മെല്‍ബണില്‍ തോറ്റതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ മങ്ങി; സിഡ്നി ടെസ്റ്റോടെ വിരമിക്കാനൊരുങ്ങി രോഹിത് ശര്‍മ; ബിസിസിഐ പ്രതിനിധികളുമായി ചര്‍ച്ച; ഐസിസി ചാംപ്യന്‍സ് ട്രോഫിയോടെ ഏകദിനവും മതിയാക്കാന്‍ ഇന്ത്യന്‍ നായകന്‍
സിഡ്നി ടെസ്റ്റോടെ വിരമിക്കാനൊരുങ്ങി രോഹിത് ശര്‍മ
മെല്‍ബണ്‍: മെല്‍ബണിലെ നിര്‍ണായക മത്സരത്തില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത മങ്ങിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കാനൊരുങ്ങുന്നു. ഇന്ത്യ- ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി പരമ്പരയിലെ സിഡ്നി നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഇക്കാര്യത്തില്‍ രോഹിത് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അടുത്ത വര്‍ഷം നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ലോര്‍ഡ്സില്‍ കളിച്ച് വിരമിക്കാനായിരുന്നു രോഹിതിന്റെ പദ്ധതി. എന്നാല്‍ ഇന്ത്യ ഇനി ഫൈനലിന് യോഗ്യത നേടാനുള്ള സാധ്യത വിരളമാണ്. അതിന് ജനുവരി മൂന്നിന് ആരംഭിക്കുന്ന സിഡ്നി ടെസ്റ്റ് ജയിച്ചാല്‍ മാത്രം മതിയാവില്ല. ഓസ്ട്രേലിയ, വരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും ജയിക്കാതിരിക്കണം. ഇത്രയൊക്കെ നടക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
അതുകൊണ്ടുതന്നെ സിഡ്നിയില്‍ ആരംഭിക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റ് രോഹിത്തിന്റെ അവസാനത്തേതായിരിക്കും. ട്വന്റി 20 ലോകകപ്പ് നേട്ടത്തോടെ വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് പിന്നാലെ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്നാണറിയുന്നത്. മോശം ഫോമാണ് ഇന്ത്യന്‍ നായകന് തിരിച്ചടിയാകുന്നത്. രോഹിത്തിന്റെ കാര്യം ബിസിസിഐ പ്രതിനിധികള്‍ ഗൗരവമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുകയാണെങ്കില്‍ അതുവരെ കളിക്കണമെന്ന ആവശ്യം രോഹിത് സെലക്റ്റര്‍മാര്‍ക്ക് മുന്നില്‍ വെക്കും.
ടെസ്റ്റില്‍ അടുത്തകാലത്ത് രോഹിത്തിന്റെ ക്യാപ്റ്റന്‍സി ശരാശരിക്കും താഴെയാണ്. ന്യൂസിലന്‍ഡിനെതിരെ സ്വന്തം മണ്ണില്‍ നടന്ന ടെസ്റ്റ് ഇന്ത്യ പരാജയപ്പെട്ടു. അതും ന്യൂസിലന്‍ഡ് ഇന്ത്യയെ തൂത്തുവാരി. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ പല തീരുമാനങ്ങളും രോഹിത്തിന് പിഴച്ചിരുന്നു. വലിയ വിമര്‍ശനങ്ങളാണ് താരത്തിനെതിരെ വന്നത്. മെല്‍ബണില്‍ പലപ്പോഴും വിരാട് കോലി നയിക്കുന്നതായിട്ടാണ് തോന്നിയത്. കോലി താരങ്ങള്‍ നിര്‍ദേശങ്ങള്‍ കൊടുക്കുന്നതും രോഹിത്തിന് ചില തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നല്ലാം കാണാമായിരുന്നു.
മൂന്ന് ടെസ്റ്റുകളില്‍ നിന്നായി താരത്തിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനം ഉണ്ടാക്കാത്ത സാഹചര്യത്തില്‍ വലിയ വിമര്‍ശനം നേരിടുകയാണ് ഇന്ത്യ. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ വന്നിട്ടും അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ''കളിക്കാരുടെ മോശം പ്രകടനത്തേക്കാള്‍, തോല്‍വി നേരിടുന്നത് കൂടുതല്‍ വിനാശകരവും വേദനാജനകവുമാണ്. കളിയിലുടനീളം ഞങ്ങള്‍ നന്നായി കളിച്ചില്ല. അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കിയില്ല. എനിക്ക് ഒന്നോ രണ്ടോ കളിക്കാരെ കുറ്റപ്പെടുത്താന്‍ കഴിയില്ല, കാരണം ഇതൊരു ടീം ഗെയിമാണ്, ഞങ്ങള്‍ ഒരു ടീമായി മാറിയിട്ടില്ല, '' എന്നായിരുന്നു രോഹിത് ശര്‍മ്മ പ്രതികരിച്ചത്.
സിഡ്നിയില്‍ നടക്കുന്ന അവസാന ടെസ്റ്റിന് മുമ്പ് തിരുത്തേണ്ട മേഖലകള്‍ പരിശോധിക്കുമെന്ന് രോഹിത് പറഞ്ഞു. ഓസ്ട്രേലിയ 2-1ന് മുന്നിലെത്തിയെങ്കിലും സിഡ്നിയില്‍ വിജയിച്ച് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യക്ക് അവസരമുണ്ട്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ പോയിന്റ് ശതമാനം മെല്‍ബണിലെ തോല്‍വിയോടെ 52.78 ആയി കുറഞ്ഞിരുന്നു. ഒമ്പത് ജയവും ഏഴ് തോല്‍വിയും രണ്ട് സമനിലയും അക്കൗണ്ടില്‍. ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയക്കും പിറകല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 16 മത്സങ്ങളില്‍ 10 ജയമാണ് ഓസീസിന്. നാലെണ്ണം പരാജയപ്പെട്ടപ്പോള്‍ രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ചു. മെല്‍ബണിലെ ജയത്തോടെ പോയിന്റ് ശതമാനം 61.46 ആക്കി ഉയര്‍ത്താന്‍ ഓസീസിനായി. 11 മത്സരങ്ങളില്‍ 66.67 പോയിന്റ് ശതമാനമുള്ള ദക്ഷിണാഫ്രിക്ക നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഏഴ് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണം തോറ്റു. ഒരെണ്ണം സമനിലയില്‍.