുണാചല്‍ മുന്‍നിരയെ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ തകര്‍ത്തെറിയുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ നബാം ഹചാങ്ങിനെ പൂജ്യത്തില്‍ ബോള്‍ഡാക്കി അര്‍ജുന്‍ വിക്കറ്റ് വേട്ട തുടങ്ങി.

12ാം ഓവറിലെ രണ്ടും മൂന്നും പന്തുകളില്‍ ഓപ്പണര്‍ ഒബി (30 പന്തില്‍ 22), ജയ് ഭവ്‌സര്‍ (പൂജ്യം) എന്നിവരെയും അര്‍ജുന്‍ വീഴ്ത്തിയതോടെ അരുണാചല്‍ പ്രതിരോധത്തിലായി. പിന്നീട് ചിന്‍മയ് ജയന്ത പാട്ടില്‍ (34 പന്തില്‍ മൂന്ന്), മൊജി (23 പന്തില്‍ ഒന്ന്) എന്നിവരും അര്‍ജുനു മുന്നില്‍ മുട്ടുമടക്കി. ഗോവയ്ക്കായി മോഹിത് രേദ്കര്‍ മൂന്നും കെയ്ത് പിന്റോ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള അരുണാചല്‍ ക്യാപറ്റന്‍ ക്യാപ്റ്റന്‍ നബാം അബോയുടെ തീരുമാനം പിഴയ്ക്കുന്നതാണ് തുടക്കത്തില്‍ കണ്ടത്. തന്റെ ആദ്യ ഓവറില്‍ തന്നെ നബാം ഹച്ചാങ്ങിനെ പൂജ്യത്തിന് പുറത്താക്കി അര്‍ജുന്‍. ബൗള്‍ഡാവുകയായിരുന്നു താരം. അതേ രീതിയില്‍ മറ്റൊരു ഓപ്പണര്‍ നീലം ഒബിയെയും (22) അദ്ദേഹം പുറത്താക്കി. പിന്നീട് ചിന്മയ് പാട്ടിലിനെ (3) മടക്കിയ അര്‍ജുന്‍ തൊട്ടടുത്ത പന്തില്‍ ജയ് ഭാവ്‌സറിനെ (0) ഗോള്‍ഡന്‍ ഡക്ക് ആക്കി തിരിച്ചയച്ചു. അര്‍ജുന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുര്‍ന്ന് മോജിയെ (0) ബൗള്‍ഡാക്കി അര്‍ജുന്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

ആഭ്യന്തര ക്രിക്കറ്റില്‍ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് മുംബൈ താരമായിരുന്ന അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ഗോവയിലേക്കു മാറിയത്. തുടര്‍ച്ചയായി തിളങ്ങിയതോടെ ഗോവയുടെ വിശ്വസ്തനായ ബോളറായി മാറാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകനായ അര്‍ജുന് സാധിച്ചു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 16 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അര്‍ജുന്‍ 32 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. രഞ്ജി ട്രോഫി ഈ സീസണില്‍ ഗോവയ്ക്ക് വേണ്ടി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ നാല് മത്സരങ്ങളില്‍ നിന്ന് 17.75 ശരാശരിയില്‍ 16 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട. 3.08 എന്ന ഇക്കോണമിയിലാണ് നേട്ടം. സീസണില്‍ ഗോവയുടെ ഏറ്റവും മികച്ച മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് അര്‍ജുന്‍.

സിക്കിമിനെതിരെ രണ്ട് ഇന്നിംഗ്സിലുമായി 112 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്താന്‍ അര്‍ജുന് സാധിച്ചിരുന്നു. ആ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 42 റണ്‍സും താരം നേടി. മിസോറാമിനെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ബാറ്റിംഗിനെത്തിയപ്പോള്‍ പൂജ്യത്തിന് പുറത്തായി. അരുണാചലിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രകടനം ഐപിഎല്‍ താരലേലം നടക്കാനിരിക്കെ താരത്തിന് ഗുണം ചെയ്തേക്കും.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന അര്‍ജുനെ അടുത്ത സീസണിലേക്കു നിലനിര്‍ത്തിയിരുന്നില്ല. അടുത്തയാഴ്ച നടക്കാനിരിക്കുന്ന മെഗാ താരലേലത്തില്‍ ജൂനിയര്‍ സച്ചിനെ മുംബൈ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങള്‍ യുവതാരത്തിന് തുണയാകുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News