രോഹിത് ശര്‍മയുടെ കരിയര്‍ തീരുമാനിക്കുക സിഡ്‌നി ടെസ്റ്റ്; നായക സ്ഥാനമൊഴിഞ്ഞാല്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ തയാറാണെന്ന് 'മിസ്റ്റര്‍ ഫിക്‌സിറ്റ്'; ആ സീനിയര്‍ താരം വിരാട് കോലിയോ? പെര്‍ത്തിലെ ജയം ജസ്പ്രീത് ബുമ്രയ്ക്ക് കരുത്താകും; കെ എല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും സാധ്യത
ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ തയാറാണെന്ന് 'മിസ്റ്റര്‍ ഫിക്‌സിറ്റ്'
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ കരിയറിന്റെ വിധി നിര്‍ണയിക്കുന്നതാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം മോഹിച്ച് ഒന്നിലേറെ സീനിയര്‍ താരങ്ങള്‍ രംഗത്ത്. രോഹിത് ശര്‍മ നായക സ്ഥാനം ഒഴിഞ്ഞാല്‍ ടീമിന്റെ ഇടക്കാല ക്യാപ്റ്റനാവാന്‍ സന്നദ്ധത അറിയിച്ച് പ്രമുഖ സീനിയര്‍ താരം രംഗത്ത് വന്നതായാണ് റിപ്പോര്‍ട്ടുകള്‍. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ നായകനാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടീം അംഗങ്ങള്‍ക്കിടയില്‍ 'മിസ്റ്റര്‍ ഫിക്‌സിറ്റ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന സീനിയര്‍ താരവും ഇടക്കാല ക്യാപ്റ്റനാവാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഹിത് കഴിഞ്ഞാല്‍ ടീമിലെ ഏറ്റവും സീനിയര്‍ താരങ്ങള്‍ വിരാട് കോലിയും രവീന്ദ്ര ജഡേജയും, കെ എല്‍ രാഹുലുമാണ്. ഇവരില്‍ കോലി തന്നെയാണ് ക്യാപ്റ്റനാവാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഹിത്തിന്റെ പിന്‍ഗാമി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ചില യുവതാരങ്ങളുടെ കഴിവില്‍ ഈ താരം സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവര്‍ ക്യാപ്റ്റന്‍സിക്ക് പാകമാകുന്നതുവരെ ഇടക്കാല ക്യാപ്റ്റനാവാന്‍ തയാറാണെന്നുമാണ് സീനിയര്‍ താരം ടീം മാനേജ്‌മെന്റിനെ അറിയിച്ചിരിക്കുന്നത്.
സിഡ്‌നി ടെസ്റ്റില്‍ ജയിക്കാന്‍ കഴിയാതിരിക്കുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്താല്‍ രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ നിലവില്‍ വൈസ് ക്യാപ്റ്റനും രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യയെ പെര്‍ത്ത് ടെസ്റ്റില്‍ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത ജസ്പ്രീത് ബുമ്രക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
എന്നാല്‍ പരിക്ക് ബുമ്രയുടെ കരിയറില്‍ എപ്പോഴും വില്ലനാവാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യക്കായി എല്ലാ ടെസ്റ്റുകളിലും ബുമ്ര കളിക്കാനുള്ള സാധ്യത വിരളമാണ്. ഈ സാഹചര്യത്തില്‍ യുവതാരങ്ങളായ ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് മുമ്പ് ഇടക്കാല ക്യാപ്റ്റനാവാന്‍ സീനിയര്‍ താരം സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നത്. എന്തായാലും സിഡ്‌നി ടെസ്റ്റാവും രോഹിത് ശര്‍മയുടെ കരിയര്‍ തീരുമാനിക്കുക എന്നകാര്യം ഉറപ്പായിട്ടുണ്ട്. സിഡ്‌നിയില്‍ ജയിക്കാനായില്ലെങ്കില്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന സൂചനകളും ഇന്ത്യന്‍ ക്യാംപില്‍ നിന്ന് വരുന്നുണ്ട്.
