കമ്മിന്‍സും സംഘവും മറന്നോ, ഇന്ത്യക്ക് ബുമ്രായുധം ഉള്ള കാര്യം! ഇന്ത്യന്‍ പേസ് ആക്രമണത്തില്‍ തകര്‍ന്ന് ഓസിസ്; 59 റണ്‍സിനിടെ വീണത് ഏഴ് വിക്കറ്റുകള്‍; നാല് വിക്കറ്റുമായി ക്യാപ്റ്റന്‍ ബുമ്ര; പെര്‍ത്തില്‍ ആദ്യദിനം നിലംപൊത്തിയത് 17 വിക്കറ്റുകള്‍
പെര്‍ത്തില്‍ ഇന്ത്യന്‍ പേസ് കൊടുങ്കാറ്റ്, നിലംപൊത്തി ഓസിസ്
പെര്‍ത്ത്: പെര്‍ത്തിലെ വേഗപിച്ചില്‍ ഇന്ത്യയെ പേസ് ആക്രമണത്തില്‍ വരിഞ്ഞു മുറുക്കിയപ്പോള്‍ പാറ്റ് കമ്മിന്‍സും സംഘവും ഓര്‍ത്തുകാണില്ലെ, അപ്പുറത്ത് അതിനേക്കാള്‍ പോന്നൊരു ബുമ്രായുധം ഇന്ത്യക്ക് ഉള്ളകാര്യം. എന്തായാലും ആദ്യം ബാറ്റുചെയ്ത ഇന്ത്യ 49.4 ഓവറില്‍ 150 റണ്‍സിന് പുറത്താക്കി സന്തോഷിച്ച ഓസിസ് സംഘത്തിന് അതിലും വലിയ മറുപടിയാണ് ക്യാപ്റ്റന്‍ ബുമ്രയും സംഘവും നല്‍കിയത്.
ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചതോടെ പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം ഓസ്‌ട്രേലിയ കടുത്ത പ്രതിരോധത്തിലാണ്. ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടപ്പെട്ട ഓസിസിന്റെ സ്‌കോര്‍ബോര്‍ഡില്‍ ഉള്ളത് 67 റണ്‍സ് മാത്രമാണ്. അലക്‌സ് ക്യാരിയും (28 പന്തില്‍ 19), മിച്ചല്‍ സ്റ്റാര്‍ക്കും (14 പന്തില്‍ ആറ്) ക്രീസില്‍ നില്‍ക്കുന്നത് മാത്രമാണ് ആശ്വാസം. എന്നാല്‍ രണ്ടാം ദിനത്തിലും പെര്‍ത്തിലെ പിച്ച് ഇതേ സ്വഭാവമാണ് കാണിക്കുന്നതെങ്കില്‍ ഓസിസ് പ്രതിരോധം എത്രത്തോളം തുടരുമെന്ന് കണ്ടറിയേണ്ടതുണ്ട്.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയില്‍ ഇന്ത്യ ആദ്യം വീണെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 49.4 ഓവറില്‍ 150 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ, 27 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ 17 റണ്‍സ് വഴങ്ങി നാലും മുഹമ്മദ് സിറാജ് 17 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റെടുത്തു. ഹര്‍ഷിത് റാണ ഒരു വിക്കറ്റു നേടി.
നേരത്തെ 19 റണ്‍സിനിടെ ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഉസ്മാന്‍ ഖവാജ (8), നഥാന്‍ മക്സ്വീനി (10), സ്റ്റീവ് സ്മിത്ത് (0), ട്രാവിസ് ഹെഡ് (11), മിച്ചല്‍ മാര്‍ഷ് (6) എന്നിവരാണ് പുറത്തായത്. ഏഴ് ഓവറില്‍ ഒന്‍പത് റണ്‍സ് വഴങ്ങിയായിരുന്നു ബുംറയുടെ ആദ്യ മൂന്നുവിക്കറ്റ്.
