'ഒരുപക്ഷേ, അതൊരു പ്രണയമായി വളരുമായിരുന്നു; പക്ഷേ, എല്ലാം വളരെ പെട്ടെന്ന് അവസാനിച്ചു': ഹാര്‍ദിക് പാണ്ഡ്യയുമായി അടുപ്പത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി ഇഷ ഗുപ്ത
ഹാര്‍ദിക് പാണ്ഡ്യയുമായി അടുപ്പത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി ഇഷ ഗുപ്ത
ന്യൂഡല്‍ഹി: നതാഷയുമായി പിരിഞ്ഞശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ ഡേറ്റിങ് ലൈഫും പ്രണയവുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ്. ഹാര്‍ദിക് പാണ്ഡ്യയുമായി ഇടക്കാലത്ത് ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഇഷ ഗുപ്ത. കുറച്ചുകാലം പരസ്പരം സ്ഥിരമായി സംസാരിച്ചിരുന്നതായി ഇഷ ഗുപ്ത വെളിപ്പെടുത്തി. എന്നാല്‍ അതൊരിക്കലും ഗൗരവമുള്ള ബന്ധത്തിലേക്ക് വളര്‍ന്നില്ലെന്നും അതിനു മുന്‍പേ എല്ലാം അവസാനിച്ചെന്നും നടി വിശദീകരിച്ചു. സിദ്ധാര്‍ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ്, ഹാര്‍ദിക് പാണ്ഡ്യയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഇഷ ഗുപ്തയുടെ വെളിപ്പെടുത്തല്‍.
''അത് സത്യമാണ്. കുറച്ചുകാലം ഞങ്ങള്‍ പരസ്പരം അടുപ്പത്തിലായിരുന്നു. പക്ഷേ, ഡേറ്റിങ് എന്നു പറയാവുന്ന തലത്തിലേക്ക് ആ ബന്ധം എത്തിയില്ല. ഏതാനും മാസങ്ങള്‍ സ്ഥിരമായി പരസ്പരം സംസാരിച്ചിരുന്ന ഒരു ബന്ധമായിരുന്നു അത്' ഇഷ ഗുപ്ത പറഞ്ഞു.
''ചിലപ്പോള്‍ മുന്നോട്ടു പോകാം, അല്ലെങ്കില്‍ അവസാനിച്ചേക്കാം എന്ന തരത്തിലുള്ള ബന്ധമായിരുന്നു. ഡേറ്റിങ് ഘട്ടത്തിലേക്കൊക്കെ എത്തുന്നതിനു മുന്‍പേ അത് അവസാനിച്ചു. അതുകൊണ്ട് ഡേറ്റിങ് എന്നു പറയാനും കഴിയില്ല. ഒന്നോ രണ്ടോ തവണ ഞങ്ങള്‍ പരസ്പരം കണ്ടിരുന്നു. അത്രേയുള്ളൂ. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഏതാനും മാസങ്ങള്‍ മാത്രം നീണ്ട ഒരു അടുപ്പം' ഇഷ ഗുപ്ത വിവരിച്ചു.
പരസ്പരം ഇഷ്ടത്തിലാകാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്ന അടുപ്പമാണ് ഹാര്‍ദിക് പാണ്ഡ്യയുമായി ഉണ്ടായിരുന്നതെന്നും, എന്നാല്‍ സംഭവിച്ചത് മറിച്ചാണെന്നും ഇഷ ഗുപ്ത പറഞ്ഞു. വളരെ വേഗത്തിലാണ് ഈ ബന്ധം അവസാനിച്ചതെന്നും ഇഷ പറഞ്ഞു.
''ഒരുപക്ഷേ, അതൊരു പ്രണയമായി വളരുമായിരുന്നു. പക്ഷേ, എല്ലാം വളരെ പെട്ടെന്ന് അവസാനിച്ചു. പ്രത്യേകിച്ച് നാടകീയതകളോ കയ്‌പേറിയ അനുഭവങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയൊരു ബന്ധം ഒരുപക്ഷേ വിധിച്ചിട്ടുണ്ടാകില്ലെന്ന് കരുതാം.' ഇഷ ഗുപ്ത പറഞ്ഞു.
മുന്‍പ് കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലെ ഹാര്‍ദിക്കിന്റെ അഭിപ്രായവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും ഇഷ പ്രതികരിച്ചു. തങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ബന്ധമില്ലാത്തതിനാല്‍ അത് തന്നെ ബാധിക്കുന്നില്ലെന്ന് ഇഷ വ്യക്തമാക്കി. 2019 ല്‍ സംപ്രേഷണം ചെയ്ത എപ്പിസോഡിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
തനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ഷോയില്‍ ഹാര്‍ദിക് തുറന്നു സമ്മതിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും ഒരുമിച്ചാണ് ഷോയില്‍ പങ്കെടുത്തത്. ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വലിയ വിവാദത്തിന് തിരികൊളുത്തുകയും ഇരുവര്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു. സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളുടെ പേരില്‍ പരസ്യമായി അതിനെ വിമര്‍ശിച്ച ചുരുക്കം ചില സെലിബ്രിറ്റികളില്‍ ഒരാളായിരുന്നു ഇഷ.