കൃത്യനിഷ്ഠയില്ലാതെ ജയ്സ്വാള്‍; ആ പെരുമാറ്റം രോഹിത്തിന് ഇഷ്ടമായില്ല; യുവതാരത്തെ ഒപ്പം കൂട്ടാതെ ഇന്ത്യന്‍ ടീം വിമാനത്താവളത്തിലേക്ക്; മൂന്നാം ടെസ്റ്റ് 14ന്

കൃത്യനിഷ്ഠയില്ലാതെ ജയ്സ്വാള്‍; ആ പെരുമാറ്റം രോഹിത്തിന് ഇഷ്ടമായില്ല

Update: 2024-12-11 14:54 GMT

അഡ്ലെയ്ഡ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഒരെണ്ണം വീതം ജയിച്ച് ഒപ്പത്തിന് ഒപ്പമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ശേഷിക്കുന്ന മൂന്ന ്മത്സരങ്ങളിലും ഇന്ത്യക്ക് ജയിച്ചേ തീരു. അതേ സമയം പരമ്പര നേട്ടം ഓസിസിനും നിര്‍ണായകമാണ്.

ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം 10 വിക്കറ്റിന് ഓസ്ട്രേലിയ ജയിച്ചു. മൂന്നാം മത്സരം 14ന് ഗബ്ബയിലാണ്. ബ്രിസ്ബെയ്നിലേക്ക് അഡ്ലെയ്ഡില്‍ നിന്നും ടീം ഇന്ത്യ ഇന്ന് പുറപ്പെട്ടു. എന്നാല്‍ ടീമിലെ ഒരു താരം മാത്രം മറ്റുള്ളവര്‍ക്കൊപ്പം പുറപ്പെട്ടില്ല എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ഓപ്പണിംഗ് ബാറ്ററായ യശസ്വി ജെയ്സ്വാളാണ് മറ്റ് താരങ്ങള്‍ക്കൊപ്പം ടീം ബസില്‍ എത്താതിരുന്നത്.

ഇന്ന് പുലര്‍ച്ചെ 8.30നായിരുന്നു താരങ്ങള്‍ കയറിയ ടീം ബസുകള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ടത്. 8.20ന് തന്നെ മറ്റ് താരങ്ങളും ടീം ഒഫീഷ്യല്‍സും ബസില്‍ കയറി. എന്നാല്‍ യശസ്വി ജെയ്സ്വാള്‍ മാത്രം എത്തിയില്ല. ഇതോടെ നായകന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് യുവതാരത്തിന്റെ കൃത്യനിഷ്ഠയില്ലാത്ത പെരുമാറ്റം ഇഷ്ടമായില്ല. അല്‍പനേരം നോക്കിയിരുന്ന ശേഷം ടീം മാനേജരോടും ലെയ്സണ്‍ ഓഫീസറോടും സംസാരിച്ചിട്ട് രോഹിത്ത് ബസില്‍ കയറി. 8.50ന് ടീം ബസ് വിമാനത്താവളത്തിലേക്ക് പോയി.

എന്നാല്‍ ഇതിന്‌ശേഷം അഞ്ച് മിനിട്ട് കഴിഞ്ഞാണ് ജെയ്സ്വാള്‍ എത്തിയത്. ഒരു കാറില്‍ സുരക്ഷാ ഉദ്യോഗസ്ഥനൊപ്പമാണ് ജെയ്സ്വാള്‍ വിമാനത്താവളത്തിലേക്ക് പോയത്. 10.05നായിരുന്നു ബ്രിസ്ബെയിനിലേക്കുള്ള വിമാനം. പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 295 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ നേടിയത്.

ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലാണ് ടീം ആദ്യ ടെസ്റ്റ് ജയിച്ചത്. രണ്ടാം ടെസ്റ്റില്‍ അഡ്ലെയ്ഡ് ഓവലില്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വി ഇന്ത്യ വഴങ്ങി. 2021ല്‍ ഇന്ത്യ ചരിത്രവിജയം കുറിച്ച ഗബ്ബയിലാണ് അടുത്ത മത്സരം എന്നത് ക്രിക്കറ്റ് ആരാധകരില്‍ ആവേശം ഉണര്‍ത്തുന്നുണ്ട്.

Tags:    

Similar News