നേഥന്‍ മക്‌സ്വീനി (13 പന്തില്‍ 10), ഉസ്മാന്‍ ഖവാജ (19 പന്തില്‍ എട്ട്), സ്റ്റീവ് സ്മിത്ത് (പൂജ്യം), പാറ്റ് കമിന്‍സ് (അഞ്ച് പന്തില്‍ മൂന്ന്) എന്നിവരെ പുറത്താക്കി ക്യാപ്റ്റന്‍ ജസപ്രീത് ബുമ്രയാണ് പേസ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നത്. ആദ്യ ദിവസങ്ങളില്‍ പെര്‍ത്ത് സ്റ്റേഡിയം പേസര്‍മാരെ പരമാവധി പിന്തുണയ്ക്കുമെന്ന അവസരം മുതലെടുക്കാനാണ് ഇന്ത്യന്‍ ബോളര്‍മാരുടെയും ശ്രമം.
13 പന്തില്‍ 11 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ പേസര്‍ ഹര്‍ഷിത് റാണ ബോള്‍ഡാക്കി. സ്‌കോര്‍ 38ല്‍ നില്‍ക്കെ മിച്ചല്‍ മാര്‍ഷിനെ മുഹമ്മദ് സിറാജ് കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ചു.വണ്‍ഡൗണായി ഇറങ്ങിയ ലബുഷെയ്ന്‍ 21ാം ഓവര്‍ വരെ പിടിച്ചുനിന്നെങ്കിലും രണ്ട് റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാന്‍ മാത്രമാണു സാധിച്ചത്.
നേരത്തേ ഇന്ത്യ 49.4 ഓവറില്‍ 150 റണ്‍സ് ചേര്‍ക്കുന്നതിനിടെ പത്തുവിക്കറ്റും വീണു. നാലുവിക്കറ്റുകള്‍ നേടിയ ജോഷ് ഹേസല്‍വുഡും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.
59 പന്തില്‍ ഒരു സിക്സും ആറ് ഫോറും സഹിതം 41 റണ്‍സ് നേടിയ നിതിഷ് റെഡ്ഢിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 78 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും സഹിതം 37 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. പന്തും നിതീഷും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 48 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്.
മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് ജയ്‌സ്വാളിന്റെ മടക്കം. എട്ട് പന്തുകള്‍ നേരിട്ടെങ്കിലും ഒരു റണ്ണുമെടുക്കാതെ പുറത്താവുകയായിരുന്നു. പിന്നാലെ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് പുറത്തായി. ഹേസല്‍വുഡിന്റെ പന്തില്‍ അലക്‌സ് കരെയ്ക്ക് ക്യാച്ചാവുകയായിരുന്നു. 23 പന്തുകളാണ് പടിക്കല്‍ നേരിട്ടത്. കോലിയെയും ഹേസല്‍വുഡ് തന്നെ മടക്കി (12 പന്തില്‍ 5). ഓപ്പണറായിറങ്ങിയ രാഹുല്‍ നാലാമതായാണ് പുറത്തായത്. 74 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 26 റണ്‍സാണ് സമ്പാദ്യം. സ്റ്റാര്‍ക്കിന് തന്നെയാണ് വിക്കറ്റ്.
അതേസമയം രാഹുലിന്റെ പുറത്താവല്‍ വിവാദത്തിന് വഴിവെച്ചു. അംപയറുടെ തെറ്റായ തീരുമാനത്തിന്റെ പുറത്താണ് പുറത്തായത്. പിന്നാലെ ജുറേല്‍ (11), വാഷിങ്ടണ്‍ സുന്ദര്‍ (4), ഹര്‍ഷിത് റാണ (7), ബുംറ (8) എന്നിവരും പുറത്തായി. ടോപ് സ്‌കോററായ നിതീഷ് റെഡ്ഢിയാണ് അവസാനം പുറത്തായത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യ. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ക്യാപ്റ്റന്‍. ഓസ്ട്രേലിയയെ പാറ്റ് കമിന്‍സാണ് നയിക്കുന്നത്. സ്വന്തം നാട്ടില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കലാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം 2014-15നുശേഷം ട്രോഫി തിരിച്ചുപിടിക്കലാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. തുടര്‍ച്ചയായ അഞ്ചാംവട്ടം കിരീടം നിലനിര്‍ത്താനാണ് ഇന്ത്യയിറങ്ങിയത്.