'റൺസില്ലെങ്കിലും സമ്മർദ്ദം എടുക്കുന്നത് നിർത്തി, കളി ആസ്വദിക്കുന്നു'; കളിശൈലിയിൽ മാറ്റമില്ല; വിമർശകർക്ക് മറുപടിയുമായി ലോക ഒന്നാം നമ്പർ താരം അഭിഷേക് ശർമ്മ
അഹമ്മദാബാദ്: ബാറ്റിംഗിലെ തന്റെ സമീപനത്തെക്കുറിച്ചും സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമ്മ. കഴിഞ്ഞ രണ്ട് വർഷമായി താൻ യാതൊരുവിധ സമ്മർദ്ദങ്ങളും എടുക്കാറില്ലെന്നും ബാറ്റിംഗ് പൂർണ്ണമായി ആസ്വദിക്കാനാണ് ശ്രമിക്കുന്നതെന്നും താരം വെളിപ്പെടുത്തി. സ്റ്റാർ സ്പോർട്സ് പങ്കുവെച്ച വീഡിയോയിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
"ഞാൻ എന്റെ ബാറ്റിംഗ് ആസ്വദിക്കുന്നു. രണ്ടു വർഷം മുമ്പ് തന്നെ സമ്മർദ്ദങ്ങൾ എടുക്കുന്നത് ഞാൻ നിർത്തിയതാണ്. കാരണം, കാര്യങ്ങൾ കൃത്യമായി ചെയ്യുക എന്നത് മാത്രമാണ് എന്റെ കൈകളിലുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു. അത് പരിശീലനമായാലും ട്രെയിനിങ്ങായാലും, അത് ഞാൻ ചെയ്യുന്നു, തുടർന്നും അത് ചെയ്തുകൊണ്ടേയിരിക്കണം," അഭിഷേക് പറഞ്ഞു.
ബാറ്റിംഗ് കരിയറിൽ ഉയർച്ചതാഴ്ചകൾ സ്വാഭാവികമാണെന്ന് അഭിഷേക് പറഞ്ഞു. എന്നിരുന്നാലും, തന്റെ ഫോമിനെ ചൊല്ലി സമ്മർദ്ദം അനുഭവിക്കുന്നത് താൻ അവസാനിപ്പിച്ചുവെന്നും, സമീപകാല പ്രകടനങ്ങളെക്കുറിച്ചുള്ള ആശങ്കകളേക്കാൾ ഉപരിയായി തന്റെ ലക്ഷ്യത്തിലും ശൈലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും താരം പറഞ്ഞു.
"സമ്മർദ്ദങ്ങൾ അധികമില്ലാതെ കളിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം കരിയറിൽ എപ്പോഴും ഉയർച്ചതാഴ്ചകൾ ഉണ്ടാകും. ചില ഇന്നിംഗ്സുകളിൽ നിങ്ങൾ റൺസ് കണ്ടെത്തും, ചിലപ്പോൾ പരാജയപ്പെടും. എന്നാൽ വ്യക്തിപരമായി, ഒരു ഘട്ടത്തിൽ എനിക്ക് ഇങ്ങനെ തന്നെ കളിക്കണമെന്ന് തീരുമാനിക്കേണ്ടി വന്നു, അതായത് കൃത്യമായ ഈ ലക്ഷ്യത്തോടെ തന്നെ മുന്നോട്ട് പോകാൻ. എല്ലാ അവസരങ്ങളിലും ഇത് ഫലം നൽകിയെന്ന് വരില്ല, എങ്കിലും എന്റെ കളിശൈലിയിലോ ) ലക്ഷ്യത്തിലോ മാറ്റം വരുത്താൻ ഞാൻ തയ്യാറല്ല."
“I won’t ever change my process and mindset.” 📈#AbhishekSharma ‘BELIEVES’ in himself as India march into the Super 8 vs #SouthAfrica. 💪
— Star Sports (@StarSportsIndia) February 21, 2026
Predict his score against South Africa in the comments.🧐
ICC Men’s #T20WorldCup SUPER 8 👉 #INDvSA | SUN, 22 FEB, 6 PM pic.twitter.com/kgNbhfsWC1
അഭിഷേക് ശർമ്മയെ സംബന്ധിച്ചിടത്തോളം 2026-ലെ ടി20 ലോകകപ്പ് ഇതുവരെ തീർത്തും നിരാശാജനകമാണ്. ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേകിന് ഈ ടൂർണമെന്റിൽ ഇതുവരെ ഒരു റൺസ് പോലും നേടാനായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും താരം പൂജ്യത്തിന് പുറത്തായി 'ഹാട്രിക് ഡക്ക്' എന്ന മോശം റെക്കോർഡും സ്വന്തമാക്കി.
അഭിഷേകിന്റെ ഫോമില്ലായ്മ ആരാധകർക്കിടയിലും വിദഗ്ധർക്കിടയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തിന്റെ ഷോട്ട് സെലക്ഷനെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. എന്നാൽ, ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ആദ്യ സൂപ്പർ എയിറ്റ് പോരാട്ടത്തിന് മുന്നോടിയായി അഭിഷേക് തന്റെ നിലപാട് വ്യക്തമാക്കി.