ക്യാപ്റ്റന്‍സി മോഹങ്ങള്‍ കാണിക്കുന്ന കളിക്കാരന്, ടീമിലെ ചില യുവ താരങ്ങളുടെ കഴിവില്‍ അത്ര മതിപ്പില്ല. ടീം മാനേജ്‌മെന്റിനെ സമീപിച്ച സീനിയര്‍ താരം ആരെന്ന് ഇതുവരെ അറിവായിട്ടില്ലെങ്കിലും ടീമിലെ സീനിയര്‍മാരില്‍ ഒരാളാണ് താരം എന്നാണ് അറിയുന്നത്. എന്നിരുന്നാലും, ടീമില്‍ വിരലിലെണ്ണാവുന്ന മുതിര്‍ന്ന അംഗങ്ങള്‍ മാത്രമേയുള്ളൂ. രോഹിത് ഇതിനകം നായകനായതിനാല്‍, സീനിയര്‍മാരില്‍ വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര രവീന്ദ്ര ജഡേജ എന്നിവരാണ് ചര്‍ച്ചകളില്‍.
അതേ സമയം രോഹിതിന് സമാനമായി വിരാട് കോലിയും പരമ്പരയില്‍ ഉടനീളം മോശം പ്രകടനം പുറത്തെടുത്തതില്‍ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. ഇരുവരും വിരമിച്ച് യുവതലമുറയ്ക്കായി വഴിമാറണമെന്ന ആവശ്യവുമായി മുന്‍ താരങ്ങളടക്കം രംഗത്ത് വന്നിരുന്നു. ബാറ്റിങ്ങിനു പുറമേ രോഹിതിന്റെ ക്യാപ്റ്റന്‍സിക്കെതിരെയും ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. അഞ്ചാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനില്‍നിന്ന് രോഹിത് മാറിനിന്നേക്കുമെന്നും റിപ്പോര്‍്ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍ പെര്‍ത്ത് ടെസ്റ്റിന് സമാനമായി ബുമ്രയ്ക്ക് സിഡ്‌നിയിലും ഇന്ത്യയെ നയിക്കാനാകും.
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ വിരാട് കോലിക്കും രോഹിത് ശര്‍മ്മകും കനത്ത തിരിച്ചടി. വിരാട് കോലി ആദ്യ 20ല്‍ നിന്ന് പുറത്തായി 24ാം സ്ഥാനത്തേക്ക് വീണപ്പോള്‍ രോഹിത് ശര്‍മ അഞ്ച് സ്ഥാനം നഷ്ടപ്പെടുത്തി നാല്‍പതാം സ്ഥാനത്തേക്ക് വീണു.
അതേ സമയം പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് ഗൗതം ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയതായി ഇന്ത്യന്‍ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഡ്രസ്സിംഗ് റൂമില്‍ നടന്ന ചര്‍ച്ചയിലാണ്, സീനിയര്‍ താരങ്ങളെക്കൊണ്ട് തനിക്ക് മതിയായെന്ന വാക്കുകള്‍ ഗംഭീര്‍ പ്രയോഗിച്ചത്. ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും സാഹചര്യം മനസിലാക്കി കളിക്കാനോ ഗെയിം പ്ലാനിന് അനുസരിച്ച് കളിക്കാനോ പലരും തയാറാവുന്നില്ലെന്നും സ്വാഭിവക കളിയെന്ന പേരില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പലരും കളിക്കുന്നതെന്നും ഗംഭീര്‍ കുറ്റപ്പെടുത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തില്‍ ബാറ്റുവെച്ച് പുറത്താകുന്ന വിരാട് കോലിയുടെയും പ്രകടനത്തിലും ഗൗതം ഗംഭീര്‍ തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ട്.