അപ്രതീക്ഷിതമായി സാം കോണ്‍സ്റ്റാസിനെ വഴിയില്‍ കണ്ടു; സെല്‍ഫിയെടുക്കാന്‍ ആരാധകന്‍ ഇറങ്ങിയോടിയത് കാറിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടാതെ; ട്രാഫിക് സിഗ്‌നലിന് സമീപം മറ്റൊരു വാഹനത്തിന് പിന്നിലിടിച്ച് കാര്‍; വീഡിയോ വൈറലാകുന്നു

മുന്നില്‍ സാം കോണ്‍സ്റ്റാസ്, ആരാധകന്റെ അശ്രദ്ധ വരുത്തി വച്ച കാറപകടം

Update: 2025-01-16 11:49 GMT

മെല്‍ബണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിലെ മിന്നും പ്രകടനത്തിലൂടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ആരാധകരെ സാം കോണ്‍സ്റ്റാസ് അമ്പരപ്പിച്ചിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് എതിരെ അടക്കം മികച്ച പ്രകടനം പുറത്തെടുത്ത യുവതാരം ഓസ്‌ട്രേലിയുടെ ഭാവി താരമായി വിലയിരുത്തപ്പെടുകയും ചെയ്തു.

അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയതിനൊപ്പം ജസ്പ്രീത് ബുമ്രക്കെതിരെ റിവേഴ്‌സ് സ്‌കൂപ്പിലൂടെ പോലും ബൗണ്ടറിയടിച്ചും ഒട്ടേറെ ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. പിന്നാലെ വിരാട് കോലിയുമായുള്ള കൂട്ടിയിടിയുടെ പേരിലും ജസ്പ്രീത് ബുമ്രയുമായി കൊമ്പു കോര്‍ത്തതിന്റെ പേരിലുമെല്ലാം ഓസ്‌ട്രേലിയന്‍ ആരാധകരുടെ ഇഷ്ടതാരമായി.

വെറും രണ്ട് ടെസ്റ്റുകള്‍ മാത്രമെ കളിച്ചുള്ളുവെങ്കിലും ഓസീസ് ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമായാണ് 19കാരനായ കോണ്‍സ്റ്റാസ് വിലയിരുത്തപ്പെടുന്നത്. ഓസേട്രേലിയയില്‍ കോണ്‍സ്റ്റാസിന്റെ താരമൂല്യം ഉയര്‍ന്നതിന്റെ തെളിവായി കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തുവന്നിരുന്നു.ഓസ്‌ട്രേലിയയിലെ നിരത്തിലൂടെ ട്രോളി ബാഗും വലിച്ച് നടന്നു പോകുകായിരുന്ന കോണ്‍സ്റ്റാസിനെ കാറില്‍ ഡ്രൈവ് ചെയ്തു പോകുന്ന ഒരു ആരാധകന്‍ കാണുന്നതാണ് വീഡിയോ.

അപ്രതീക്ഷിതമായി കോണ്‍സ്റ്റാസിനെ കണ്ട ആരാധകന്‍ പെട്ടെന്ന് വെട്ടിത്തിരിച്ച് ട്രാഫിക് സിഗ്‌നലിന് അടുത്ത് കാര്‍ നിര്‍ത്തി. എന്നിട്ട് കോണ്‍സ്റ്റാസിന് അടുത്തേക്ക് സെല്‍ഫിയെടുക്കാനായി റോഡ് മുറിച്ചുകടന്ന് ഓടി. എന്നാല്‍ കാര്‍ നിര്‍ത്തി ഇറങ്ങി ഓടുന്നതിനിടക്ക് ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതോടെ കാര്‍ പതുക്കെ ഉരുണ്ട് നീങ്ങി നേരെ എതിര്‍ദിശയില്‍ സിഗ്‌നല്‍ കാത്തു കിടന്ന കാറില്‍ ഇടിച്ചു. കോണ്‍സ്റ്റാസിനൊപ്പമുല്‌ള സെല്‍ഫി വേണോ കാര്‍ നിര്‍ത്തണോ എന്ന് ഒരു നിമിഷം സംശയിച്ച ആരാധകന്‍ കാര്‍ നിര്‍ത്താനായി ഓടിയെത്തിയെങ്കിലും അതിന് മുമ്പെ കൂട്ടിയിടി നടന്നിരുന്നു.

ഓസ്‌ട്രേലിയയിലെ ആഭ്യന്തര ട്വന്റി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടേഴ്‌സിന്റെ താരമാണ് ഈ പത്തൊന്‍പതുകാരന്‍. കഴിഞ്ഞ ദിവസം പരിശീലനത്തിനായി ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് ആരാധകന്‍ കാര്‍ നിര്‍ത്തി സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ചത്. സിഡ്‌നി ക്രിക്കറ്റ് സെന്‍ട്രലിലെ കാര്‍ പാര്‍ക്കിങ്ങിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം.

സാം കോണ്‍സ്റ്റാസ് നടന്നുനീങ്ങുന്നതിനിടെ അതുവഴി വന്ന കാര്‍ ഡ്രൈവര്‍ താരത്തെ തിരിച്ചറിഞ്ഞു. ഉടന്‍തന്നെ വണ്ടി റോഡരികില്‍ ഒതുക്കി സെല്‍ഫിയെടുക്കാനായി ചാടിയിറങ്ങുകയായിരുന്നു. ഇതിനിടെ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതോടെ വാഹനം പതുക്കെ മുന്നോട്ടുനീങ്ങി. അപകടം മനസ്സിലാക്കി ആരാധകന്‍ ഓടിയെത്തിയെങ്കിലും, അപ്പോഴേക്കും തൊട്ടുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ ഇടിച്ച് കാര്‍ നിന്നു. അപകടവുമായി ബന്ധപ്പെട്ടവരുടെ 'അനുമതിയോടെ' എന്ന വാചകം സഹിതം, സിഡ്‌നി തണ്ടേഴ്‌സാണ് വിഡിയോ പുറത്തുവിട്ടത്.

Tags:    

Similar News