ഓസ്ട്രേലിയക്കെതിരായ മിന്നും പ്രകടനം തുണയായി; ഏഷ്യാ കപ്പ് അണ്ടര്‍-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം മുഹമ്മദ് ഇനാനും; മുഹമ്മദ് അമന്‍ നയിക്കുന്ന ടീമില്‍ സമിത് ദ്രാവിഡില്ല

ഗ്രൂപ്പ് എ-യില്‍ ഇന്ത്യക്കും പാകിസ്ഥാനും പുറമെ ജപ്പാനും യുഎഇയും

Update: 2024-11-14 12:22 GMT

മുംബൈ: ഏഷ്യാ കപ്പ് അണ്ടര്‍-19 ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് മലയാളി ലെഗ്സ്പിന്നര്‍ മുഹമ്മദ് ഇനാന്‍. മുഹമ്മദ് അമന്‍ നയിക്കുന്ന ടീമില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിന് ഇടംലഭിച്ചില്ല. ഗ്രൂപ്പ് എ-യില്‍ നവംബര്‍ 30ന് ദുബായില്‍ പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യമത്സരം.

ഓസ്ട്രേലിയക്കെതിരെ നടന്ന അണ്ടര്‍ - 19 ടെസ്റ്റ് - ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ഇനാന് തുണയായത്. രണ്ട് പരമ്പരകളും ഇന്ത്യ ജയിച്ചപ്പോള്‍ നിര്‍ണായകമായത് മുഹമ്മദ് ഇനാന്റെ മിന്നുന്ന പ്രകടനമായിരുന്നു. ഏകദിനത്തില്‍ 6 വിക്കറ്റും ടെസ്റ്റില്‍ 16 വിക്കറ്റും നേടി മികച്ച പ്രകടനമാണ് ഇനാന്‍ ഈ മത്സരങ്ങളിലുടെനീളം പുറത്തെടുത്തത്. ഇപ്പോള്‍ നടന്നു വരുന്ന കൂച്ച് ബെഹാര്‍ ട്രോഫിയിലും ഇനാന്‍ കളിക്കുന്നുണ്ട്.

ഗ്രൂപ്പ് എ-യില്‍ ഇന്ത്യക്കും പാകിസ്ഥാനും പുറമെ ജപ്പാനും യുഎഇയുമാണ് മറ്റു ടീമുകള്‍. യുഎഇ യിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മുഹമ്മദ് അമാന്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കിരണ്‍ ചോര്‍മലെയാണ്. ഗ്രൂപ്പ് എയില്‍ നവംബര്‍ 30-ന് ദുബായില്‍ പാകിസ്ഥാനമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ജപ്പാനും യുഎഇയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. യുഎഇ യിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഡിസംബര്‍ രണ്ടിന് ജപ്പാനേയും നാലിന് യുഎഇയേയും ഇന്ത്യ നേടിടും. ഈ രണ്ട് മത്സരങ്ങളും ഷാര്‍ജയിലാണ്.

ഇന്ത്യ അണ്ടര്‍ 19 സ്‌ക്വാഡ്: ആയുഷ് മാത്രെ, വൈഭവ് സൂര്യവന്‍ഷി, ആന്ദ്രേ സിദ്ധാര്‍ത്ഥ്, മുഹമ്മദ് അമന്‍ (ക്യാപ്റ്റന്‍), കിരണ്‍ ചോര്‍മലെ (വൈസ് ക്യാപ്റ്റന്‍), പ്രണവ് പന്ത്, ഹര്‍വന്‍ഷ് സിംഗ് പംഗാലിയ (വിക്കറ്റ് കീപ്പര്‍), അനുരാഗ് കാവ്ഡെ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് രാജ്, മുഹമ്മദ് ഇനാന്‍, കെ പി കാര്‍ത്തികേയ, സമര്‍ത് നാഗരാജ്, യുധാജിത് ഗുഹ, ചേതന്‍ ശര്‍മ, നിഖില്‍ കുമാര്‍

ഷാര്‍ജയിലെ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലിച്ചിരുന്ന ഇനാനെ അവിടെ പരിശീലകനായിരുന്ന മുന്‍ പാകിസ്ഥാന്‍ താരം സഖ്‌ലൈന്‍ മുഷ്താഖാണ് സ്പിന്നിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. കൂടുതല്‍ അവസരം നാട്ടിലാണെന്ന് തിരിച്ചറിഞ്ഞ് ഇനാന്‍ പിന്നീട് നാട്ടിലേക്ക് മടങ്ങി. പിന്നാലെ അണ്ടര്‍ 14 കേരള ടീമില്‍ അംഗമായി. കൂച്ച് ബെഹാര്‍ ട്രോഫിയിലെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യന്‍ ടീമിലേയ്ക്കുള്ള വാതില്‍ തുറന്നു. തൃശൂര്‍ മുണ്ടൂര്‍ സ്വദേശികളായ ഷാനവാസ്-റഹീന ദമ്പതികളുടെ മകനായ മുഹമ്മദ് ഇനാന്‍ കേരള വര്‍മ്മ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

Tags:    

Similar News